ടാബ്ലറ്റിലും സ്മാർട്ട് ഫോണിലും പിറന്നുവീഴുന്ന അമേരിക്കൻ ബേബീസ്

അറിഞ്ഞോ, അമേരിക്കയിൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ ‘ള്ളേ ള്ളേ’ എന്നു കരയും മുമ്പേ, ‘ക്ലിക്കാനും’ ‘ടച്ചാനു’മൊക്കെയാണ് പഠിക്കുന്നത്. അവിടെ നവജാതശിശുക്കളിൽ പകുതിയോളവും മിണ്ടാനും പിടിച്ചുനടക്കാനും തുടങ്ങും മുമ്പേ സ്മാർട്ട് ഫോൺ, ടാബ്ലറ്റ് എന്നിവയോടു പ്രതികരിച്ചു തുടങ്ങുമത്രേ. വാഷിങ്ടണിൽ നടത്തിയ സർവേയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

ഏകദേശം ഒരു വയസ്സു പ്രായമാകുമ്പോഴേക്കും ഏഴു കുഞ്ഞുങ്ങളിൽ ഒരാൾ വീതം ഇത്തരം സ്മാർട്ട് ഉപകരണങ്ങൾ പ്രതിദിനം ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഉപയോഗിക്കുന്നതായും സർവേ റിപ്പോർട്ട് അവകാശപ്പെടുന്നു. ആറുമാസം മുതൽ നാലുവയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള സാധാരണ വരുമാനക്കാരായ മാതാപിതാക്കളിൽ നിന്നാണ് സർവേയ്ക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത്.

ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ 52 ശതമാനവും ടിവി ഷോകൾ കണ്ട് ആസ്വദിക്കാറുണ്ടത്രേ. 36 ശതമാനം കുഞ്ഞുങ്ങൾ ടച്ച് സ്ക്രീനിൽ സ്ക്രോൾ ചെയ്യാനും ടാപ്പ് ചെയ്യാനും ഇഷ്ടപ്പെടുന്നവരാണ്. 24 ശതമാനം കുഞ്ഞുങ്ങൾ സ്മാർട്ട് ഫോണിൽ വിളിക്കുന്നവരാണ്. 15 ശതമാനം കുഞ്ഞുങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിൽ മിടുക്കരാണ്. 12 ശതമാനം കുഞ്ഞുങ്ങൾ വീഡിയോ ഗെയിം കളിക്കുന്നത് ഇഷ്ടപ്പെടുന്നുമുണ്ട്.

ഓർക്കണേ, വെറും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ കാര്യമാണ് ഈ പറയുന്നത്. രണ്ടുവയസ്സാകുമ്പോഴേക്കും മിക്ക കുഞ്ഞുങ്ങളും എല്ലാ തരം മൊബൈൽ ഉപകരണങ്ങളും അനായാസമായി ഉപയോഗിക്കാനുള്ള പരിചയം നേടുന്നു.