പതിന‍ഞ്ചുകാരന്റെ വയറ്റിൽ കുഞ്ഞ് !

മൊഹമ്മദ് സുൽ ഷാഹ്റിൽ സെയ്ദീൻ

വയറുവേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച കൗമാരക്കാരന്റെ വയറ്റിൽ കുഞ്ഞിനെ കണ്ടെത്തി. മലേഷ്യയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. പതിനഞ്ചുകാരനായ മൊഹമ്മദ് സുൽ ഷാഹ്റിൽ സെയ്ദീൻ എന്ന ആൺകുട്ടിയുടെ വയറ്റിൽ നിന്നുമാണ് പൂർണ വളർച്ചയെത്താത്ത ഭ്രൂണത്തെ കണ്ടെടുത്തത്. പതിനഞ്ചു വർഷത്തോളം ഭ്രൂണത്തെയും പേറി ജീവിച്ച ഷാഹ്റിലിന് കഴിഞ്ഞ നാലുമാസം മുമ്പു മാത്രമാണ് വയറിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്.

മൊഹമ്മദ് സുൽ ഷാഹ്റിൽ സെയ്ദീൻ

ഷാഹ്റിൽ ജനിച്ചപ്പോൾ മുതൽ ഭ്രൂണവും കൂടെയുണ്ട്, അതായത് ഭ്രൂണത്തിനുള്ളിൽ ഭ്രൂണം ഇരിക്കുന്ന അവസ്ഥ. അഞ്ചുലക്ഷത്തിൽ ഒരാൾക്കു മാത്രം സംഭവിക്കുന്ന അവസ്ഥയാണ് ഇതെന്നും മലേഷ്യയിൽ ഇത് ആദ്യത്തെ അനുഭവമാണെന്നും ഡോകടർമാർ പറയുന്നു. മുടിയും കൈകാലുകളും ജനനേന്ദ്രിയവുമെല്ലാം ഉള്ള ഭ്രൂണത്തിനു മൂക്കും വായയവും മാത്രമായിരുന്നു അപൂർണമായിരുന്നത്. കുഞ്ഞുങ്ങൾ മരിച്ചാൽ സ്വീകരിക്കുന്ന എല്ലാ ആചാരങ്ങളോടും കൂടിയാണ് ഭ്രൂണത്തെ സംസ്കരിച്ചതെന്ന് ഷാഹ്റിലിന്റെ മാതാവ് ഹസ്മാ അഹമ്മദ് പറഞ്ഞു. ഹസ്മയുടെ എട്ടു മക്കളിൽ അ‍ഞ്ചാമനാണ് ഷാഹ്റിൽ.

ഇരട്ടക്കുട്ടികളെ ഗർഭം ധരിക്കുന്ന അവസരങ്ങളിലാണ് ഇത്തരം പ്രതിഭാസം ഉണ്ടാകുന്നത്. ഒരു ഭ്രൂണം അടുത്ത ഭ്രൂണത്തെ മൂടുകയാണിവിടെ. ഇത്തരം സാഹചര്യങ്ങളിൽ വലിയ ഭ്രൂണത്തെ ആശ്രയിച്ചു നിലകൊള്ളുന്ന ഭ്രൂണം ജനനത്തിനു മുമ്പേ മരിക്കുകയാണു ചെയ്യുന്നത്.