നിശബ്ദ സേവനത്തിന്റെ കാരുണ്യസ്പർശം

സേവനം സംസാരത്തിൽ ഒതുക്കാനുള്ളതല്ലെന്ന സന്ദേശം കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർഥികൾ സമൂഹത്തിന് പ്രവർത്തിയിലൂടെ കാട്ടിക്കൊടുത്തു. റേഡിയോ മാംഗോ വി ഗാർഡ് എന്റെ കേരളം എത്ര സുന്ദരം എന്ന ശുചീകരണ യജ്ഞപരിപാടിയിൽ പങ്കുചേർന്ന് ഇരുപതോളം വിദ്യാർഥികളാണ് എരഞ്ഞിപ്പാലത്തെ തങ്ങളുടെ സ്ക്കൂളിനോട് ചേർന്ന പരിസരം ഇന്നലെ മാലിന്യമുക്തമാക്കിയത്. കാടുപടലങ്ങൾ വെട്ടിത്തെളിച്ച് പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ മാറ്റി പ്രദേശം സഞ്ചാരയോഗ്യമാക്കിയ സംതൃപ്തിയിലാണ് ഈ കുട്ടികളിപ്പോൾ.

വിജയികൾക്ക് മൂന്നുലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങൾ നൽകുന്ന എന്റെ കേരളം എത്ര സുന്ദരം മത്സരത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ടീം ഉണ്ടാക്കി ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ ശുചീകരിക്കേണ്ട ഒരു സ്ഥലം തിരഞ്ഞെടുക്കുകയും വൃത്തിയാക്കുന്നതിന് മുൻപും പിൻപും ഉള്ള സ്ഥലത്തിന്റെ ദൃശ്യങ്ങളും വൃത്തിയാക്കുന്ന ദൃശ്യങ്ങളും ഉൾപ്പെടുന്ന പരമാവധി രണ്ട് മിനിറ്റുള്ള (8 എംബി യിൽ കുറഞ്ഞ ഫയൽ സൈസ് ഉള്ള) വിഡിയോ www.radiomango.fm/entekeralamൽ അപ്ലോഡ് ചെയ്താണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ആ പ്രദേശം തുടർന്നും വൃത്തിയായി സൂക്ഷിക്കാനാവശ്യമായ നിർദ്ദേശങ്ങളും കൂട്ടത്തിൽ നൽകേണ്ടതാണ്.

അപ്ലോഡ് ചെയ്യുന്ന വിഡിയോകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിഡിയോകൾക്ക് 5000 രൂപ വീതവും സമ്മാനമുണ്ട്. ഈ ശുചീകരണപ്രവൃത്തി 2015 ഫെബ്രുവരി 13 നും മാർച്ച് 31 നും ഇടയ്ക്ക് ചെയ്തതായിരിക്കണം. തിരഞ്ഞെടുക്കുന്ന ടീമുകളെ കൊച്ചിയിൽ നടക്കുന്ന മെഗാ ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. ഫൈനലിൽ ഒരു ടീമിൽ അഞ്ച് പേരെ ഒൗദ്യോഗികമായി ഉൾപ്പെടുത്താം.

എന്റെ കേരളം എത്ര സുന്ദരം റോഡ് ഷോ കേരളത്തിലെ 200 ക്യാംപസുകളിൽ ശുചിത്വ സന്ദേശവുമായി എത്തും. ഈസ്റ്റേൺ, മണപ്പുറം ഗോൾഡ് ലോൺ, ബിസ്മി ഹോം അപ്ലൈയൻസസ് എന്നിവരാണ് ഈ പരിപാടിയുടെ മറ്റ് പ്രായോജകർ.