ട്രെയിനിൽ എലി ബാഗ് കരണ്ടു, പരാതിയുമായി നടി മന്ത്രിക്കരികിൽ 

എലി ശല്യം ശരിക്കങ്ങു മനസിലാക്കിയ  പ്രശസ്ത മറാത്തി നടി നിവേദിത സരഫ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് പരാതിയെത്തിച്ചു.

ട്രെയിനിലെ യാത്രക്കാരുടെ പേടി സ്വപ്നങ്ങളിൽ ഒന്നാണ് ഇടയ്ക്കിടെ വന്നു യാത്ര ശല്യപ്പെടുത്തുന്ന മൂഷികന്മാർ. ഈ അവസ്ഥ പലരും അങ്ങ് ക്ഷമിച്ചു കളയും. എന്നാൽ ഈ എലി ശല്യം ശരിക്കങ്ങു മനസിലാക്കിയ  പ്രശസ്ത മറാത്തി നടി നിവേദിത സരഫ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് പരാതിയെത്തിച്ചു.

ട്വിറ്റർ മുഖേനയാണ് നടി തന്റെ പരാതി റെയിൽവേ മന്ത്രിയെ അറിയിച്ചത്. ട്രെയിന്‍ യാത്രക്കിടെ സ്വന്തം ബാഗ് എലി കരണ്ടു നശിപ്പിച്ചതിന്റെ വിഷമത്തിലാണ് നടി ഇത്തരത്തിൽ ഒരു ട്വീറ്റ് ഇട്ടത്. പരാതിക്കൊപ്പം എലി കരണ്ട തന്റെ ബാഗിന്റെ ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രെയിന്‍ യാത്രക്കിടെ തലയ്ക്കരികില്‍ ബാഗു വെച്ചു കിടന്നുറങ്ങുന്നതിനിടെയാണ് നടിയുടെ ബാഗ് എലി കരണ്ടത്. സെപ്തംബര്‍ 22ന് ലാത്തൂര്‍ എക്‌സ്പ്രസ്സിലെ യാത്രക്കിടെയാണ് നടിക്ക് ഈ ദുരനുഭവം ഉണ്ടായത്.

നടിയുടെ ട്വീറ്റ് നവമാധ്യമങ്ങളില്‍ വൈറലായതോടെ റെയില്‍വേ മന്ത്രാലയം അടിയന്തര നടപടികള്‍ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നടിയുടെ ട്വീറ്റ് പരാതിയായി കണക്കിലെടുത്ത് ഉപദ്രവകാരികളായ ജീവികളെ നശിപ്പിക്കാന്‍ റെയില്‍ ശുചീകരണ നടപടികൾ സ്വീകരിക്കുമെന്ന്  മധ്യ റെയില്‍വേ ചീഫ് പിആര്‍ഒ നരേന്ദ്ര പാട്ടീൽ അറിയിച്ചു.