മുംബൈ പൊലീസിനെ പ്രകീര്‍ത്തിച്ച് സച്ചിന്‍, വീഡിയോ വൈറൽ!

മുംബൈ  പൊലീസിന്റെ സാമൂഹ്യ പ്രതിബദ്ധതയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വലിയ മതിപ്പാണ്. അദ്ദേഹം അവര്‍ക്ക് വലിയ ബഹുമാനവും നല്‍കുന്നു. കാലാവസ്ഥ പ്രക്ഷുബ്ധമായപ്പോള്‍ സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് പോരാടിയ പൊലീസുകാരെയാണ് സച്ചിന്‍ പ്രകീര്‍ത്തിച്ചത്.

ഇവരോടുള്ള സച്ചിന്റെ സ്‌നേഹം തുളുമ്പുന്ന വിഡിയോ അദ്ദേഹം അടുത്തിടെ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. മുംബൈ പൊലീസിന്റെ സേവനത്തിന് സച്ചിന്‍ അതിലൂടെ നന്ദിയും പറഞ്ഞു. മഴയായാലും വെയിലായാലും മുംബൈ പൊലീസ് നമ്മുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായാണ് പ്രഥമ മുന്‍ഗണനല്‍കി പെരുമാറുന്നത്. ഞാന്‍ അവരെ സലൂട്ട് ചെയ്യുന്നു- പോസ്റ്റില്‍ സച്ചിന്‍ പറഞ്ഞു. കനത്ത മഴയ്ക്കിടയില്‍ മുംബൈ നഗരത്തില്‍ പൊലീസ് നടത്തിയ പ്രവര്‍ത്തനമാണ് സച്ചിന്റെ മനസ് കീഴടക്കിയത്.

എന്തായാലും വിഡിയോ സച്ചിന്‍ പോസ്റ്റ് ചെയ്തതോടെ ഫേസ്ബുക്കിലും ട്വിറ്ററിലും സംഗതി വൈറലായിക്കഴിഞ്ഞു. പൊലീസ് ഓഫീസര്‍മാര്‍ കനത്ത മഴയെ അവഗണിച്ച് മുംബൈ തെരുവുകളില്‍ ട്രാഫിക് നിയന്ത്രിക്കുന്നത് വിഡിയോയില്‍ കാണാം. അതിനോടൊപ്പം മുംബൈ പൊലീസിന്റെ സൈന്‍ ബോര്‍ഡും വിഡിയോയില്‍ എടുത്തു കാണിച്ചിരിക്കുന്നു- നിങ്ങളുടെ സുരക്ഷ, ഞങ്ങളുടെ പ്രതിബദ്ധത എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഇതിനോടകം തന്നെ വിഡിയോ 6 ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. ഫേസ്ബുക്കില്‍ ലഭിച്ചിരിക്കുന്നത് 40,000ത്തിലധികം റിയാക്ഷന്‍സാണ്. ട്വിറ്ററിലാകട്ടെ 1,500ലധികം റീട്വീറ്റുകളും 7,000ത്തിലധികം ലൈക്കുകളും കിട്ടി.