റോസാപുഷ്പങ്ങളുമായി ബാങ്കിലൊരു സ്ത്രീ, വിഡിയോ വൈറൽ!

നവംബര്‍ എട്ടിന് രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. സാധാരണക്കാരുടെ ദൈനം ദിന ജീവിതത്തെ ഇത് ചെറിയ തോതിലൊന്നുമല്ല ദുരിതത്തിലാഴ്ത്തിയത്. കൈയിലുള്ള 500, 1000 രൂപ നോട്ടുകള്‍ മാറിയെടുക്കാന്‍ ജനം ബാങ്കിലേക്ക് ഒഴുകുക ആയിരുന്നു. 

മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രക്രിയയില്‍ നല്ല പണി കിട്ടിയ കൂട്ടരായിരുന്നു  ബാങ്ക് ജീവനക്കാര്‍. ജനങ്ങളുടെ ജീവിതം കഷ്ടപ്പാടിലാകാതിരിക്കാന്‍ അവര്‍ അഹോരാത്രം ജോലി ചെയ്തു. 12 മണിയാകും പല ബാങ്കുകളിലെയും ജീവനക്കാര്‍ ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോള്‍. ഈ കഷ്ടപ്പാട് അധികമാരും കാണാറുമില്ല. റിട്ടയേഡ് ബാങ്ക് ജീവനക്കാര്‍ പോലും തെരക്ക് കണക്കിലെടുത്ത് സേവനം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ കാഴ്ചയുമുണ്ടായിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് ലക്ക്‌നൗവിലെ ഇന്ധിരാ നഗര്‍ എസ്ബിഐ ബാങ്കില്‍ ജോലി ചെയ്യുന്ന പ്രശാന്ത് സിങ് തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയും ചിത്രവും വൈറലായത്. അത്യാവശ്യം പ്രായമുള്ള ഒരു സ്ത്രീ ബാങ്കിലേക്ക് ഒരു ബൊക്കെ നിറയെ റോസാപുഷ്പങ്ങളുമായി കടന്നുവരുന്നു. എന്നിട്ട് ബാങ്കിലെ ഓരോ ജീവനക്കാരനും റോസാ പൂ സമ്മാനിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി വളരെയധികം അധ്വാനിക്കുന്നു- ആ സ്ത്രീയുടെ ഈ വാക്കുകള്‍ക്ക് ബാങ്ക് ജീവനക്കാരുടെ മുഖത്ത് നല്‍കാന്‍ സാധിച്ച സംതൃപ്തി വാക്കുകള്‍ക്ക് അതീതമായിരുന്നു. 

വിഡിയോ ഇതിനോടകം തന്നെ 75,000ത്തോളം പേര്‍ കണ്ടു കഴിഞ്ഞു.