എത്ര മനോഹരമായ ആചാരങ്ങൾ!

ഒരു ദിവസം നിങ്ങൾക്ക് എത്ര പേർക്ക് കൈകൊടുക്കാനാകും? എത്ര പ്രാവശ്യം പുഞ്ചിരിക്കാനാകും? എത്ര നേരം കോട്ടിട്ടു വിയർക്കാനാകും? ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കിട്ടുന്ന ദിവസമാണ് വിവാഹദിനം. ഒടുവിൽ അർധ പ്രാണനായി മണിയറയിൽ എത്തുമ്പോൾ പെണ്ണും ചെറുക്കനും ഒരേസ്വരത്തിൽ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അഭ്ഭുതമുള്ളൂ- എത്ര മനോഹരമായ ആചാരങ്ങൾ! നാട്ടിലായാലും മറുനാട്ടിലായാലും നാട്ടുനടപ്പുകളിൽ അണുവിട മാറ്റം പാടില്ലെന്നു ശഠിക്കുന്ന മലയാളികളേറെ. ഇതിനിടയിൽപ്പെട്ട് ശ്വാസംമുട്ടുന്നവർ അതൊന്നും പുറത്തുകാണിക്കാറുമില്ല.

തുടക്കം ക്ഷണത്തിൽ

കല്യാണം ക്ഷണിക്കുന്നതുതന്നെ ഒരു സാഹസിക യജ്ഞമാണ്. എന്നും കാണുന്നവരെയായാലും വീട്ടിൽ വന്നു ക്ഷണിക്കണമെന്ന് നിർബന്ധമുള്ളവരേറെ. നാട്ടിലെ രീതികളൊക്ക അതേപടി പായിക്കണമെന്നു പിടിവാശിയുള്ളവർ. ഫ്ളാറ്റുകൾ മുഴുവൻ കയറിയിറങ്ങുമ്പോൾ അന്നു വരെ ചെയ്ത പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമായെന്നു രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തും. ചെല്ലുന്നിടത്ത് ലിഫ്റ്റുണ്ടെങ്കിൽ അതു മുജ്ജൻമ സുകൃതമായി കണക്കാക്കും. ഒരു ദിവസം അഞ്ചു വീട് എന്ന കണക്കിലൊക്കെയാണ് പലരും ഇതു മാനേജ് ചെയ്യുക. വാഹനമെടുത്തുപോയാൽ സൗകര്യമാകും (പെട്രോളിന്റെ കാശ്ഗോപി).

സ്ത്രീ തന്നെ ധന

പാരമ്പര്യവാദികളെങ്കിലും സ്ത്രീധനം എന്ന വാക്ക് മറുനാട്ടിലെ മലയാളികൾക്ക് അത്ര പഥ്യമല്ല. സ്ത്രീ തന്നെ ധനമെന്ന മട്ട്. എന്തെങ്കിലും സാമ്പത്തിക വിനിമയം നടക്കുന്നുണ്ടാ എന്നറിയണമെങ്കിൽ പള്ളികളിൽ തിരക്കണം. പള്ളിക്കുള്ള വിഹിതം കെട്ടുന്നത് ചെറുക്കനാന്നെങ്കിൽ 10,000 പെണ്ണാണെങ്കിൽ കൂടുന്നതെങ്ങനെ എന്ന് ചോദിച്ചവർക്ക് അച്ചൻതന്നെ മറുപടി നൽകിയത്രെ.

ഇന്നാണ് കല്യാണം

സ്വപ്നം കണ്ട വിവാഹദിനമെത്തുന്നു. രവിലെ എന്തെങ്കിലും കഴിച്ചാലായി ഇല്ലെങ്കിലായി. ആദ്യമായി കല്യാണം കഴിക്കുന്നവരായതിനാൽ പലർക്കും ടെൻഷനിൽ ഒന്നും കഴിക്കാൻതോന്നുകയുമില്ല. കെട്ടു കഴിഞ്ഞ് റിസപ്ഷൻ എന്നൊരു കടമ്പയുണ്ട്. മൈക്ക് കൈയിലെടുത്ത് സകലരേയും തന്റെ താളത്തിനു തുള്ളിക്കുന്ന ഹോസ്റ്റ് എന്ന ഭീകരനെയാണ് ഇവിടെ നേരിടേണ്ടി വരിക.

യുവമിഥുനങ്ങളുടെ കാര്യം പോട്ടെ. പ്രായമായ അപ്പച്ചനും അമ്മച്ചിയുമൊക്കെ കൈകോർത്ത് ഡാൻസ് ചെയ്യണമെന്നു നിർബന്ധം പിടിക്കുന്ന ഹോസ്റ്റുകളുണ്ട്. ഗോവക്കാരനായ ഹോസ്റ്റിന്റെ നിർദേശാനുസരണം ഡിജെ മരിയ പിതാഷെ.. പ്ലേ ചെയ്യുമ്പോൾ വെറും പച്ചയ്ക്ക് ഡാൻസോ എന്ന മട്ടിൽ അന്തം വിട്ടുനിൽക്കുന്ന അപ്പൻമാരുടെ ദയനീയസ്ഥിതി കണ്ണുനനയിക്കുന്ന കാഴ്ചയാണ്. മറ്റു നിവർത്തിയില്ലാത്തതിനാൽ പെമ്പറന്നോരുടെ കൈയും പിടിച്ച് ഒരോട്ട പ്രദക്ഷിണം കഴിഞ്ഞ് കിതയ്ക്കുന്നവരെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന ഹോസ്റ്റ്.

പട്ടിണി തന്നെ മിച്ചം

ഡാൻസിനും പാട്ടിനുമിടയിൽ അതിഥികൾക്ക് സ്റ്റാർട്ടറുകൾ എത്തും. വധുവരൻമാർ മിക്കവാറും പട്ടിണി തന്നെ. കേക്ക് കട്ടു ചെയ്തപ്പോൾ വായിൽ കിട്ടിയത് മാത്രമാകും പലപ്പോഴും ആകെ കിട്ടുക. ഇനി വധൂവരൻമാരെ അനുമോദിക്കാനുള്ള അവസരമാണ് സമ്മാനങ്ങൾ നൽകാനും കൈകൊടുത്ത് കൈകൊടുത്ത് ഉൗപ്പാട് തീരും അതിഥികൾക്ക് ഭക്ഷണം കഴിച്ചശേഷവും വിഷ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. വധുവരൻമാർക്ക് പക്ഷേ ഓടിപ്പോകാൻപോലും വഴി കാണില്ല. ക്യൂവിന്റെ അറ്റം കണ്ടാൽ തലകറങ്ങും എന്നതു കൊണ്ട് അങ്ങോട്ട് നോക്കാത്തവരുണ്ട്. ആദ്യത്തെ കുറെ കൈ കൊടുക്കലിനു പഞ്ചിരിക്കും ശേഷം ചെയ്യുന്നതെല്ലാം വെറും യാന്ത്രികമായി മാറും നാലായിരം അയ്യായിരം കൈകളൊക്കെ കൈകാര്യം ചെയ്യേണ്ടിവരുന്നവരുണ്ട്. രാഷ്ട്രീയക്കാരെ നമിച്ചുപോകുന്ന നിമിഷങ്ങൾ. ചിരിയുടെ വോൾട്ടേജ് അവസാനം വരെ നിലനിർത്തുന്ന വരും ഉണ്ട്. ഷോക്കേറ്റപോലെയായിരിക്കും മുഖമെന്നു മാത്രം.

വെറൈറ്റിയെക്കൊണ്ട് തോറ്റു

എല്ലാത്തിലും വെറൈറ്റി വേണമെന്ന് നിർബന്ധമുള്ളവർ കല്യാണങ്ങളിലും വെറൈറ്റി പരീക്ഷിക്കും. സാധാരണ വരനും വധുവിനും സഞ്ചരിക്കുന്ന കല്യാണവാഹനങ്ങളിൽ വധൂവരൻമാരുടെ പേരാണ് ഉണ്ടാവുകയെങ്കിൽ ഫെയ്സ്ബുക്ക്, വാട്സ്ആപ് യുഗത്തിൽ ഇതിനും മാറ്റങ്ങൾ കണ്ടുതുടങ്ങി.

സാമൂഹികമാധ്യമങ്ങളിലെ കിടിലൻ തമാശകൾ വണ്ടിയുടെ പിന്നിൽ പതിക്കുന്നതാണ് ഒരു ട്രെൻഡ്. സിനിമാഗാനശകലങ്ങളും പഞ്ച് ഡയലോഗുകളും തെർമോകോളിൽ തയാറാക്കി പതിക്കുന്നവരുണ്ട്. ഒടുക്കം മാമന്റെ മോളെ തന്നെ കെട്ടേണ്ടി വന്നു എന്നും ഫെയ്സ്ബുക്കും വാട്സ്ആപ്പും കാരണം ഒത്തുവന്ന ബന്ധമാണ് എന്നൊക്കെ വിവാഹവാഹനത്തിൽ പതിക്കുന്ന രസികരെ കാണാം. പത്രങ്ങളുടെ എഡിഷനുകളിലെ വ്യത്യാസം പോലെ അന്തരമുള്ള കല്യാണക്കാർഡുകൾ അടിക്കുന്നവരുമുണ്ട്.

തിരക്കു ക്രമീകരിക്കാൻ മൂന്നുതരം കാർഡ് അടിച്ച ഒരു കഥ ഇങ്ങനെയാണ്. ചിലർക്ക് വീട്ടിലേക്കു ക്ഷണം, കുറച്ചു പേർക്ക് കെട്ടുനടക്കുന്ന ഇടത്തേക്കു ക്ഷണം, അതുകഴിഞ്ഞ് വലിയ ഒരു വിഭാഗത്തിന് റിസപ്ഷൻ ഹാളിലേക്കു ക്ഷണം. ആരെയും ഒഴിവാക്കാനും വയ്യ എല്ലാവരെയും എല്ലായിടത്തും ഉൾക്കൊള്ളാനും വയ്യ എന്നു വന്നാൽ എന്തു ചെയ്യും?

ഫോട്ടോ ദാ പിടിച്ചോ ഫോട്ടോ നൽകുന്നത്

അതിഥികളെ സന്തോഷിപ്പിക്കുന്നതിൽ ഏതറ്റംവരെയും പോകാം എന്നു കരുതുന്നവരുമുണ്ട്. വധൂവരൻമാരെ അനുമോദിച്ച് ഒരുമിച്ച് ഫോട്ടോയ്ക്കും പോാസ് ചെയ്ത് ഇറങ്ങുന്നവർക്ക് തഴെ ആ ഫോട്ടോ കവറിൽ ആക്കി ലഭിക്കുമെങ്കിൽ അതിൽപരം സന്തോഷം ഉണ്ടോ. ഇൻസ്റ്റന്റ് ഫോട്ടോ സൗകര്യം ഒരുക്കിയാണ് വിവാഹത്തിൽ പങ്കെടുത്ത കുടുംബങ്ങൾക്കെല്ലാം ഇങ്ങനെ ഫോട്ടോ നൽകുന്നത്

ഇനിയൊരു കൂട്ടരുണ്ട്, വിവാഹത്തിനു ക്ഷണക്കത്തൊക്കെയുണ്ട്. കല്യാണം നാട്ടിലാണ് വരണം (ലീവെടുത്ത് സ്വന്തം കാശിൽ വേണം വരാൻ). വിവാഹത്തിനു ക്ഷണിച്ചാൽ വരില്ല എന്ന മറുപടി നൽകുന്ന ശീലം ഇല്ലാത്തതിനാൽ മറുപടി വെറുതെ തലയാട്ടലിൽ ഒതുക്കാം. എന്തെങ്കിലും ഒഴികഴിവുപറയാമെന്നു വച്ചാൽ അല്ലെങ്കിലും നീ കാശുമുടക്കി വരില്ലെന്ന് എനിക്കറിയാമെടോ എന്ന ഭാവം ആ മുഖത്തുണ്ടോ എന്ന സംശയം കൊണ്ട് പലരും മുഖത്ത് ഇന്നസെന്റ് വരുത്തും-വരാം..വരാട്ടോ..വരാന്നേയ്!