സോഷ്യൽ മീഡിയയില്‍ ഹിറ്റായി എംപിയുടെ ഗണ്ണം സ്റ്റൈൽ ഡാന്‍സ്

കാക്കിക്കുള്ളിലെ കലാഹൃദയം എന്നൊക്കെ കേട്ടിട്ടില്ലേ.? അതുപോലെ ഇവിടെ ഒരു രാഷ്ട്രീയക്കാരന്റെയുള്ളിലെ കലാഹൃദയം കണ്ടു പകച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. മറ്റൊന്നുമല്ല കൊറിയന്‍ പോപ് ഗായകൻ സൈയുടെ ഹിറ്റുഗാനം ഗണ്ണം സ്റ്റൈലിനൊപ്പം ചുവടുകൾ വച്ചാണ് എംപി താരമായത്. പേടിക്കേണ്ട കേരളത്തില‌െ എംപിമാർ ആരുമല്ല ആ കടുംകൈ ചെയ്തത്. അങ്ങ് തെലുങ്കാനയിലെ ടിഡിപി പാർട്ടി നേതാവും എംപിയുമായ മല്ല റെഡ്ഡിയാണ് ഗണ്ണം സ്റ്റൈലിനൊപ്പം ആടിത്തിമിർക്കുന്നത്.

ഹൈദരാബാദിലെ ഒരു കോളേജിൽ ഇക്കഴിഞ്ഞ ഒക്ടോബർ പതിനൊന്നിനു നടന്ന പരിപാടിയ്ക്കിടെയാണ് അറുപത്തിരണ്ടുകാരനായ എംപിയുടെ നൃത്തം. പ്രായമൊന്നും മല്ലറെഡ്ഡിയെ ബാധിച്ച മട്ടില്ല, കോളേജ് വിദ്യാർഥികൾക്കൊപ്പം ആസ്വദിച്ചു തന്നെ കളിക്കുകയാണ് അദ്ദേഹം. കുട്ടികളുടെ ആഹാളാദാരാവങ്ങൾക്കൊപ്പം സാക്ഷാൽ സൈ പ്രശസ്തമാക്കിയ ചുവടുകൾ തന്നെയാണ് മല്ല റെഡ്ഡിയും ചെയ്യുന്നത്. എന്തായാലും എംപിയുടെ മതിമറന്നുള്ള ഗണ്ണംസ്റ്റൈൽ നൃത്തം ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പു ചൂടിനൊപ്പം പരക്കുകയാണ് എംപിയുടെ കിടിലൻ ഡാൻസും.