ഒരൊറ്റചിത്രം മതി ഫെയ്മസ് ആവാൻ; വൈറലായ തെങ്ങോല പിടിച്ച പുലിവാൽ

മറ്റുള്ളവരുടെ കഴിവിനെ പുകഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇകഴ്ത്തി കാണിക്കാതിരിക്കുയെങ്കിലും ചെയ്യണം. ഒരാൾ ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കുന്നതുപോലെ തന്നെ അതിലെ നെഗറ്റീവ് വശങ്ങൾ കണ്ടെത്തി പരമാവധി പ്രചാരണം കൊടുക്കാനും സോഷ്യൽ മീഡിയയോളം കഴിവുള്ള മറ്റൊരു വേദിയില്ല. ഇത്തരത്തിൽ സോഷ്യൽ മീഡിയ ട്രോളുകളിലൂടെ ഒരു ഫോട്ടോ പ്രചരിച്ചപ്പോൾ അതിന്റെ യാഥാർഥ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അതിന്റെ ഫോട്ടോഗ്രാഫർ. ഒരുനേരംപോക്കിന് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രം അഭിനന്ദനത്തേക്കാളേറെ കുറ്റപ്പെ‌ടുത്തലുകളുമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുമെന്നു ശിവദാസ് വാസു എന്ന ആ യുവാവു വിചാരിച്ചിട്ടുണ്ടാവില്ല.

തെങ്ങോല താഴെ പതിക്കുന്നതിനു മുമ്പുള്ള പെർഫെക്റ്റ് ക്ലിക്ക് ആണ് ശിവദാസ് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്. തൊട്ടടുത്ത പറമ്പിൽ ഓലയിടാൻ വന്ന ചേട്ടനും ഫോട്ടോയിൽ പങ്കുണ്ട്. കക്ഷിയോട് ഓല അടർത്തിയിടാൻ പറഞ്ഞു ഓല താഴെ വീഴുന്ന നിമിഷം ആകാശനീലിമയിൽ ഒരടിപൊളി ക്ലിക്ക്. ചിത്രത്തിനു ലൈക്കുകളും ഷെയറുകളും വർധിച്ചപ്പോഴും ആ യുവാവ് കരുതിയില്ല ഫോട്ടോ ഇത്രത്തോളം പ്രശസ്തമാകുമെന്ന്. പക്ഷേ ശിവദാസിന്റെ ഫോട്ടോ ഫോട്ടോഷോപ് ചെയ്തതാണ് എന്ന രീതിയിലാണ് ഫേസ്ബുക്ക് വാട്സആപ് പോലുള്ള മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പിന്നീടു ട്രോൾ പോസ്റ്റുകളുടെ പെരുമഴയായിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രം മനോഹരമാണെങ്കിൽ അതിന്റെ അവകാശി താൻ തന്നെയാണെന്ന വാദവുമായി ശിവദാസ് രംഗത്തെത്തിയത്. ചിത്രം ഫോട്ടോഷോപ് അല്ലെന്നും സംശയമുള്ളവർക്ക് തന്റെ വീട്ടിൽ വന്നാല്‍ ഫോട്ടോയെടുത്ത ക്യാമറയും തെങ്ങും അടക്കം തെളിവുകൾ കാണിക്കാമെന്നും ശിവദാസ് പറഞ്ഞു. ഫോട്ടോ പങ്കുവച്ചപ്പോൾ കാലക്കേടിനാണു വാട്ടർമാർക് ഉപയോഗിക്കാതിരുന്നതെന്ന് ശിവദാസ് വാസു പറയുന്നു. എന്തായാലും ഒരൊറ്റ ഫോട്ടോ കൊണ്ടു സോഷ്യൽ മീഡിയയിലെ താരമായിരിക്കുകയാണ് ഈ യുവാവ്.

ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്