ബർഗറും ടാബുമല്ല തോൾസഞ്ചിയാണ് പുതിയ ടെക്കി ചിഹ്നം

ചിത്രങ്ങൾക്കു കടപ്പാട് സഞ്ചിബാഗ്സ്.കോം

ഒരു വേണുനാഗവള്ളി ലൈൻ ആരെങ്കിലും ഇക്കാലത്തു ടെക്നോപാർക്കിൽ പ്രതീക്ഷിക്കുമോ? ഇല്ലെന്നാണോ, പാർക്കിനുള്ളിലേക്ക് ഒന്നു പോയിനോക്കൂ, നേരിട്ടു കാണാം. നീട്ടിവളർത്തിയ താടിയും അനുസരണയില്ലാതെ പറന്നുകളിക്കുന്ന ആ തലമുടിയും പാതിയടഞ്ഞ കണ്ണും കണ്ടില്ലെങ്കിലും തോളിൽ തൂങ്ങുന്ന വള്ളിയുടെ അറ്റത്തു കാണാം നാഗവള്ളിയെ. ലോകത്തിന്റെ ഏതറ്റം വരെ പോയാലും നാട്ടിലേക്കു മടങ്ങിവരണമെന്നു തോന്നുന്ന ആ തോന്നലുണ്ടല്ലോ, അതു പോലെയാണു ടെക്കികളുടെയും കാര്യം. ടെക്നോളജിയുടെ കൊടുമുടിയിലെത്തിയാലും, എന്തു വേഷം കെട്ടിയാലും തനിനാടൻ സെറ്റപ്പുകളോടു തോന്നുന്ന പ്രണയം എല്ലാവരും ഒളിച്ചുവയ്ക്കണമെന്നില്ല.

ചിത്രങ്ങൾക്കു കടപ്പാട് സഞ്ചിബാഗ്സ്.കോം

പറഞ്ഞുവരുന്നത് വെറുമൊരു ബാഗിനെക്കുറിച്ചാണ്. ലെതർ ലാപ്ടോപ് ബാഗ് തൂക്കിനടക്കുന്നതു ഫാഷനായിരുന്ന കാലം മാറി. ഇന്നു പല ടെക്കികളുടെയും തോളിൽ കാണാം മൺമറഞ്ഞുപോയ ആ പഴയ സഞ്ചി. പരിസ്ഥിതി സൗഹൃദ ക്യാംപസായി പാർക്കിനെ മാറ്റാനുള്ള ഏതാനും പേരുടെ എളിയ ശ്രമത്തിൽ നിന്നാണു സഞ്ചി ടെക്കികളുടെ തോളിൽ കയറിത്തൂങ്ങിയത്. ജൂട്ടിലും കോട്ടണിലും തുന്നിയെടുത്ത പലനിറത്തിലുള്ള മനോഹരമായ സഞ്ചി മാത്രമല്ല ലാപ്ടോപ് ബാഗും ടാബ്ലെറ്റ് പൗച്ചും മൊബൈൽ പൗച്ചും വരെ ടെക്നോപാർക്കിൽ ട്രെൻഡായി. ഏതു ബാഗായാലും പരമാവധി വില 200 രൂപ. ഒരു ഷർട്ട് എത്രകാലം ഉപയോഗിക്കുന്നോ അത്രയും കാലം ബാഗും ഉപയോഗിക്കാം, പോരേ?

പഴഞ്ചനായിക്കഴിഞ്ഞാൽ കോർപറേഷന്റെ മാലിന്യ ക്യാമറയില്ലാത്ത സ്ഥലം തപ്പിപ്പിടിച്ചു പോയി കളയണമെന്ന ഗതികേടുമില്ല. ഒന്നു തീ കൊടുത്താൽ ബാഗ് നിന്നുകത്തും. ടെക്കിയായ സാഫർ അമീറിന്റെ തലയിൽ മിന്നിയ ഐഡിയയാണു പാർക്കിൽ ചെയ്ഞ്ച് കൊണ്ടുവന്നത്. വെഞ്ഞാറമൂട്ടിലെയും തൃശൂർ ചേലക്കരയിലെയും കുടുംബശ്രീ യൂണിറ്റുകൾക്കു കൈമാറുന്ന ഡിസൈൻ നോക്കി അവർ മനോഹരമായ ബാഗ് തുന്നി സാഫറിനു കൊടുക്കും. സാഫറും കൂട്ടുകാരും അതു ടെക്നോപാർക്കിലെ കൂട്ടുകാർക്കു നൽകും. ചെറിയൊരു ലാഭം എന്നതിനപ്പുറം വലിയൊരു നിർവൃതി. അതാണ് ഇക്കോഫ്രണ്ട്ലിയായ ഉൽപന്നങ്ങളുടെ പ്രത്യേകത. വിൽക്കുമ്പോൾ ഒരു കൈമാറ്റത്തിന്റെ സുഖം മാത്രം. കച്ചവടമെന്ന ചിന്തയേ മനസ്ലിൽ വരില്ല. മനോഹരമായ ഒരു പേരും ബ്രാൻഡിനു നൽകി–സഞ്ചി ബാഗ്സ്.

നാട്ടിൽ എവിടെ പരിസ്ഥിതി കൂട്ടായ്മ നടന്നാലും സഞ്ചിയില്ലാതെന്തു ബാഗ് എന്നതാണ് അവസ്ഥ. ബാഗിനെക്കുറിച്ചു നാലുപേർ അറിഞ്ഞതോടെ കോർപറേറ്റുകളും ഓർഡറുമായി എത്തി. പിന്നാലെ സഞ്ചി ബാഗിനു ഡ്യൂപ്ലിക്കറ്റും ഇറങ്ങി. അതോടെ വിജയം ഉറപ്പായി. ഏതു ബ്രാൻഡും വിജയിച്ചുവെന്നു വ്യക്തമാകുന്നതു ഡ്യൂപ്ലിക്കറ്റ് ഇറങ്ങുമ്പോഴാണല്ലോ. ടെക്കികളായ പ്രബീഷും രാഹുലും ചേർന്നു സഞ്ചി ബാഗിന്റെ ഓൺലൈൻ മാർക്കറ്റ് തുറക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. വീട്ടിലിരുന്നു ബാഗ് വാങ്ങാം. www.sanchibags.com