ജീവിച്ചത് കോടീശ്വരനായി; ഓൾഡ് ഏജ് ഹോമിൽ മരണം

ലോകത്തിലെ ഏറ്റവും വലിയ എണ്ണവ്യാപാരി, വെള്ളി ബിസിനസുകാരൻ, പന്തയത്തിൽ പങ്കെടുക്കുന്ന ആയിരം കുതിരകൾ സ്വന്തമായുണ്ടായിരുന്നയാൾ... അമേരിക്കക്കാരനായ നെൽസൻ ബങ്കർ ഹണ്ടിനെക്കുറിച്ചുള്ള വിശേഷണം ഇതൊക്കെയായിരുന്നു. അറബിക്കഥയിലെ രാജാവിനെപ്പോലെ സമ്പന്നനായിരുന്ന അദ്ദേഹത്തിന്റെ സ്വത്തെല്ലാം ഒരിക്കൽ നശിച്ചു. പിന്നെ കാൻസർ ബാധിതനായി. കഴിഞ്ഞ ചൊവ്വാഴ്ച ഒക്ടോബർ 21-ാം തീയതി ഒരു ഓൾഡ് ഏജ് ഹോമിൽ കിടന്ന് അദ്ദേഹം മരിച്ചു. വിശ്വസിക്കാൻ പ്രയാസം തോന്നുന്നു അല്ലേ. പക്ഷേ ദൈവത്തിന്റെ വികൃതിയെന്നോ ചരിത്ര സത്യം എന്നോ ഒക്കെ ഇതിനെ പറയാം.

എണ്ണ വ്യാപാരിയായിരുന്നു ഹണ്ടിന്റെ പിതാവ്. രണ്ടാം ലോക മഹായുദ്ധത്തിൽ നാവിക സേനയിൽ സേവനം ചെയ്ത ശേഷമാണ് ഹണ്ട് ഡിഗ്രി പഠനത്തിനായി ചേർന്നത്. പിന്നീട് സഹോദരന്മാർക്കൊപ്പം പിതാവിന്റെ ബിസിനസിലേക്കു കടന്നു. പിന്നെ സ്വയം ബിസിനസ് തുടങ്ങി. എണ്ണവ്യാപാരം ചെയ്താണു ഹണ്ട് ശത കോടീശ്വരനായത്. 1970കളിലായിരുന്നു സുവർണ കാലഘട്ടം. എണ്ണ കൂടാതെ റിയൽ എസ്റ്റേറ്റ്, ഓയിൽ, ഗ്യാസ്, കൽക്കരി, കന്നുകാലി തുടങ്ങി സകല മേഖലകളിലും വെന്നിക്കൊടി പാറിച്ചു. അപ്പോഴാണു വെള്ളി ബിസിനസ് രംഗത്തേക്ക് ഇറങ്ങിയാലോ എന്നാലോചിച്ചത്. 1980കളുടെ തുടക്കമായിരുന്നു അത്.

സഹോദരൻമാരായ ഹെർബർട്ട്, ലാൻമർ എന്നിവർക്കൊപ്പമായിരുന്നു വെള്ളി ബിസിനസ് തുടങ്ങിയത്. പക്ഷേ കച്ചവടം വിചാരിച്ചതു പോലെ മുന്നേറിയില്ല. എന്നു മാത്രമല്ല വമ്പിച്ച നഷ്ടവും വന്നു. വെള്ളിയുടെ വില അഞ്ചിരട്ടിയിലധികം കുറഞ്ഞു. മുടക്കു മുതൽ എല്ലാം നഷ്ടപ്പെട്ടു. ബാങ്ക് പാപ്പരായി പ്രഖ്യാപിച്ചു. കടക്കാരുടെ ബഹളം. നഷ്ടപരിഹാരം, പിഴ തുടങ്ങിയവയ്ക്കെതിരെ വർഷങ്ങൾ നീണ്ട നിയമയുദ്ധം.

റിയൽ എസ്റ്റേറ്റ്, ഓയിൽ, ഗ്യാസ്, കൽക്കരി, കന്നുകാലി തുടങ്ങി പല മേഖലകളിലൂടെ കിട്ടിയ സമ്പത്തു മുഴുവൻ മുടക്കിയിട്ടും കടം തീർന്നില്ല. അങ്ങനെ കിടപ്പാടം വരെ വിറ്റ് ടെക്സാസിലെ ഒരു ഓൾഡ് ഏജ് ഹോമിലേക്കു താമസം മാറ്റി. കാൻസർ ബാധിതനായി 88-ാം വയസിൽ അന്ത്യം.