കടങ്കഥ പോലൊരു ചിത്രം, വൈറലായ ആ ആറു സുന്ദരികള്‍ക്കു പിന്നിലെ രഹസ്യം കണ്ടെത്താമോ?

സമൂഹമാധ്യമത്തില്‍ വൈറലായ ഫോട്ടോ

ട്രെൻഡിങ് എന്ന വാക്കുതന്നെ ഇപ്പോൾ സമൂഹമാധ്യമത്തിനു സ്വന്തമാണ്. ഒരു ഫോട്ടോയും വിഡിയോയുമൊക്കെ ട്രെൻഡിങ് ആവാൻ വെറും മിനുട്ടുകൾ മതി. പുതിയ വിശേഷവും ഒരു ട്രെൻഡിങ് ഫോട്ടോയുടേതാണ്. സുന്ദരികളായ ആറു പെൺകുട്ടികൾ ഒന്നിച്ചിരിക്കുന്ന ഒരു ചിത്രം. അതിലെന്തിരിക്കുന്നു ഇത്ര ട്രെൻഡിങ് ആവാൻ എന്നല്ലേ? ആറു സുന്ദരിമാരിൽ അഞ്ചുപേരു‌ടെ കാലുകൾ മാത്രമേ കാണുകയുള്ളു, ഒരാളുടെ കാലുകൾ അപ്രത്യക്ഷം.

പാർട്ടി മൂഡിൽ സന്തുഷ്ടരായി ഇരിക്കുന്ന ആ ആറു പെൺകൊടികളുടെ ചിത്രം ആദ്യം പങ്കുവെക്കപ്പെട്ടത് റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിലാണ്. നടുവിലിരിക്കുന്ന പെൺകുട്ടികളുടെ കാലുകൾ ഏതെന്നു കണ്ടത്തൂ എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഷെയർ ചെയ്തത്. കടങ്കഥ പോലുള്ള ചിത്രത്തിനു പിന്നാലെ ഉത്തരവും തേടി പലരും പാഞ്ഞു. ആറുപേരിൽ ഏതോ ഒരുവൾ തന്റെ കാലുകൾ മറച്ചു വച്ചിരിക്കുകയാണ്, പക്ഷേ അതാരാണെന്നു കണ്ടെത്തൽ അത്ര എളുപ്പവുമല്ല.

സംഗതി വിശദീകരിച്ചു നൽകിയാല്‍പ്പോലും ആശയക്കുഴപ്പം തോന്നിക്കുന്ന ചിത്രത്തിന് ഒരു സല്യൂട്ട് കൊടുക്കേണ്ടതു തന്നെ.

മൂന്നാമതിരിക്കുന്ന പെൺകുട്ടിക്കു കാലുകൾ ഉണ്ടാകില്ലെന്നും അവളെ ഫോട്ടോഷോപ് ചെയ്തതാകാമെന്നും പലരും പറഞ്ഞു. പക്ഷേ അതൊന്നുമല്ല സത്യം. ഇടതുവശത്തു നിന്ന് മൂന്നാമതിരിക്കുന്ന പെൺകുട്ടി അവളുടെ കാലുകളിൽ തന്നെയാണെന്നു ചിത്രത്തിൽ കാണാം. സോഫയിലേക്ക് ചാഞ്ഞിരിക്കാത്ത ആ പെൺകുട്ടിയുടെ വലതുതോള്‍വശം രണ്ടാമതിരിക്കുന്ന പെൺകുട്ടിയുടെ മുന്നിലും ഇടതുതോൾ നാലാമതിരിക്കുന്ന പെൺകുട്ടിക്ക് അൽപം പുറകിലായിട്ടുമാണ്, അതായത് ഒരുവിധത്തില്‍ കഷ്‌ടപ്പെട്ട് അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ് അവൾ.

ഒറ്റനോട്ടത്തിൽ മൂന്നാമതിരിക്കുന്ന പെൺകുട്ടിക്കാണ് കാലുകൾ ഇല്ലാത്തതെന്നു തോന്നുമെങ്കിലും ചിത്രം കൂടുതൽ നിരീക്ഷിച്ചാൽ കാണാം അവളുടെ കാലുകളാണ് രണ്ടാമത്തെ പെൺകുട്ടിക്കു മുന്നിലുള്ളത്. അപ്പോൾ രണ്ടാമത്തെ പെൺകുട്ടിയുടെ കാലുകൾ എവി‌ടെപ്പോയെന്നല്ലേ? അത് ആദ്യമിരിക്കുന്ന പെൺകുട്ടിയുടെ കാലുകൾക്കു പുറകിൽ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. ചിത്രം ആവർത്തിച്ചു നോക്കുമ്പോൾ അതു വ്യക്തമായി കാണുകയും ചെയ്യാം. എന്തായാലും ആ ഒരൊറ്റ ചിത്രം കാരണം തലപുകച്ചവർ ചില്ലറയല്ല. സംഗതി വിശദീകരിച്ചു നൽകിയാല്‍പ്പോലും ആശയക്കുഴപ്പം തോന്നിക്കുന്ന ചിത്രത്തിന് ഒരു സല്യൂട്ട് കൊടുക്കേണ്ടതു തന്നെ.