വേറിട്ടു തിളങ്ങാം പ്രിന്റഡ് സാറ്റിനിൽ

മോഡേണായാലും പരമ്പരാഗതമായാലും മെറ്റീരിയലിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് ഫാഷനിസ്റ്റുകൾ തയ്യാറല്ല. സാധാരണ പ്ലെയിൻസാരി പോലും മികച്ച മെറ്റീരിയലിന്റേതാണെങ്കിൽ തിളങ്ങാൻ മറ്റൊന്നും വേണ്ട. പ്രിന്റഡ് സാറ്റിൻ പണ്ടുകാലത്ത് ഫർണിഷിങ് മെറ്റീരിയലിൽ വന്നതാണ്. വീണ്ടും വന്നപ്പോൾ മഹിളകളുടെ സാരിയിലും സാൽവാറിലും ബ്ലൗസിലുമൊക്കെയാണ് സാന്നിധ്യമറിയിച്ചിരിക്കുന്നത്. അനിമൽ പ്രിന്റ് ഏറ്റവും മനോഹരമായും ഫെമിനൈൻ ആയും ക്യാരി ചെയ്യാൻ പറ്റുന്നത് സാറ്റിനിലാണ്. ലെപ്പേർഡ് പ്രിന്റിനും സീബ്രാവരയ്ക്കും ഉള്ള കാടത്തം സാറ്റിനിലെ മിനുസത്തിൽ അലിഞ്ഞ് പെണ്ണഴകിനോട് ചേരുംപടിചേരും. പീക്കോക്ക് കളറും പ്രിന്റുമാണ് സാറ്റിനിൽ അഴക് പതിന്മടങ്ങ് വർധിപ്പിക്കുന്ന മറ്റൊന്ന്.

പീക്കോക്ക് ബ്ലൂ, പീക്കോക്ക് ഗ്രീൻ എന്നിവ അബ്സ്ട്രാക്റ്റ് പ്രിന്റുകളായി വന്നാലും ഭംഗിയായിരിക്കും. ഡൾ ഫിനിഷുകളുള്ള പ്രിൻറഡ് സാറ്റിനുകൾക്കും ആരാധകരേറെയുണ്ട്. മങ്ങിയ, ഫെതർ ചെയ്ത ഫ്ലോറൽ പ്രിന്റിന്റെ ബ്ലൗസിനൊപ്പം കോൺട്രാസ്റ്റ് കളർ പ്ലെയിൻ സാരിയണിഞ്ഞാൽ പാർട്ടികളിൽ നിങ്ങൾ തന്നെ താരം. പുതിയ തരംഗമായ ഡിജിറ്റൽ പ്രിന്റും ജോർജെറ്റിനേക്കാളും സിൽക്കിനേക്കാളും ഭംഗിയാവുന്നത് സാറ്റിനിലാണ്. മുന്താണിയിൽ മാത്രം സാറ്റിനിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഡിജിറ്റൽ പ്രിന്റ് ചെയ്ത കോൺട്രാസ്റ്റ് ബോർഡർ ഉള്ള ഷിഫോൺ സാരി ട്രെൻഡിയാണ്. മിഡിയിലും ടോപ്പിലും എന്തിന് ഷ്രഗിൽവരെ പ്രിന്റഡ് സാറ്റിൻ വരവറിയിച്ചുകഴിഞ്ഞു.