ആ കുഞ്ഞിന്റെ തലയെങ്കിലും ഒന്ന് ശരിക്കൂ പിടിക്കൂ... കുഞ്ഞിനേക്കാൾ വലുത് സെൽഫിയോ?

അമ്മയെ തല്ലിയാലും അഞ്ചഭിപ്രായം എന്നു പറഞ്ഞതുപോലെയാണ് സോഷ്യൽ മീഡിയയുടെ കാര്യം. തെറ്റായ ഒരു കാര്യം ചെയ്താൽ അതിനെ പിന്തുണയ്ക്കാൻ ഒരു വിഭാഗം കാണുമെന്നതുപോലെ തന്നെ നല്ലൊരു കാര്യം ചെയ്താൽ അതിനെ കുറ്റപ്പെടുത്താനും നിരവധി പേർ കാണും. ബ്രിസ്ബെയ്നിൽ നിന്നുള്ള ഫിറ്റ്നസ് ഗുരുവും മോഡലുമായ ചോൻടെൽ ഡങ്കൻ എന്ന യുവതിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയുടെ ഇരയായിരിക്കുന്നത്. മറ്റൊന്നുമല്ല, തന്റെ കുഞ്ഞിനൊപ്പമെടുത്ത ഒരു ഫോട്ടോയാണ് താരത്തെ വലച്ചത്. .പതിമൂന്നു ദിവസം പ്രായമുള്ള തന്റെ കുഞ്ഞിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോയാണ് ചോൻടെലിനു വിനയായത്.

ഒരു കയ്യിൽ ഫോണും മറുകയ്യിൽ കുഞ്ഞിനെയും വച്ച് ചോൻടെൽ കണ്ണാടിയ്ക്കു മുന്നില്‍ നിന്നെടുത്ത സെൽഫിയാണ് ചീത്തവിളികൾക്കു കാരണമായത്. കുഞ്ഞിനെ ചോന്‍ടെൽ പിടിച്ചിരിക്കുന്ന രീതി ശരിയല്ലെന്നും തല ശരിയാംവണ്ണം ഉറയ്ക്കാത്തെ കുഞ്ഞിനെ അശ്രദ്ധമായാണ് ചോൻടെൽ എടുത്തിരിക്കുന്നതെന്നും സെൽഫിയേക്കാൾ വലുതു കുഞ്ഞാണെന്നു മനസിലാക്കൂ, അവന്റെ തല ശരിയായി പിടിക്കൂ എന്നു തുടങ്ങി ചോൻടെലിനെ കുറ്റപ്പെടുത്തിയും ഉപദേശിച്ചും കമന്റുകളുടെ പ്രവാഹമായിരുന്നു. കുഞ്ഞിന്റെ തല ചോൻടെൽ ഉയർത്തി വച്ചാണ് ഫോട്ടോയെടുത്തതെന്ന രീതിയിലാണ് കമന്റുകൾ വന്നത്. എന്നാൽ ഇതൊന്നും ചോൻടെലിനെ തെല്ലും അലട്ടിയില്ലെന്നു മാത്രമല്ല വിമർശകർക്കായി അവർ നല്ല ചുട്ട മറുപടി തന്നെ നൽകുകയും ചെയ്തു. കുഞ്ഞ് അതിന്റെ തല സ്വയം ഉയർത്തിയ സമയത്താണ് താൻ ഫോട്ടോ ക്ലിക്ക് ചെയ്തതെന്നും നിമിഷങ്ങൾക്കകം തന്റെ നെഞ്ചിലേക്കു ചാഞ്ഞുവെന്നും ചോൻടെൽ പറഞ്ഞു. അതു വ്യക്തമാക്കുന്ന കുഞ്ഞിന്റെ തല തന്റെ തന്റെ നെഞ്ചിലേക്ക് ചാരിയുള്ള മറ്റൊരു ഫോട്ടോയും ചോന്‍ടെൽ പങ്കുവച്ചു.

ഫോട്ടോയ്ക്കു വേണ്ടി താൻ അങ്ങനെ ചെയ്തതല്ല നവജാതശിശുക്കൾക്ക് അവരുടെ തല ഉയർത്താനുള്ള കഴിവുണ്ട്. വിശ്വാസമുള്ളവർക്ക് വിശ്വസിക്കാം എന്നും ഇനി തന്റെ പേജ് ഇഷ്ടമില്ലാത്തവരാണെങ്കിൽ അൺഫോളോ ബട്ടൺ ക്ലിക്ക് ചെയ്തോളൂയെന്നും ചോൻടെൽ പറഞ്ഞു. വിമർശകരോളം തന്നെ ചോൻടെലിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. ഗർഭകാലത്തു വ്യായാമം ചെയ്തു സിക്സ് പാക് സൗന്ദര്യത്തിന്റെ ഫോട്ടോ പങ്കുവച്ചപ്പോഴും ചോൻടെലിനെ കുറ്റപ്പെ‌ടുത്തി ഒട്ടേറെ പേർ വന്നിരുന്നു.