എച്ച്എല്‍എല്‍ ആസ്ഥാനത്ത് സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍

സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കി ആരോഗ്യ പരിപാലനത്തില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിന് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഹെഡ് ഓഫീസില്‍ വനിതാ ജീവനക്കാര്‍ക്കായി സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചു. എച്ച്എല്‍എല്ലിന്റെ ബെല്‍ഗാമിലെ കന്‍ഗാല ഫാക്ടറിയില്‍ നിര്‍മ്മിച്ച ഹാപ്പി ഡെയ്‌സ് ബ്രാന്‍ഡിലുള്ള നാപ്കിനുകളാണ് വെന്‍ഡിംഗ് മെഷീനില്‍ ലഭ്യമാകുക.

ആര്‍ത്തവ കാലയളവില്‍ ശുചിത്വത്തിന്റ അഭാവമുണ്ടെന്നാണ് സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നതെന്നും ശുചിത്വമില്ലായ്മ അണുബാധയ്ക്കും മറ്റു രോഗങ്ങള്‍ ഉണ്ടാകുന്നതിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം. അയ്യപ്പന്‍  പറഞ്ഞു. ഇതിനെ സാമൂഹിക പ്രശ്‌നമായി കണക്കിലെടുത്ത് അത് തരണം ചെയ്യുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 

 കോര്‍പ്പറേറ്റ് ഹെഡ് ഓഫീസിലെ ജീവനക്കാരില്‍ ഇരുപത്തിയഞ്ചു ശതമാനവും സ്ത്രീകളാണ്. അനായാസ ലഭ്യതക്കായി 25 പാക്കറ്റ് നാപ്കിനുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വെന്‍ഡിഗോ എന്ന  രണ്ട് വെന്‍ഡിംഗ് മെഷിനുകളാണ് വനിതകള്‍ക്കുള്ള ശുചിമുറിയില്‍ സ്ഥാപിച്ചിരിക്കുന്നത്. മൂന്നു നാപ്കിന്‍ അടങ്ങിയ പായ്ക്കറ്റാണ് പത്ത് രൂപയ്ക്ക് ലഭിക്കുക. വിപണിയില്‍ ലഭ്യമാകുന്ന നാപ്കിനുകളുടെ വിലയേക്കാള്‍ കുറവാണിത്. ഉപയോഗിച്ച നാപ്കിനുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഇന്‍സിനെറേറ്ററും സ്ഥാപിച്ചിട്ടുണ്ട്.  ഒരേ സമയം 25 നാപ്കിനുകള്‍ ചാരമാക്കാന്‍ ശേഷിയുള്ളവയാണിവ. ഇത് വിജയകരമാകുന്നതോടുകൂടി എച്ച്എല്‍എല്ലിന്റെ മറ്റു ഫാക്ടറികളിലും ഓഫീസുകളിലും വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും. 

എച്ച്എല്‍എല്‍ എച്ച്ആര്‍ വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡന്റും ലൈംഗിക പരാതി പരിഹാര സമിതി ചെയര്‍പേഴ്‌സണുമായ ശ്രീമതി വി. സരസ്വതി ദേവി, ഡെപ്യൂട്ടി ജനറല്‍ മാനേജരും  ലൈംഗിക പരാതി പരിഹാര സമിതി  മെമ്പര്‍ സെക്രട്ടറിയുമായ ഡോ. വി.കെ. ജയശ്രീ,  പൂജപ്പുര എസ്എംഎസ്എസ് ഹിന്ദു മഹിളാ മന്ദിരം സെക്രട്ടറി ശ്രീമതി എം. ശ്രീകുമാരി എന്നിവരും  വെന്‍ഡിംഗ് മെഷീന്‍ കമ്മീഷന്‍ ചെയ്ത ചടങ്ങില്‍ പങ്കെടുത്തു.