കോഹിനൂർ രത്നം ഇന്ത്യയ്ക്കോ പാകിസ്ഥാനോ?

ലോകപ്രശസ്തമായ കോഹിനൂർ രത്നത്തിനു അവകാശവാദവുമായി പാകിസ്ഥാൻ രംഗത്ത്. കോഹിനൂർ രത്നം ബ്രിട്ടിനില്‍ നിന്നും തിരികെയെത്തിക്കുന്നതിനായി ഇന്ത്യ നിയമനടപടികളുമായി നീങ്ങുന്നതിനിടെയാണ് പാകിസ്ഥാന്റെ രംഗപ്രവേശം. പാകിസ്ഥാനിലെ അഭിഭാഷകനായ ജാവേദ് ഇഖ്ബാൽ ജാഫ്റിയാണ് രത്നം പാകിസ്ഥാനു നൽകണമെന്നാവശ്യപ്പെട്ട് ലാഹോർ ഹെക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

മഹാരാജാ രഞ്ജീത് സിംഗിന്റെ പേരമകനായ ദലീപ് സിംഗിൽ നിന്നും ബ്രിട്ടൻ തട്ടിയെടുത്തതാണ് കോഹീനൂർ രത്നമെന്നാണ് ജഫ്രിയുടെ വാദം. 1953ല്‍ എലിസബത്ത് രാജ്ഞി(2nd)യുടെ കിരീടധാരണ വേളയിൽ കിരീടത്തിൽ പതിപ്പിച്ചിരുന്ന രത്നമാണത്. എലിസബത്ത് രാജ്ഞിക്ക് രത്നത്തിൽ ഒരവകാശവുമില്ലെന്നും ജാഫ്റി പറയുന്നു. കോഹിനൂർ രത്നം പഞ്ചാബ് പ്രവിശ്യയുടെ സാസ്കാരിക പാരമ്പര്യമാണ് അതിന്റെ പൗരന്മാര്‍ക്ക് അവകാശപ്പെട്ടതാണത്. അതിനാൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും രത്നം തിരികെയെത്തിക്കാൻ നടപടി കൈക്കൊള്ളണമെന്നുമാണ് ജാഫ്രി ഹർജിയിൽ ആവശ്യപ്പെടുന്നത്.

ലോകത്തെ ഏറ്റവും പഴക്കമുള്ള രത്നം എന്നറിയപ്പെടുന്ന കോഹിനൂർ രത്നം പതിമൂന്നാം നൂറ്റാണ്ടിൽ ആന്ധ്രാപ്രദേശിലെ കൊല്ലൂരിൽ നിന്നുമാണ് ഖനനം ചെയ്തെടുത്തത്. ഇന്ത്യയ്ക്ക് അവകാശപ്പെട്ട രത്നം തിരികെ ലഭിക്കാന്‍ വർഷങ്ങളായി ഇന്ത്യയും ബ്രിട്ടനുമായി നിയമയുദ്ധത്തിലാണ്. കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിൽ നിന്നും കൊള്ളയടിക്കപ്പെട്ട രത്നം തിരികെ ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 2013ൽ രത്നം തിരികെ ലഭിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടൻ തള്ളിയിരുന്നു. അതിനിടെ കഴിഞ്ഞ മാസം മുതൽ ബോളിവുഡ് താരങ്ങളും വ്യവസായികളും അടങ്ങുന്ന ഒരുസംഘം രത്നം രാജ്യത്തിലെത്തിക്കാൻ ശ്രമം നടത്തിവരികയാണ്. രത്നം രാജ്യത്തിലെത്തിക്കാൻ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയ്ക്കെതിരെ സംഘം നിയമനടപടിക്കു നീങ്ങുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.