ആയിരം അടി ഉയരമുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് മോഡലിന്റെ ഞെട്ടിക്കുന്ന പ്രകടനം, വിഡിയോ വൈറൽ!

അതിരു കവിഞ്ഞ സെൽഫി ഭ്രമം ആപത്തു ക്ഷണിച്ചു വരുത്തും എന്ന് എത്ര പറഞ്ഞാലും ചിലർ കേൾക്കില്ല. ഇപ്പോഴിതാ വ്യത്യസ്തമായ ഫൊട്ടോ എടുക്കാൻ ശ്രമിച്ച് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് വിക്കി ഓഡിന്റ്കോവ എന്ന 23കാരിയായ റഷ്യൻ മോഡൽ. അപൂർവമായ സാഹസികത എന്ന് വേണം വിക്കിയുടെ ഈ ഫൊട്ടോഷൂട്ടിനെ വിശേഷിപ്പിക്കാൻ.

ദുബായിലെ ഏറ്റവും വലിയ കെട്ടിടത്തിൽ ഒന്നിന്റെ മുകളിൽ ബാൽക്കണിയിൽ കയറി നിന്ന് ഒരാളുടെ കൈയിൽ തൂങ്ങി ഇൻസ്റ്റാഗ്രാം ആരാധകർക്കായി ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് വിക്കി. ഈ ചിത്രങ്ങൾ കണ്ടവർ കണ്ടവർ മൂക്കത്തു വിരൽ വച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള അംബരചുംബികളിലൊന്നായ ദുബായിലെ കായൻ ടവറിന് മേൽ കയറി നിന്നാണീ വിക്കി ഈ അഭ്യാസം നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ വിക്കിയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കൈവിട്ട ഫൊട്ടോ എടുക്കുമ്പോൾ തനിക്കൽപം പേടി തോന്നി എന്ന് ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള വിക്കി പറഞ്ഞു. ഏറെ ആഗ്രഹിച്ചെടുത്ത ഫോട്ടോഷൂട് ആണിത്. എന്നാൽ ഇപ്പോഴും താനത് പൂർത്തിയാക്കി എന്ന് തനിക്ക് വിശ്വസിക്കാൻ ആകുന്നില്ല എന്ന് വിക്കി പറയുന്നു. ഓരോ പ്രാവശ്യം ഈ വീഡിയോ കാണുമ്പോഴും താൻ ഭയന്ന് വിറക്കുന്നു എന്ന് വിക്കി പറയുന്നു. ആരോഗ്യകരമായ ജീവിതശൈലിയുടെ ഫലമായാണ് തനിക്ക് സാഹസികമായ ഈ ഷൂട്ട് നടത്താനായത് എന്ന് വിക്കി ചൂണ്ടിക്കാട്ടുന്നു.

യാതൊരു വിധത്തിലുള്ള സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാതെ ഇത്ര ഉയരത്തിൽ നിന്നും വിക്കി നടത്തിയ ഈ അഭ്യാസം ശ്വാസം അടക്കിപ്പിടിച്ചേ കാണാനാവൂ. വിക്കിയെ അനുകരിച്ച് മറ്റു പലരും ഇത്തരം സാഹസത്തിനു മുതിരുന്നുണ്ടെന്നും സൂക്ഷിക്കണമെന്നും വിക്കി പറയുന്നു.