വാട്ട്സ്ആപ്പ് സന്ദേശങ്ങൾ വിവാഹബന്ധങ്ങൾ തകർക്കുന്നു

ജനപ്രിയ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വാട്ട്സ്ആപ്പിന്റെ ഉപയോഗം വർധിച്ചതോടെ ഇതുമൂലമുള്ള സാമൂഹിക പ്രശ്നങ്ങളും ഉയർന്നിരിക്കുകയാണ്. വാട്ട്സ്ആപ്പ് ഉപയോഗം മൂലം ഇറ്റലിയിൽ വിവാഹമോചനങ്ങൾ വർധിക്കുന്നു എന്നതാണ് പുതിയ വാർത്ത. പല വിവാഹ മോചനക്കേസുകളിലും പ്രധാന വില്ലൻ വാട്ട്സ്ആപ്പ് സന്ദേശങ്ങളാണ്. വിവാഹ മോചനക്കേസുകളിൽ ദമ്പതികൾ തെളിവായി ഹാജരാക്കുന്നത് കാമുകനോ കാമുകിക്കോ അയച്ച വാട്ട്സ്്ആപ്പ് സന്ദേശങ്ങളാണ്.

അവിഹിത ബന്ധത്തിന്റെ പേരിൽ വരുന്ന വിവാഹ മോചനക്കേസുകളിൽ 40 ശതമാനവും വാട്ട്സ്ആപ്പ് സന്ദേശങ്ങളാണ് തെളിവായി സ്വീകരിക്കുന്നതെന്ന് ഇറ്റാലിയൻ അസോസിയേഷൻ ഓഫ് മാട്രിമോണിയൽ ലോയേഴ്സ് പ്രസിഡന്റ് ജിയാൻ ഗസാനി പറഞ്ഞു.

വാട്ട്സ്ആപ്പിലൂടെ ആൺ - പെൺ നഗ്നചിത്രങ്ങൾ പരസ്പരം കൈമാറുന്നത് സാധാരണയായിട്ടുണ്ട്. ഒരാൾ തന്നെ ഇങ്ങനെ മൂന്നോ നാലോ ബന്ധങ്ങൾ നിലനിർത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റാലിയൻ സംസ്കാരത്തിന്റെ അടിത്തറ കുടുംബമാണ്. ഇത് നേരത്തെ തന്നെ തകർച്ചയുടെ വക്കിലായിരുന്നു. വാട്ട്സ്ആപ്പ് വന്നതോടെ ആ തകർച്ചയ്ക്ക് വേഗം കൂട്ടുകയാണെന്നും ഗസാനി പറഞ്ഞു.