ദൈവം കേൾക്കുന്നുണ്ടോ? സുമോ ഗുസ്തിക്കാർ കുട്ടികളെ കരയിക്കുന്നത്

തലങ്ങും വിലങ്ങും നൂറിൽപ്പരം കുട്ടികൾ തൊണ്ടകീറി കരഞ്ഞാലുള്ള അവസ്ഥയൊന്നു ഓർത്തുനോക്കിക്കേ.. എങ്ങനെയെങ്കിലും ആ ചുറ്റുവട്ടത്തിൽ നിന്നു സ്കൂട്ടാവാനോ അല്ലെങ്കിൽ കുട്ടികളുടെ കരച്ചിൽ മാറ്റാനോ അല്ലേ നമ്മൾ ശ്രമിക്കുക. കുഞ്ഞുങ്ങൾ കരഞ്ഞു തുടങ്ങുമ്പോഴേ അവരുടെ കരച്ചിൽ മാറ്റാൻ ആവതും ശ്രമിക്കുന്ന അച്ഛനമ്മമാരെയാണ് നമ്മൾ കണ്ടിട്ടുള്ളതും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കുട്ടികളെ കരയിപ്പിച്ച് അതൊരു മത്സരമാക്കുമെന്ന അച്ഛനമ്മമാരെ കാണണോ? ടോക്കിയോയിലെ യുക്കിഗായാ ഹാച്ചിമാനിൽ പോയാൽ മതി.

സുമോ ഗുസ്തിക്കാരാണ് ഇവിടെ കുട്ടികളെ കരയിപ്പിച്ച് മത്സരിപ്പിക്കുന്നത്. ഒരുവയസിനു താഴെയുള്ള നൂറോളം കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. കുട്ടികളെ മുകളിലേക്ക് ഉയർത്തിയും താഴ്ത്തിയും കരയിപ്പിക്കലാണ് മത്സരത്തിന്റെ ആദ്യപടി. കുട്ടികൾ കരഞ്ഞു തുടങ്ങുന്നതോടെ തടിയന്മാരായ ഗുസ്തിക്കാർ ചിരിച്ചും തുടങ്ങും. ഗുസ്തിക്കാർ കരയിപ്പിക്കുന്നതോടെ കുട്ടികൾ ഭാവിയിൽ ശക്തൻമാരായിത്തീരുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. കുട്ടികളുടെ ഇൗ കരച്ചിൽ അവരുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണെന്നു മാത്രമല്ല ഇതു ദൈവം കേൾക്കുകയും ചെയ്യുമത്രേ. ഇനി ഏതെങ്കിലും കുട്ടികൾ കരയാതിരുന്നാലോ? അവരെ മുഖംമൂടികളണിഞ്ഞും ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും പേടിപ്പിച്ച് കരയിക്കാനും ആളുകളെ നിർത്തിയിട്ടുണ്ട്. ചുരുക്കത്തിൽ കരയിച്ചേ തിരികേ വിടൂ.. ഏതാണ്ട് നാനൂറോളം വർഷത്തെ പഴക്കമുള്ള ഇൗ മത്സരം ഇപ്പോഴും ജപ്പാൻകാർ ആവേശത്തോടെയാണ് കൊണ്ടാടുന്നത്.