നാസയെ ഫൂളാക്കിയേ!

മാർക്കും സ്കോട്ടും. മാർക്ക് മീശ കളയുന്നതിനു മുൻപുള്ള ചിത്രം

ദാ നിൽക്കുന്നു ബഹിരാകാശത്തേക്കു പോയ സ്കോട്ട് കെല്ലി! കസഖ്സ്ഥാനിലെ വിക്ഷേപണത്തറയിൽനിന്ന് സോയുസ് പേടകം കുതിച്ചുയർന്ന് മിനിറ്റുകൾക്കുള്ളിൽ ഇൗ മനുഷ്യനെങ്ങനെ തിരിച്ചുവന്നു! സ്കോട്ടിന്റെ ഇരട്ടസഹോദരനൊപ്പിച്ച വിഡ്ഢിദിന തമാശയിൽ നാസ അഡ്മിനിസ്ട്രേറ്റർ ചാൾസ് ബോൾഡന് ഹൃദയാഘാതം വരാതിരുന്നതു ഭാഗ്യം. ബഹിരാകാശയാത്രികരായ സർവസമ ഇരട്ടകളാണു മാർക്ക് കെല്ലിയും സ്കോട്ട് കെല്ലിയും.

സ്കോട്ടിന്റേത് ക്ലീൻ ഷേവ് ചെയ്തമുഖം. തലയിൽ ഒരു മുടിനാരു പോലുമില്ല. ആറു മിനിറ്റിനു മൂത്ത മാർക്ക് കെല്ലിയെ തിരിച്ചറിയാനുള്ള ഏക അടയാളം മീശയും മുടിയുമാണ്. അതു കൂടി കളഞ്ഞാൽ കാഴ്ചക്കാർക്കു വട്ടാകും. അതു മുതലാക്കി വിഡ്ഢിദിനമെത്തും മുന്നേ മാർക്ക് നാസയെത്തന്നെ ഫൂളാക്കി!

രാജ്യാന്തര ബഹിരാകാശനിലയത്തിൽ സ്കോട്ട് കെല്ലിയുടേത് വേറിട്ട ഒരു വർഷ ദൗത്യമാണ്. നാസയിൽനിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണു മാർക്ക്. ഭൂമിയിലുള്ള മാർക്കിന്റെയും ബഹിരാകാശത്തുള്ള സ്കോട്ടിന്റെയും മാനസിക, ശാരീരിക അവസ്ഥകൾ നിരീക്ഷിച്ച് മനുഷ്യമനസ്സിനെയും ശരീരത്തെയും ബഹിരാകാശ ജീവിതം എങ്ങനെ സ്വാധീനിക്കുന്നുവെന്നു കണ്ടെത്താനാണു ശ്രമം