വധൂവരന്മാർ കുളത്തിലേക്കു ചാടുന്നു; ക്യാമറയും ഒപ്പം ചാടുന്നു

വിവാഹം സ്വർഗത്തിൽ വച്ചാണു നടക്കുന്നതെന്ന കാര്യമൊക്കെ ശരിതന്നെ. എന്നാൽ അതിനു ശേഷമുള്ള ഫോട്ടോഷൂട്ട് പഴയ മരംചുറ്റലിലും പൂക്കൾ പശ്ചാത്തലമാക്കിയുള്ള രംഗങ്ങളിൽനിന്നുമൊക്കെ ഒരുപാട് മാറി. വധൂവരന്മാരെ വെള്ളത്തിനടിയിൽ പോസ് ചെയ്യിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അണ്ടർവാട്ടർ ഫൊട്ടോഗ്രഫി എന്ന നൂതന രീതി ഇന്നു കേരളത്തിൽ പുതിയ ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.

ഹൗസ്ബോട്ടിൽനിന്നു വെള്ളത്തിലേക്കു വരനും വധുവും ചാടുന്നതും മുങ്ങാംകുഴിയിട്ടു വെള്ളത്തിലൂടെ നീന്തുന്നതും രണ്ട് ക്യാമറകളിലായി ഷൂട്ട് ചെയ്യും. വെള്ളത്തിനടിയിലെ നാച്വറൽ ലൈറ്റിൽ മീനുകൾക്കൊപ്പം നീന്തിനടക്കുന്നത് ആൽബത്തിലെത്തുമ്പോൾ ഫോട്ടോയ്ക്ക് ഇഫക്ട് കൂടും. മലബാർ മേഖലയിൽ ഇത്തരത്തിൽ ഫോട്ടോ എടുക്കുന്ന രീതി ആദ്യമായി അവതരിപ്പിച്ച മംഗൾസൂത്ര വെഡിങ് പ്ലാനേഴ്സ് മൂന്നു വർഷത്തിനിടെ ഒട്ടേറെ ആൽബങ്ങൾ വെള്ളത്തിനടിയിൽനിന്നു ഷൂട്ട് ചെയ്തു.

അണ്ടർവാട്ടർ ഫൊട്ടോഗ്രഫിയുടെ ചിത്രങ്ങളും വിഡിയോകളും വെബ്സൈറ്റിൽ വൈറൽ ആയതോടെ സംസ്ഥാനത്തിന്റെ പുറത്തുനിന്നും ആവശ്യക്കാരുടെ വിളി വന്നു. നീന്തൽ അറിഞ്ഞില്ലെങ്കിലും വെള്ളത്തിനടിയിൽ അൽപ്പനേരം ശ്വാസംപിടിച്ചു നിൽക്കാനുള്ള കഴിവു വേണം. വെള്ളത്തിനടിയിൽ വച്ചു കുടുംബ ഫോട്ടോ എടുക്കാനും തയാറായുള്ളവരുണ്ടത്രെ.

ഇത്തരത്തിലുള്ള ആൽബങ്ങൾക്ക് 75,000 രൂപ വില വരും. പുഴയിലും കടലിലും ഇറങ്ങി ഫോട്ടോ എടുക്കാമെങ്കിലും ഫോട്ടോയുടെ ക്ലാരിറ്റിയും റിസൽട്ടും ഒരു വിഷയമായതിനാൽ കൂടുതലായും പൂളുകളാണ് തിരഞ്ഞെടുക്കാറ്. കടലിന്റെ ഉൾഭാഗം പൂളിൽ സെറ്റിട്ടും ഫോട്ടോ എടുക്കും. ഇത്തരത്തിലുള്ള ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത് ഫൈവ്ഡി മാർക്ക് ടു ക്യാമറയാണ്. ഇതിൽ അണ്ടർവാട്ടർ ഹൗസിങ് ഉപയോഗിച്ചാണ് വെള്ളത്തിൽ ഇറക്കുക.

ആവശ്യക്കാരന്റെ ഇഷ്ടത്തിനനുസരിച്ചു പൂളിൽ കടലിന്റെ ഉൾഭാഗം ചിത്രീകരിക്കണമെങ്കിൽ വിവിധ തരത്തിലുള്ള ലൈറ്റുകളും സെറ്റ് ചെയ്യുമെന്നു മാനേജിങ് ഡയറക്ടർ അരുൺ വി. നായർ പറയുന്നു. ആശയവിനിമയത്തിനു കൂടുതൽ ബുദ്ധിമുട്ടായതിനാൽ എടുക്കാൻ പോകുന്ന രംഗങ്ങളും മറ്റും മുൻകൂട്ടി വരച്ചുകാണിക്കും, മേക്കപ്പിന്റെ ആവശ്യമില്ല, ഒഴുകിനടക്കുന്ന മുടിയും വസ്ത്രങ്ങളും ചിത്രത്തിന് അഴകു കൂട്ടുന്നു. facebook.com/info.mangalsutra