കുഞ്ഞു ജോർജിനു മുന്നിൽ രാജ്ഞിയും തോറ്റു

ലണ്ടൻ ∙ ബ്രിട്ടന്റെ രാജ്ഞിയാണെന്നു പറഞ്ഞിട്ടു കാര്യമില്ല, സമ്മാനക്കാര്യത്തിൽ മുതുമുത്തശ്ശിയെ നിലം പരിശാക്കിയിരിക്കുകയാണ് ഒന്നര വയസുള്ള ജോർജ് രാജകുമാരൻ.കുഞ്ഞു ജോർജിന് വിദേശ യാത്രകളിൽ ലഭിച്ച സമ്മാനങ്ങളുടെ എണ്ണം എലിസബത്ത് രാജ്ഞിക്കു ലഭിച്ചതിന്റെ ഏഴിരട്ടി.

മാതാപിതാക്കളായ കെയ്റ്റും വില്യം രാജകുമാരനും കഴിഞ്ഞ ഡിസംബറിൽ യുഎസ് സന്ദർശിച്ചപ്പോഴും ബക്കിങ്ങാം കൊട്ടാരത്തിലിരുന്ന ജോർജിനു കിട്ടി 11 സമ്മാനങ്ങൾ.കഴിഞ്ഞ വർഷത്തെ സമ്മാനക്കണക്കെടുപ്പിലാണ് ബ്രിട്ടിഷ് രാജകുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിനു മുന്നിൽ രാജ്ഞി തോറ്റത്.

ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും പോയപ്പോഴുൾപ്പെടെ ജോർജിന് 706 സമ്മാനങ്ങൾ കിട്ടിയപ്പോൾ പാവം രാജ്ഞിക്കു കിട്ടിയവയുടെ എണ്ണം കഷ്ടിച്ച് നൂറു കടക്കും, അത്ര തന്നെ.

കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വസ്ത്രങ്ങളുമാണ് ജോർജ് രാജകുമാരനു കിട്ടിയ പാരിതോഷികങ്ങളിലേറെയും. തപാലിൽ അയച്ചു കിട്ടിയതും വില്യം-കെയ്റ്റ് വിവാഹനിശ്ചയകാലത്തു കിട്ടിയതുമൊക്കെ കൂട്ടിയാൽ ജോർജിന്റെ സമ്മാനസമ്പാദ്യം ആയിരം കടക്കും.