കുട്ടിപ്പാവാടയും കട്ടിമേയ്ക്കപ്പും ഇട്ടോണ്ട് ഇങ്ങോട്ടു വരേണ്ട !

കേരളത്തിൽ ലെഗിങ്സ് ആണു വിവാദ വസ്ത്രമായതെങ്കിൽ അങ്ങു ലണ്ടനിൽ കുട്ടിപ്പാവാടയ്ക്കാണു വിലക്ക്. ബ്രിട്ടനിലെ ഹെർഡ്ഫോർഡ്ഷെറിലെ ബുഷിയിലുള്ള സെന്റ് മാർഗരറ്റ് പെൺപള്ളിക്കൂടത്തിലാണ് കുട്ടിപ്പാവാട നിരോധിച്ചിരിക്കുന്നത്. മേയ്ക്കപ്പിലും കുട്ടിപ്പാവാടയിലും ശ്രദ്ധ തിരിച്ച് പഠിത്തം ഉഴപ്പാതിരിക്കാനാണ് പുതിയ തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ കോട്ടും സ്യൂട്ടുമിട്ട് കുട്ടികളെന്താ ശവസംസ്കാര ചടങ്ങിനു പോവുകയാണോയെന്നാണ് മാതാപിതാക്കളിൽ ചിലരുടെ ചോദ്യം. പാകതയുള്ള വസ്ത്രധാരണം വിദ്യാർത്ഥിനികൾക്ക് പ്രഫഷണൽ മനോഭാവവും പഠനത്തിലുള്ള ഏകാഗ്രതയും നൽകുമെന്നാണ് പ്രധാനാധ്യാപികയുടെ വാദം. അതിനാൽത്തന്നെ ഒരേനിറത്തിലും തുണിത്തരത്തിലുമുള്ള സ്യൂട്ട്, സോക്സിനു പകരം ടൈറ്റ്സ്, വൃത്തിയുള്ള ഹെയർസ്റ്റൈൽ എന്നിവ നിർബന്ധമാണ്. നഖങ്ങളിൽ വേണമെങ്കിൽ ചായം പുരട്ടാം, പക്ഷേ അവ ഒരിക്കലും കടുത്ത നിറത്തിലുള്ളവയാകരുതെന്ന് നിബന്ധനയുണ്ട്. വിലക്കുക്കളുടെ പട്ടിക കേട്ട് പെൺപിള്ളേർ പഠനം അവസാനിപ്പിക്കുമോ ആവോ?