അറിയാതെ കുടിച്ചത് പട്ടിയുടെ പാല്‍, വൈറലായി വിഡിയോ !!

മനുഷ്യരു‌െ‌ട ഏറ്റവും പ്രിയപ്പെട്ട വളർത്തുമൃഗം ഏതാണെന്നു ചോദിച്ചാൽ ഒരേസ്വരത്തിൽ ഉത്തരംവരും അതു നായ തന്നെയാണെന്ന്. ഇണക്കി വളർത്തുന്ന നായകളോളം നന്ദി മനുഷ്യർക്കു പോലുമുണ്ടാകില്ലെന്നു പറയുന്നവരുണ്ട്. നായയെ ഊട്ടാനും ഉറക്കാനുമൊക്കെ മത്സരിക്കുന്ന മനുഷ്യന് പക്ഷേ അത്രയും ഇഷ്ടമുള്ള പട്ടിയുടെ പാലിനോട് ആ ഇഷ്ടമില്ല എന്നാൽ കന്നുകാലികളുടെ പാലിനോട് ആ പ്രശ്നവുമില്ല. മൃഗങ്ങളുടെ പാൽ അവരുടെ കുഞ്ഞുങ്ങൾക്കുള്ളതാണെന്നു വ്യക്തമാക്കിക്കൊണ്ട് പെറ്റ പുറത്തിറക്കിയ വ്യത്യസ്തമായൊരു വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മൃഗസംരക്ഷണ സംഘടനയായ പെറ്റയാണ് വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.

പുതിയൊരിനം പാൽ വിപണിയിൽ ഇറക്കുന്നുവെന്ന പരസ്യത്തോടെയാണ് സംഘാടകർ ആളുകളെക്കൊണ്ടു പാൽ രുചിക്കാൻ പറയുന്നത്. പാലിന്റെ നിറവും രൂപവും രുചിയുമൊക്കെ നോക്കി പലരും പല വിധികളും നടത്തി, അതിലേറെയും പാൽ കിടിലൻ ആണെന്ന രീതിയിലുള്ളവയായിരുന്നു. പക്ഷേ ശേഷം സംഭവിച്ചതോ? തങ്ങൾ നൽകിയത് പട്ടിയുടെ പാൽ ആണെന്ന് സംഘാടകർ പറയുന്നു. ഇതോടെ ആളുകളുടെ മുഖം മാറുന്നു, ചിലർ ഛർദിക്കുകയും വെറുപ്പു പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ കൊടുത്തതു സോയാ മിൽക് ആണെന്നും ആളുകളുടെ പ്രതികരണം അറിയാനായാണ് പട്ടിയുടെ പാൽ ആണെന്നു പറഞ്ഞു നൽകിയതെന്നും പെറ്റയുടെ വളന്റിയർമാർ പിന്നീടു വ്യക്തമാക്കി. ലണ്ടനില്‍ സംഘടിപ്പിച്ച പെറ്റയുടെ ഈ പരീക്ഷണ വിഡിയോ ആശയം ഒ‌ട്ടും സ്വീകാര്യമല്ലെന്നും അവഹേളിക്കുന്നതാണെന്നും വാദിക്കുന്നവരുണ്ട്.

കന്നുകാലികളുടെ പാല്‍ അവരുടെ കുഞ്ഞുങ്ങൾക്കുള്ളതാണെന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിഡിയോ പുറത്തിറക്കിയത്. ഏതു മൃഗത്തിന്റെ പാല്‍‌ എ‌ടുക്കാം ഏതു മൃഗത്തിന്റേത് എടുക്കരുതെന്ന് നാം വിവേചനം നടത്തുമ്പോൾ എന്തുകൊണ്ട് അതിന്റെ യഥാർഥ അവകാശികളെ മറക്കുന്നുവെന്നാണ് പെറ്റയുടെ ചോദ്യം. മറ്റു സ്പീഷീസുകളുടെ പാൽ എടുക്കുന്ന ഒരോയൊരു മൃഗമാണ് മനുഷ്യനെന്നും അത് അനുയോജ്യമാണോയെന്നും സംഘാടകർ ചോദിക്കുന്നു.