റേറ്റ് ചോദിച്ച യുവാവിന് മോഡലിന്റെ വക എട്ടിന്റെ പണി

രാത്രിനേരം ബാന്ദ്രയിലെ പൊതുസ്ഥലത്തു മോഡലിനെ കണ്ട് ആവേശംമൂത്ത രണ്ടു ചെറുപ്പക്കാർ അവളെ കോൾ ഗേൾ എന്നു തെറ്റിദ്ധരിച്ചാൽ എങ്ങനെയിരിക്കും? തെറ്റിദ്ധരിച്ചതു പോട്ടെ, ആ വിശ്വാസത്തിൽ ശല്യംചെയ്യാനുംകൂടി തുടങ്ങിയാലോ? തീർച്ചയായും കളി മാറും!

ഹരിയാനയിൽനിന്നുള്ള ദിനേഷ് യാദവ്, അമിത് യാദവ് എന്നീ ബോക്സിങ്ങുകാരാണ് പൂർണിമ ബേൽ എന്ന മോഡലിന്റെ ധീരമായ നീക്കങ്ങൾക്കൊടുവിൽ ലോക്കപ്പിലായത്. രാത്രി 10.30ന് തിരക്കുള്ള നഗരമധ്യത്തിലെ ബഞ്ചിലിരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന പൂർണിമയ്ക്കടുത്തേക്ക് അശ്ലീല കമന്റുകളുമായി ചെറുപ്പക്കാരെത്തി. അവർ അടുത്തിരിക്കുകയും സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ മോഡൽ നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടാ‌ൻ ശ്രമിച്ചു. പക്ഷേ പതിനഞ്ചോളം പേർ അവിടെയുണ്ടായിരുന്നിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് പൂർണിമ പറയുന്നു. ഇതിനിടെ ചെറുപ്പക്കാർ ഒരു ഓട്ടോ വിളിച്ച് സ്ഥലംവിട്ടു.

പൂർണിമയാകട്ടെ, ബാന്ദ്ര പൊലീസിനെ വിവരമറിയിച്ചശേഷം, വേറൊരു ഓട്ടോ വിളിച്ച് പിന്നാലെ പാഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. എന്നാൽ, അമിത് സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ദിനേഷിനെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകി വിട്ടയച്ചു. മ്യൂസിക് വിഡിയോകളിൽ മുഖംകാണിച്ചിട്ടുള്ള പൂർണിമ ബേൽ യുപി സർക്കാരിനുവേണ്ടി പരസ്യചിത്രങ്ങളും നിർമിച്ചിട്ടുണ്ട്.