ഒട്ടിച്ചേർന്നു കിടക്കുന്ന വസ്ത്രങ്ങൾ നിരോധിക്കണം; വേണ്ട നിരോധിക്കേണ്ട...

‘‘സ്ത്രീകൾ ശരീരത്തോട് ഒട്ടിച്ചേർന്നുള്ള വസ്ത്രം ധരിക്കരുത്. അത്തരം വസ്ത്രങ്ങൾ നിരോധിക്കണം...

ഈയിടെ എവിടെയോ കേട്ടുമറന്ന വാക്കുകൾ. കേരളത്തിൽ ഈ വാക്കുകൾക്കു പിറകെ വന്ന വിവാദക്കൊടുങ്കാറ്റ് ഒന്നു കെട്ടടങ്ങിയിട്ടേയുള്ളൂ. ഇത്തരം ഇടുങ്ങിയ ചിന്താഗതി ഇന്ത്യക്കാർക്കേ ഉണ്ടാകൂ എന്ന് പണ്ടുമുതൽക്കേ വിദേശികൾ വിമർശിക്കുന്നുണ്ട്. പക്ഷേ ആ അഹങ്കാരത്തിനൊരു അടി കിട്ടിയിരിക്കുകയാണ്. മറ്റെവിടെയുമല്ല, അങ്ങ് അമേരിക്കയിൽത്തന്നെ. അവിടെ മൊണ്ടാനയിലെ സ്റ്റേറ്റ് അസംബ്ലിയിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗംഡേവിഡ് മൂർ ഒരു നിർദേശം മുന്നോട്ടു വച്ചു.

ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളെ ഏതെങ്കിലും വിധത്തിൽ പുറത്തുകാണിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ നിരോധിക്കണമെന്നായിരുന്നു ആവശ്യം. ഇതുസംബന്ധിച്ച ഒരു ബില്ലിന്റെ കരടും കക്ഷി അസംബ്ലിയിൽ വച്ചു. സംഗതി ചർച്ചയ്ക്കെടുക്കുന്നതിനിടെ പലതരം വസ്ത്രങ്ങളും വിഷയമായി. അതിനിടയ്ക്ക് മൂർ അറിഞ്ഞോ അറിയാതെയോ പറഞ്ഞുപോയി—ഒട്ടിച്ചേർന്നു കിടക്കുന്ന യോഗ പാന്റ്സും (സ്കിൻ ടൈറ്റ്) അശ്ലീലമാണ്. അത് ധരിക്കുന്നത് നിയമവിരുദ്ധവുമാണ്. അവയാണ് ആദ്യം നിരോധിക്കേണ്ടത്...

അമേരിക്കയിലാകട്ടെ യോഗ ക്ലച്ചുപിടിച്ചു വരുന്ന സമയവും. ഒട്ടേറെ പേർ ഇപ്പോൾ യോഗയുടെ പിന്നാലെയാണ്. സ്വാഭാവികമായും തെരുവിൽ യോഗപാന്റുകൾ ധരിച്ചു വരുന്നവരും ഏറെ. ഈ കാര്യം വാർത്തയായതോടെ സമൂഹമാധ്യമക്കാർ മൂറിനെ കൊല്ലാക്കൊല ചെയ്യാൻ തുടങ്ങി. എന്തായാലും നിർദേശങ്ങൾ പരിശോധിച്ച അസംബ്ലിയിലെ ഹൗസ് ജുഡീഷ്യറി കമ്മിറ്റി ബിൽ നിഷ്കരുണം തള്ളിക്കളഞ്ഞു. ചിരിച്ചുകൊണ്ടായിരുന്നു കമ്മിറ്റി ഇക്കാര്യം പത്രക്കാരെ അറിയിച്ചത്—ഈ വിഷയം ചർച്ച ചെയ്യാൻ പോലും യോഗ്യമല്ലെന്നും പറഞ്ഞുകളഞ്ഞു അവർ.

ഏതാനും മാസങ്ങൾക്കു മുൻപ് മൊണ്ടാനയിൽ ഒരു കൂട്ട സൈക്കിളോട്ടം നടന്നിരുന്നു—പരിപൂർണനഗ്നരായിരുന്നു അതിൽ പങ്കെടുത്തവരെല്ലാം. അത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനാണത്രേ മൂർ ഇത്തരമൊരു നീക്കം നടത്തിയത്. പക്ഷേ മൊണ്ടാനയിൽ ഇപ്പോൾത്തന്നെ അശ്ലീല പ്രകടനക്കാർക്ക് കനത്തശിക്ഷ നൽകാനുള്ള വകുപ്പുണ്ട്—പൊതുസ്ഥലത്തെ അശ്ലീല പ്രദർശനത്തിന് മൂന്നിലേറെത്തവണ പിടിയിലായാൽ അയാൾക്ക് ജീവപര്യന്തം തടവും 10000 ഡോളർ വരെ പിഴയും ലഭിക്കും.സംഗതി വിവാദമാവുകയും തന്റെ നിർദേശം തള്ളുകയും ചെയ്തതോടെ മൂർ ഒരു പ്രസ്താവനയിറക്കി—‘‘തന്റെ നാട് നന്നാവാൻ വേണ്ടിയാണ് ഇത്തരമൊരു നിർദേശം വച്ചത്. എല്ലാം പറയുന്നതിനിടയിൽ യോഗ പാന്റുകളെപ്പറ്റിയും പറഞ്ഞു. മാധ്യമങ്ങൾ അക്കാര്യം മാത്രം ചൂഴ്ന്നെടുത്ത് റിപ്പോർട്ട് ചെയ്യുകയായിരുന്നു.

എന്നാൽ സംഭവം റിപ്പോർട്ട് ചെയ്ത രാജ്യാന്തര വാർത്താഏജൻസി അസോസിയേറ്റഡ് പ്രസ് തൊട്ടുപിറകെ ഇക്കാര്യം നിഷേധിച്ചു കുറിപ്പിറക്കി. തങ്ങളുടെ റിപ്പോർട്ടർ ആവർത്തിച്ചു ചോദിച്ചപ്പോഴെല്ലാം യോഗപാന്റ്സ് നിരോധിക്കണമെന്ന് മൂർ എടുത്തെടുത്തു പറഞ്ഞത്രേ. എന്തായാലും ചുവടുപിഴച്ച മൂർ ഒടുക്കം പറഞ്ഞതിങ്ങനെ:

‘‘ഇതെല്ലാം ഞാൻ ചുമ്മാ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേ...