വിക്കിപീഡിയയ്ക്ക് പ്രിന്റ് എഡിഷൻ

വിജ്ഞാനസാഗരം–വിക്കിപീഡിയയെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്ക് വേറെയുണ്ടാകില്ല. സ്കൂളിലോ കോളജിലോ അധ്യാപകർ അസൈൻമെന്റോ പ്രോജക്ടോ തന്നാൽ നമ്മളിൽ പലരും ആദ്യം ഓടിയെത്തുക വിക്കിപീഡിയക്കു മുന്നിലേക്കായിരിക്കും. വിക്കിപീഡിയയിൽ ഇല്ലാത്തതായി ലോകത്ത് മറ്റൊന്നുമില്ല എന്നാണു പൊതുസങ്കൽപം തന്നെ. ആ വിജ്ഞാനസാഗരത്തിലെ വിവരങ്ങൾ ഒരു പുസ്തകമായി കയ്യിൽ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്തായാലും കാത്തിരിപ്പിനു വിരാമമായി, വിക്കിപീഡിയ പ്രിന്റ് എഡിഷൻ പുറത്തിറങ്ങുന്നു. പക്ഷേ വാങ്ങണമെങ്കില്‍ കാശുകുറേ ഇറക്കേണ്ടി വരും. പ്രിന്റ് വിക്കിപീഡിയ എന്ന പ്രോജക്ടിലൂടെ പുറത്തിറങ്ങുന്ന എഡിഷന് അഞ്ചു ലക്ഷം ഡോളർ (ഏകദേശം മൂന്നുകോടി രൂപയാണ്) വില.

മൊത്തം 7600 വാല്യമുണ്ടാകും. ഓരോ വാല്യത്തിനും 700 പേജു വീതം. അതായത് ആകെ 53,20,000 പേജുകൾ. ഓരോ വാല്യവും ഓൺലൈനായി വിൽപനയ്ക്കെത്തുന്നുണ്ട്–ഒന്നിന് 80 ഡോളറായിരിക്കും വില. പ്രിന്റഡ് വിക്കിപീഡിയയിലെ ആദ്യത്തെ 91 വാല്യവും പുസ്തകത്തിന്റെ ഉള്ളടക്ക സൂചിക നൽകാൻ വേണ്ടി മാത്രമാണ്. പുസ്കത്തിൽ മൊത്തം 1.15 കോടി ലേഖനങ്ങളുണ്ടെന്നോർക്കണം. വിക്കിപീഡിയയിലെ കോൺട്രിബ്യൂട്ടർമാരുടെ വിവരങ്ങൾക്കു മാത്രമായി 36 വാല്യം നീക്കി വച്ചിട്ടുണ്ട്. 2001ൽ വിക്കിപീഡിയ ആരംഭിച്ചതു മുതൽ ഇന്നുവരെ ഒരൊറ്റ എഡിറ്റിങ്ങെങ്കിലും നടത്തിയവരുടെ പേരു വരെയുണ്ട് ഇതിൽ. അങ്ങനെ ആകെ 75 ലക്ഷം പേർ.

ന്യൂയോർക്കിലെ മൈക്കേൽ മാൻഡിബെർഗ് എന്ന അധ്യാപകനാണ് ഇത്തരമൊരു ഭീമൻ പ്രോജക്ടിനു പിന്നിൽ. വിക്കിപീഡിയയിലെ കോൺട്രിബ്യൂട്ടർമാരിൽ ഒരാൾ കൂടിയായ ഇദ്ദേഹം 2009ന് തുടങ്ങിയതാണ് ഈ പദ്ധതിക്കു പിന്നാലെയുള്ള അലച്ചിൽ. വിക്കിപീഡിയയിലെ ഉള്ളടക്കം മുഴുൻ പ്രിന്റഡ് ഫ്രണ്ട്‌ലി ആക്കാനുള്ള സോഫ്റ്റ്‌വെയർ കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇതുവരെ. മൂന്നു വർഷത്തോളമെടുത്ത് അത് റെഡിയാക്കിയതോടെ ഓൺലൈൻ പുസ്തക പ്രസാധകരായ ലുലു ഡോട്ട് കോമിനെ സന്ദർശിച്ച് തന്റെ ആഗ്രഹം പറഞ്ഞു.

നോവലും കഥയും ലേഖനങ്ങളുമെല്ലാം നല്‍കിയാൽ അത് പുസ്തകമാക്കി പുറത്തിറക്കാൻ സഹായിക്കുന്ന വെബ്സൈറ്റാണ് ലുലു. കൃത്യമായ പ്രോജക്ടുമായെത്തി വിക്കിപീഡിയ പ്രിന്റ് ചെയ്യുകയെന്ന ഗമണ്ടൻ ഐഡിയ ഭംഗിയായി അവതരിപ്പിച്ചതോടെ ലുലു അധികൃതർക്കും സമ്മതം. ന്യൂയോർക്കിലെ ഒരു ഗാലറിയിൽ From Aaaaa! to ZZZap! എന്ന പേരിൽ പ്രദർശനമായിട്ടാണ് വിക്കിപീഡിയ പ്രിന്റിങ് നടക്കുന്നത്. 11 മുതൽ 14 വരെ ദിവസങ്ങളെടുക്കും പ്രിന്റിങ്ങിന്. ഓരോ ദിവസവും ഡേറ്റ ലുലു.കോമിലേക്ക് അപ്‌ലോഡ് ചെയ്തുകൊണ്ടേയിരിക്കും. സന്ദർശകർക്ക് ഇതു നേരിട്ടു കാണാം. 11 ജിബി കംപ്രസ്ഡ് ഡേറ്റയാണ് ഇത്തരത്തിൽ അപ്‌ലോഡ് ചെയ്യുന്നത്. ഇതുവരെ പ്രിന്റ് ചെയ്ത 106 വാല്യങ്ങളും പ്രദർശനത്തിൽ റെഡിയാണ്. ശേഷിച്ചവയുടെ കവർപേജ് കൊണ്ട് ഗാലറിയെ അലങ്കരിച്ചാണ് പ്രദർശനം. ജൂലൈ രണ്ടു വരെ ഇതു തുടരും.