വീൽചെയറിൽ നിന്നു പിച്ചവച്ചതു ജീവിതത്തിലേക്ക്, വൈറലായി വിവാഹ ചിത്രങ്ങൾ

ജാക്വിയും ആൻഡിയും വിവാഹദിനത്തിൽ

ജോർജിയ സ്വദേശികളായിരുന്ന ജാക്വിയും ആൻഡിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. അങ്ങനെ കാത്തുകാത്തിരുന്ന വിവാഹദിനം വന്നെത്തി. കൈകൾ കോര്‍ത്തുപിടിച്ച് ഇരുവരും പതിയെ ചുവടുകൾ വച്ചു, മനോഹരമായി നിന്നു ഫോട്ടോകൾക്കു പോസ് ചെയ്തു. ഇതിലൊക്കെ എന്തു പ്രത്യേകത. വിവാഹമായാൽ ഈ പറഞ്ഞതൊക്കെ സാധാരണമല്ലേ എന്നു തോന്നുന്നുണ്ടല്ലേ. പക്ഷേ ജാക്കിയുടെയും ആൻഡിയുടെയും കാര്യത്തിൽ ഒരൽപം വ്യത്യാസമുണ്ട്. എന്തെന്നാൽ ആൻഡി ചുവടുവെച്ചത് അത്രയുംനാൾ തളർച്ചയിലാരുന്ന ഭാര്യ ജാക്വിയുടെ കൈ പിടിച്ചാണ്.

ജാക്വിയും ആൻഡിയും വിവാഹദിനത്തിൽ

അതെ, സിനിമകളിൽ മാത്രം കണ്ടുശീലിച്ചിട്ടുള്ള ദൃശ്യങ്ങൾക്കാണ് ആ വിവാഹവേദി സാക്ഷ്യം വഹിച്ചത്. പതിനേഴാം വയസുമുതല്‍ വീൽ‍ചെയറിൽ അഭയം പ്രാപിച്ച ആ പെൺകുട്ടി തനിയെ ന‌ടന്നു തുടങ്ങി, അതും തന്റെ വിവാഹദിനത്തിൽ, ഒരർഥത്തിൽ പറഞ്ഞാൽ അതിനു വേണ്ടിയായിരുന്നു അവൾ കഴിഞ്ഞ ഒരുവർഷക്കാലം രാവുംപകലും വിടാതെ ഫിസിക്കല്‍ തെറാപ്പി ചെയ്തു തുടങ്ങിയത്.

ജാക്വിയും ആൻഡിയും വിവാഹദിനത്തിൽ

2008ലാണ് ജാക്വിയുടെ ജീവിതത്തിൽ ആ ദുരന്തം സംഭവിച്ചത്. സുഹൃത്തിന്റെ വീട്ടിലെ നീന്തൽക്കുളത്തിൽ കളിക്കുന്നതിനിടയില്‍ കഴുത്തുപൊട്ടി കീഴ്പോട്ടു തളരുകയായിരുന്നു. സർജറി കഴിഞ്ഞപ്പോൾ ഡോക്ടർമാരാണു ജാക്വിയുടെ വീട്ടുകാരെ ഇനി അവൾ നടക്കില്ലെന്ന കാര്യം അറിയിച്ചത്. സോഫ്റ്റ്ബോൾ പ്ലേയർ എന്ന നിലയിൽ പ്രാഗത്ഭ്യം തെളിയിച്ച പെൺകുട്ടി വീൽചെയറിലേക്ക് ഒതുങ്ങിക്കൂടിയ അവസ്ഥ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ജാക്വിയും ആൻഡിയും വിവാഹദിനത്തിൽ

എന്നാൽ ഡോക്ടർമാരെ അത്ഭുതപ്പെ‌ടുത്തി അപകടത്തിന്റെ ഒന്നാംമാസം ജാക്വി തന്റെ തള്ളവിരല്‍ അനക്കി. അതാണു ജാക്വിയ്ക്ക് ഇനിയും നടക്കാനാകുമെന്ന പ്രതീക്ഷ ഉണർത്തിയത്. മാസങ്ങൾ നീണ്ട ഫിസിക്കൽ തെറാപ്പിയ്ക്കു ശേഷമാണ് ജാക്വി വീണ്ടും നടന്നുതുടങ്ങിയത്. കുട്ടിക്കാലത്തേതു പോലെ വീണ്ടും ജാക്വി പിച്ചവെച്ചു തുടങ്ങുകയായിരുന്നു. ഭാരങ്ങളേന്തിയും ജിമ്മിൽ വർക്ഔട്ട് ചെയ്തും മെഷീനുകളിലേക്കു കാലുകൾ തള്ളിയും ഒറ്റയ്ക്കു ബാലൻസോടെ നിൽക്കുവാനുമൊക്കെ അവൾ ശ്രമിച്ചു തുടങ്ങി.

ജാക്വിയും ആൻഡിയും വിവാഹദിനത്തിൽ

ഇതിനിടയിൽ പലരും ജാക്വിയുടെ പരിശ്രമം ഫലം കാണുമോയെന്നു സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഇതൊന്നും ജാക്വിയെ തന്റെ ലക്ഷ്യങ്ങളിൽ നിന്നു പിന്തിരിപ്പിച്ചില്ലെന്നു മാത്രമല്ല ഒടുവിൽ വിവാഹദിനത്തിൽ നടക്കണമെന്ന ജാക്വിയുടെ ആഗ്രഹം സഫലമാവുകയും ചെയ്തു.ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽൽ വൈറലവുകയാണിപ്പോൾ.

 

ജാക്വിയും ആൻഡിയും വിവാഹദിനത്തിൽ