ഓജോബോർഡ് സത്യമോ മിഥ്യയോ?

Representative Image

ഓജോബോർഡിനെക്കുറിച്ചു നിരവധി കഥകളിലൂടെയും സിനിമകളിലൂടെയുമൊക്കെ നാം കണ്ടറിഞ്ഞിട്ടുണ്ട്. ഇരുട്ടടഞ്ഞ മുറിയിൽ മെഴുകുതിരി നാളത്തിനു മുന്നിൽ നിന്ന് ഗുഡ്സ്പിരിറ്റിനെ വിളിക്കുന്നതും ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നതുമൊക്കെ എത്രയോ സിനിമകളിൽ രംഗങ്ങളായിരിക്കുന്നു. ഇനി ചിലപ്പോൾ ഗുഡ്സ്പിരിറ്റ് മടങ്ങിപ്പോകാതെ ആ മുറിയിൽ തന്നെ അവശേഷിക്കുന്നതായും നമ്മൾ കണ്ടിട്ടുണ്ട്. അവയൊക്കെ പക്ഷേ സാങ്കൽപിക കഥകളായിരുന്നു. പക്ഷേ അത്ര നിസാരമായി തള്ളിക്കളയാനൊന്നും എല്ലാവരും തയ്യാറല്ല, അതിനു തെളിവായിരുന്നു റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിൽ ഓജോബോർഡിനെ ആസ്പദമാക്കി നടന്ന ചർച്ച.

ആർക്കെങ്കിലും വ്യക്തിപരമായി ഓജോബോർഡു കളിച്ച് എന്തെങ്കിലും പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനു കീഴെ കമന്റുകൾ കൊണ്ടു നിറയുകയായിരുന്നു. അതിലൊരാൾ എന്നും പങ്കുവയ്ക്കുവാൻ ആഗ്രഹിച്ച എന്നാല്‍ അതുവരെയും തുറന്നു പറഞ്ഞിട്ടില്ലാത്ത ആ കഥയെക്കുറിച്ചാണു സംസാരിച്ചത്. അയാളുടെ ജീവിതത്തിൽ ഓജോബോർഡ് പ്രവചിച്ചത് സ്വന്തം അച്ഛന്റെ മരണം തന്നെയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഓജോബോർഡ് കളിക്കവേ അവരിൽ ഒരാളുടെ അച്ഛൻ അ‌ടുത്ത കാലത്തു മരിക്കുമെന്ന് ഓജോബോർഡിൽ തെളിഞ്ഞു. പക്ഷേ ആദ്യം അത്ര ഗൗരവം കാണിച്ചില്ലെങ്കിലും ഒരാഴ്ച്ച കഴിഞ്ഞപ്പോൾ കാറപകടത്തിൽ അച്ഛൻ മരിച്ച വാർത്തയാണ് അറിഞ്ഞതത്രേ.

മറ്റൊരാള്‍ക്കു പറയാനുണ്ടായിരുന്നത് അതിലും ഭീതിപ്പെ‌ടുത്തുന്ന കഥയായിരുന്നു. പന്ത്രണ്ടോ പതിമൂന്നോ വയസു പ്രായമുള്ളപ്പോൾ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് ആദ്യമായി ഓജോബോർഡ് കളിച്ചത്. സുഹൃത്തും സഹോദരിയും താനും ചേർന്നാണ് ആത്മാവിനെ വിളിച്ചുവരുത്തിയത്. ആദ്യം തെളിഞ്ഞത്, ''എനിക്കു ജനലിലൂടെ നിങ്ങളെ കാണാം'' എന്നായിരുന്നു, അതിനുശേഷം വന്നത് ''എനിക്ക് അവന്റെ കണ്ണുകളിലൂട‌െ‌ നിങ്ങളെ കാണാം'' എന്നും. പിന്നീടും ചോദ്യങ്ങൾ ചോദിക്കൽ തുടർന്നതോടെ ''ഞാൻ കാറിനു കീഴിലുണ്ട്'' എന്ന മറുപടി ലഭിച്ചു. ഉള്ളിൽ ഭയമുണ്ടായിരുന്നുവെങ്കിലും മൂന്നുപേരും ചേർന്ന് ടോര്‍ച്ചുമെടുത്ത് കാറിനു കീഴിലേക്ക് തെളിച്ചു നോക്കിയപ്പോൾ അവിടെ ഒരു പൂച്ച ഇരുന്നു ചീറ്റുന്നതു കണ്ടു. ‌പേടിയോടെ ഉള്ളിലേക്കു പോയതും കറണ്ടു പോയി വീടാകെ ഇരുട്ടിലായി. അന്നു പുലരുംവരെ ഉറങ്ങാനായില്ലെന്നും പിന്നീട് ഇതുവരെയും ഓജോബോർഡ് കളിച്ചിട്ടില്ലെന്നും അയാള്‍ പറയുന്നു.

മറ്റൊരാള്‍ക്ക് രണ്ടു കഥകളായിരുന്നു പറയാനുണ്ടായിരുന്നത്. ഒന്നു സുഹൃത്തിന്റെയും ഒന്ന് പിതൃസഹോദരിയുടേതും. സുഹൃത്തിന്റെ വീട്ടിൽ ഓജോബോർഡ് കളിക്കവേ ആത്മാവിനോടു പേരു ചോദിച്ചുപ്പോൾ ജെമ്മാ ജെയ്ൻ എന്നു പറഞ്ഞു. സത്യത്തില്‍ ആ സുഹൃത്തിനെ ദത്തെടുത്തതായിരുന്നു, അതിനാല്‍ തന്നെ അവൾക്കു തന്റെ യഥാർഥ കുടുംബത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. എന്നാൽ കൂടുതൽ ചോദിച്ചു മനസിലാക്കിയപ്പോഴാണ് അവള്‍ക്കു ജന്മം നൽകിയ അമ്മയുടെ മാതാവായിരുന്നു ജെമ്മാ ജെയ്ൻ എന്നു മനസിലായത്.

രണ്ടാമത്തെ കഥയിലെ കഥാപാത്രം പിതൃസഹോദരിയാണ്. പതിനാറാം വയസുകാലത്ത് അവർക്കൊരു പ്രണയമുണ്ടായിരുന്നു. ബോറടിച്ചിരിക്കുന്ന ഒരുസമയത്ത് അവർ ഓജോബോർഡ് കളിക്കാൻ തീരുമാനിച്ചു. അദൃശ്യനായ ഗുഡ്സ്പിരിറ്റിനോട് തങ്ങൾ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോൾ അത് ഇല്ലെന്നു പറഞ്ഞു, ബ്രേക്അപ് ചെയ്യുമോ എന്നു ചോദിച്ചപ്പോഴും ഉത്തരം ഇല്ലെന്നായിരുന്നു അതിനുശേഷം ആരെങ്കിലും മരണപ്പെടുമോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരവും അത് ആരായിരിക്കും എന്നു ചോദിച്ചപ്പോൾ ഗുഡ്ബൈ പറയുകയും ചെയ്തു. അധികകാലത്തിനു മുമ്പുതന്നെ അവരുടെ കാമുകൻ അപകടത്തിൽപ്പെട്ടു മരിച്ചു.

റെഡ്ഡിറ്റിലാകെ ഇപ്പോൾ ഇത്തരം സംഭവങ്ങൾ കൊണ്ടു നിറയുകയാണ്. പലർക്കും പറയാനുണ്ടായിരുന്നതും ഭീതിപ്പെടുത്തുന്ന സംഭവങ്ങൾ തന്നെ, ഇനിയൊരിക്കലും ഓജോബോർഡ്, പരീക്ഷണത്തിനു വിധേയമാക്കില്ലെന്നും അവർ പറയുന്നു. സംഗതി സത്യമാണെന്നും മിഥ്യയാണെന്നും വാദിക്കുന്നവർ ഉണ്ടെങ്കിലും ഓജോബോർഡ് ഇപ്പോഴും അവിശ്വസനീയമായി തന്നെ നിലനിൽക്കുകയാണ്.