നെയിൽപോളിഷിന്റെ നിറം അന്വേഷിച്ച് നെറ്റ്‌ലോകം

തൂക്കിയിട്ടിരിക്കുന്ന ഒരു ഡ്രസിന്റെ നിറം കറുപ്പും നീലയുമാണോ അതോ വെളുപ്പും സ്വർണവർണവുമാണോ എന്നും ചോദിച്ചായിരുന്നു ആദ്യത്തെ പുകിൽ. #TheDress എന്ന ഹാഷ്ടാഗോടെ ഹോളിവുഡ് താരങ്ങളും പോപ്പ് ഗായികമാരും ഉൾപ്പെടെ അതിനു മറുപടി പറയാന്‍ മെനക്കെട്ടതോടെ സംഗതി നല്ല നേരമ്പോക്കായി. അതിന്റെ ക്ഷീണം കഴിഞ്ഞയുടനെയാണ് ആരോ ഒരു പൂച്ചയുടെ പടം പോസ്റ്റ് ചെയ്തത്. ഫോട്ടോയിലെ പൂച്ച പടി കയറുകയാണോ അതോ ഇറങ്ങുകയാണോ എന്നതായിരുന്നു ചോദ്യം. അതു പക്ഷേ വലിയ ക്ലച്ചു പിടിക്കാതെ വേഗം കളംവിട്ടു. എന്നിട്ടും സമൂഹമാധ്യമങ്ങളിലെ ഫോട്ടോവട്ടിതുവരെ കെട്ടടങ്ങിയിട്ടില്ല.

#TheShoe എന്ന ഹാഷ്ടാഗിലാണു പുതിയ ഓൺലൈൻ ചർച്ചകൾ ഉഷാറാകുന്നത്. Totallymendes എന്ന യൂസർ നെയിമിൽ ട്വിറ്ററിലുള്ള യുവതിയാണ് ദ് ഷൂ ചർച്ചയ്ക്കു തുടക്കമിട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ച അവർ ഒരു ഫോട്ടോ ട്വീറ്റു ചെയ്തു. അതിൽ ആകെക്കൂടി കാണാവുന്നത് ഒരു ജോഡി ഷൂവും പിന്നെ രണ്ട് കുപ്പി നെയിൽ പോളിഷും. അതിൽ ഒന്നിനു പർപ്പിൾ നിറം, മറ്റൊന്നിന് പിങ്കിനോടു ചേർന്നൊരു നിറവും. ചെരിപ്പിന്റെ നിറത്തിനു ചേർന്ന നെയിൽപോളിഷ് ഏതാണെന്ന ചോദ്യത്തോടെയായിരുന്നു ഫോട്ടോ പോസ്റ്റിങ്. വിദേശത്ത് സംഗതി എന്തായാലും വൈറലായി.

40000 തവണയിലേറെയാണ് #TheShoe ഹാഷ്ടാഗിൽ ഫോട്ടോ റീട്വീറ്റു ചെയ്യപ്പെട്ടത്. പതിനായിരക്കണക്കിന് ഫേവറിറ്റുകളും ലഭിച്ചു.

അതുംപോരാതെ നെറ്റ്‌ലോകം ഇതിന്റെ ഉത്തരം തേടാനും തുടങ്ങി. ഭൂരിപക്ഷം പേരും പറഞ്ഞത് രണ്ടു നിറവും ചേരുന്നില്ല എന്നായിരുന്നു. പിന്നെയുള്ള കൂടുതൽ ഉത്തരങ്ങളും പർപ്പിൾ എന്നായിരുന്നു. രണ്ട് കളറും ഷൂവിന്റെ നിറത്തിനു ചേരുമെന്നു പറഞ്ഞ് തലയൂരിയവരുമുണ്ട്. ഇനിയെങ്കിലും ഇത്തരം വട്ടുചോദ്യങ്ങൾ ആരും പോസ്റ്റ് ചെയ്യല്ലേയെന്നു പറഞ്ഞ് നമിച്ചു പോയവരും ഏറെ. പലതരം ഉത്തരങ്ങളുമായി ഇപ്പോഴും ട്വിറ്റർ കിളിയുടെ ചുമലിലേറി പറന്നു കളിക്കുകയാണ് ഈ ഷൂവും നെയിൽപോളിഷും.

ഒരു പാർട്ടിക്കു പോകാൻ വേണ്ടിയായിരുന്നു യൂസർ സത്യത്തിൽ ഷൂവിനു ചേർന്ന നെയിൽപോളിഷിന്റെ നിറം ചോദിച്ചത്. പാർട്ടിക്ക് പോയപ്പോൾ പക്ഷേ കക്ഷി എന്ത് െനയിൽപോളിഷായിരിക്കും ഉപയോഗിച്ചതെന്ന ചോദ്യവും പിന്നാലെയുണ്ടായി. അതിന്റെ ഉത്തരവും അവർ തന്നെ പോസ്റ്റ് ചെയ്തു. ലോകം മുഴുവന്‍ നെയിൽപോളിഷിന്റെ നിറമന്വേഷിച്ച് അടികൂടുമ്പോൾ നഖങ്ങളിൽ വെളുത്ത നിറവും ചാർത്തിയായിരുന്നു കക്ഷി പാർട്ടിക്കു പോയത്.