ന്യൂ ഇയറിനു പിറന്ന ഏറ്റവും കിടിലൻ ഫൊട്ടോ

ജോയൽ ഗുഡ്മേൻ പകർത്തിയ ന്യൂഇയർ ചിത്രം.

മാഞ്ചസ്റ്ററിലെ തെരുവുവീഥികളിലെ സ്ഥിരം സാന്നിധ്യമാണ് ജോയൽ ഗുഡ്മേനെന്ന ഫ്രീലാൻസ് ഫൊട്ടോഗ്രാഫർ. പ്രധാനപ്പെട്ട സംഭവങ്ങൾ നടക്കുന്ന സമയത്ത് പ്രത്യേകിച്ചും. ഇക്കഴിഞ്ഞ പുതുവൽസര രാവിലും അത്തരമൊരു റോന്തുചുറ്റലിലായിരുന്നു ജോയൽ. ലക്ഷ്യം–അസ്സലൊരു ന്യൂഇയർ ഫോട്ടോയെടുക്കുക. ജോയലിന്റെ യാത്രയെന്തായാലും വെറുതെയായില്ല. കക്ഷി എടുത്ത ഫോട്ടോ ഇന്ന് നെറ്റ്‌ലോകത്തെ ചർച്ചാവിഷയമാണ്. 2016ൽ പിറന്ന ആദ്യത്തെ കിടിലൻ ഫോട്ടോയെന്നാണ് പലരും ചിത്രത്തിനു നൽകിയ വിശേഷണം തന്നെ.

ഗോൾഡൻ റേഷ്യോ ചിത്രം

സംഗതി പക്ഷേ ഒറ്റനോട്ടത്തിൽ അസാധാരണത്വമില്ലാത്ത ഒരു സിംപിൾ ചിത്രമാണ്. തെരുവോരത്ത് രണ്ട് പൊലീസുകാർ ചേർന്ന് ഒരാളെ കീഴ്പ്പെടുത്തുന്നു. അതിനടുത്ത് മറ്റൊരു പൊലീസുകാരനും നിൽപുണ്ട്. സമീപത്ത് മറ്റൊരു വനിത ഇത് തടയാനെന്നവണ്ണം നിൽക്കുന്നു. കുറച്ചപ്പുറം മാറി നീലഷർട്ടും ജീൻസും ധരിച്ച ഒരാൾ അടിച്ചു ഫിറ്റായി റോഡിലൂടെ ഇഴയുന്നുണ്ട്. അയാളുടെ കൈയ്ക്ക് തൊട്ടടുത്തായി പാതി കുടിച്ച ഒരു ബിയറും. തെരുവിലെ മറ്റുള്ളവരിൽ ചിലർ ഫൊട്ടോഗ്രാഫറെ നോക്കുന്നു, മറ്റുചിലർ ക്യാമറയ്ക്ക് പുറം തിരിഞ്ഞു നിൽക്കുന്നു. ഇനിയും ചിലർ പൊലീസുകാരെയും നിലത്തിഴയുന്ന ‘നീലക്കുടിയ’നെയും നോക്കിനിൽക്കുന്നു. നിയോൾ ബൾബിന്റെ പ്രകാശവും സമീപത്തെ കെട്ടിടത്തിലെ നീലവെളിച്ചവും ചുടുകട്ട കൊണ്ടു കെട്ടിയ കെട്ടിടം തീർത്ത പശ്ചാത്തലവും വെൽ സ്ട്രീറ്റ് എന്ന ബോർഡും...ഇങ്ങനെ കാഴ്ചകളാൽ സമ്പന്നമായ ഒരു ഫ്രെയിം.

നീലഷർട്ടുകാരൻ മൈക്കലാഞ്ചലോയുടെ ‘ദ് ക്രിയേഷൻ ഓഫ് ആദം’ എന്ന പെയിന്റിങ്ങിൽ(ഫോട്ടോഷോപ്പ്)

ഫോട്ടോ ഇന്റർനെറ്റിലെത്തിയതിനു പിറകെ ജോയലിനെപ്പോലും ഞെട്ടിപ്പിക്കും വിധമായിരുന്നു വൈറലായത്. വയറും കാണിച്ചുള്ള നീലഷർട്ടുകാരന്റെ കിടപ്പായിരുന്നു അതിലും ഹിറ്റായത്. മൈക്കലാഞ്ചലോയുടെ ‘ദ് ക്രിയേഷൻ ഓഫ് ആദം’ എന്ന പെയിന്റിങ്ങിൽ വരെ ഫോട്ടോഷോപ്പ് വഴി നീലഷർട്ടുകാരൻ ഇടംപിടിച്ചു. അതും പോരാതെ ചിത്രത്തിന്റെ അളവുകൾ പരിശോധിച്ചപ്പോൾ ഏതൊരു ചിത്രകാരനും ആഗ്രഹിക്കുന്ന വിധത്തിലുള്ള ഗോൾഡൻ റേഷ്യോയാണത്രേ ലഭിച്ചത്. ഒരു പെയിന്റിങ് പോലെ മനോഹരമെന്നാണ് ചിലർ ചിത്രത്തെ വിശേഷിപ്പിച്ചത്. ഫോട്ടോഷോപ്പ് വഴി ചിത്രത്തെ പെയിന്റിങ്ങാക്കിയും മാറ്റി അവർ. അങ്ങനെ പലതരത്തിലും രൂപത്തിലും ന്യൂഇയർ ‘ആഘോഷത്തിന്റെ’ ഫോട്ടോ നെറ്റിൽ നിറഞ്ഞോടുകയായിരുന്നു. മാഞ്ചസ്റ്റർ മാസ്റ്റർപീസ് എന്ന വിളിപ്പേരു വരെ ലഭിച്ചു ചിത്രത്തിന്. ഫോട്ടോയെടുത്ത ജോയലും ഒരൊറ്റ രാത്രി കൊണ്ട് പ്രശസ്തനായി. എന്തായിരുന്നു ആ ഫോട്ടോയുടെ വിജയത്തിനു പിന്നിലെ രഹസ്യമെന്നു ചോദിച്ചപ്പോൾ ഏതൊരു ഫൊട്ടോഗ്രാഫറുടെയും പോലെ അദ്ദേഹത്തിന്റെയും ഉത്തരമിങ്ങനെ: ‘കൃത്യ സ്ഥലത്ത് കൃത്യസമയത്തെത്തി ക്ലിക്ക് ചെയ്തതിന്റെ ഫലം...’

ജോയൽ ഗുഡ്മേൻ