ലണ്ടനിലെ സ്കൂളുകളിൽ ആൺകുട്ടികൾക്കു പാവാടയും പെൺകുട്ടികൾക്കു ട്രൗസറും

Representative Image

ലണ്ടൻ സ്കൂളുകളിൽ നിന്നും ലിംഗവിവേചനം ഒഴിവാക്കുന്നതിന്റെ ഭാഗമായി പുത്തൻ നയങ്ങൾ ആവിഷ്കരിക്കപ്പെടുന്നു. അതിന്റെ ആദ്യപടിയായി ലിംഗവിവേചനം ഇല്ലാതെ യൂണിഫോമുകള്‍ അനുവദിക്കാന്‍ സ്കൂൾ അധികൃതർ ഒരുങ്ങുകയാണ്. ബ്രിട്ടനിലെ 80 സ്‌കൂളുകള്‍ ആണ് ആദ്യ പടിയായി പുത്തൻ നയം പ്രാവർത്തികമാക്കുന്നത്. പുതിയ നിയമ പ്രകാരം ആണ്‍കുട്ടികള്‍ക്ക് വേണമെങ്കില്‍ പാവാട ധരിച്ചും പെണ്‍കുട്ടികള്‍ക്ക് ട്രൗസര്‍ ധരിച്ചും സ്‌കൂളുകളിലേക്ക് വരാം.

ഭിന്നലിംഗക്കരായ  വിദ്യാര്‍ഥികളോട് വിവേചനം കൂടാതെ, അനുഭാവപൂര്‍വം പെരുമാറുന്നതിന്റെ ഭാഗമായാണ് ഈ സ്‌കൂളുകളില്‍ ലിംഗ നിഷ്പക്ഷമായ യൂണിഫോം അനുവദിക്കുന്നത്. അതുകൊണ്ടു തന്നെ ഭിന്നലിംഗത്തിൽ പെട്ടവർക്ക് അനുഭാവം പ്രഖ്യാപിച്ചു കൊണ്ട്, പാവാട ധരിച്ച് സ്കൂളിൽ എത്താൻ ഒരുങ്ങുകയാണ് ലണ്ടൻ സ്കൂളുകളിലെ ആൺകുട്ടികൾ. സ്വവര്‍ഗാനുരാഗികളെയും ലിംഗവൈവിധ്യം പുലര്‍ത്തുന്നവരെയും അകറ്റി നിർത്തരുത് എന്ന ചിന്തയിൽ നിന്നുമാണ് സ്‌കൂളുകള്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

നിയമം പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും പാലിക്കേണ്ട വസ്ത്രരീതിയെക്കുറിച്ച് സ്‌കൂളുകളുടെ നിയമാവലിയില്‍ ഉണ്ടായിരുന്ന ചട്ടങ്ങളും അധികൃതർ പിൻവലിച്ചു.  ബര്‍മിങ്ങ്ഹാമിലെ അലന്‍സ് ക്രോഫ്റ്റ് സ്‌കൂളാണ് രാജ്യത്ത് ലിംഗനിഷ്പക്ഷ യൂണിഫോമുകള്‍ ആദ്യം അനുവദിച്ചത്. ഇതേ തുടർന്ന് ലണ്ടനിലെ മറ്റു സ്കൂളുകൾ ഈ മാതൃക പിന്തുടരുകയായിരുന്നു. ഇനി കോളേജുകളുടെ കാര്യം എടുക്കുകയാണ് എങ്കിൽ ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ യൂണിഫോമുകള്‍ ധരിക്കാന്‍ ലണ്ടനിലെ ബ്രൈറ്റണ്‍ കോളജ് ഒരു വര്‍ഷം മുന്‍പുതന്നെ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു. താൻ ഏതി ലിംഗത്തിൽ പെടുന്ന വ്യക്തിയാണ് എന്ന് സമൂഹത്തോട് പറയാനും ഭിന്നലിംഗക്കാരിയാണ് എങ്കിൽ ആ രീതിയിൽ ജീവിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം വിളിച്ചു പറയുന്ന രീതിയിലാണ് സ്കൂളിൽ പുതിയ  ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ യൂണിഫോം നിയമം കൊണ്ടു വന്നിരിക്കുന്നത്. 

എന്നാൽ സ്കൂളുകൾ പരീഷിക്കുന്ന  പുതിയ തീരുമാനത്തില്‍ രാജ്യത്തെ ചില ക്രൈസ്തവ സംഘടനകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള നടപടിയല്ല ലിംഗവിവേചനത്തെ നിരുൽസാഹപ്പെടുത്താൻ ആവശ്യം എന്നാണു അവരുടെ വാദം. മാത്രമല്ല പുതിയ നടപടി കുട്ടികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഇവർ പറയുന്നു . എന്നാൽ, യൂണിഫോം പരിഷ്‌കരണം വന്നാലും പഴയപോലെ സ്കൂളിൽ രണ്ടുതരത്തിലുള്ള യൂണിഫോമുകളുണ്ടാവുമെന്നും അതില്‍ ഏതുവേണമെങ്കിലും കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ബോര്‍ഡിംഗ് ആന്‍ഡ് ഡേ പബ്ലിക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റിച്ചാര്‍ഡ് കെയ്ണ്‍സ് ചൂണ്ടിക്കാട്ടി.