ഒന്നു സൂക്ഷിച്ചു നോക്ക്യേ, നിങ്ങളുടെ കണ്ണിന്റെ പ്രശ്നമറിയാം

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ, ഇതു ഞാനല്ല...എന്ന മട്ടിൽ ഹരിശ്രീ അശോകൻ സ്റ്റൈൽ ഡയലോഗടിക്കാനൊന്നും നിക്കണ്ട. മുകളിലെ ചിത്രത്തിലേക്കൊന്നു സൂക്ഷിച്ചു നോക്കിക്കോളൂ, നിങ്ങൾക്ക് കാഴ്ചവൈകല്യമുണ്ടോയെന്ന് ഒറ്റനോട്ടത്തിലറിയാം. ഒരു കൂട്ടം ഗവേഷകരാണ് വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെയും ഹോളിവുഡ് സ്വപ്നസുന്ദരി മർലിൻ മൺറോയുടെയും ഫോട്ടോകൾ പരസ്പരം ചേർത്തുവച്ച് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമുണ്ടാക്കിയത്. ചിത്രത്തിനൊരു പേരുമിട്ടു—മർലിനൈൻസ്റ്റീൻ ഫോട്ടോ. ചിത്രത്തിൽ ഐൻസ്റ്റീന്റെ ഫോട്ടോയ്ക്കാണ് പ്രാമുഖ്യം. ഏറ്റവും സൂക്ഷ്മമായ പിക്സൽ ഡീറ്റെയിൽസാണ് ആ ചിത്രത്തിലുള്ളത്. അതിലേക്ക് മർലിൻ മൺറോയുടെ മങ്ങിയ, പിക്സൽ വളരെ കുറഞ്ഞ ഫോട്ടോ സൂപ്പർ ഇംപോസ് ചെയ്തിരിക്കുകയാണ്.

നിങ്ങളുടെ കണ്ണിനെന്തെങ്കിലും പ്രശ്നമുണ്ടോ, കണ്ണട വയ്ക്കേണ്ടി വരുമോയെന്നെല്ലാം അറിയാൻ ഈ ചിത്രം സഹായിക്കുമെന്നാണ് ഗവേഷകപക്ഷം. ആദ്യം ഒരു 15 അടി മാറി നിന്നു നോക്കുക, ചിത്രത്തിൽ മർലിൻ മൺറോയെ കാണാം. പിന്നീട് അടുത്തേക്കു വന്നു നോക്കുക—അടുത്തുവരും തോറും ചിത്രത്തിൽ ഐൻസ്റ്റീൻ തെളിഞ്ഞു വരുന്നതു കാണാം. അങ്ങിനെ കാണാൻ സാധിച്ചാൽ നിങ്ങളുടെ കണ്ണിനൊരു പ്രശ്നവുമില്ല. ഹ്രസ്വദൃഷ്ടി (അകലെയുള്ള വസ്തുക്കളെ കൃത്യമായി കാണാൻ സാധിക്കാത്ത അവസ്ഥ) ഉള്ളവർക്ക് എങ്ങനെ നോക്കിയാലും ചിത്രത്തിൽ മർലിൻ മൺറോയെയാണ് കാണാനാവുക. കാഴ്ചവൈകല്യം ശക്തമാണെങ്കിലും ചിത്രത്തിൽ ഒരിടത്തും ഐൻസ്റ്റീനെ കാണാൻ പറ്റില്ല.

പലതരം ചിത്രങ്ങളോട് എങ്ങിനെയാണ് തലച്ചോർ പ്രതികരിക്കുന്നതെന്ന് അറിയാനുള്ള പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ ഈ ഫോട്ടോ തയാറാക്കിയെടുത്തത്.