പിങ്കുമല്ല പർപ്പിളുമല്ല ആ നിറം... പിന്നെ??

ഇന്റർനെറ്റിനെ ഇളക്കിമറിച്ച നെയിൽപോളിഷ് സംവാദത്തിന് ഒടുവിൽ ഉത്തരം കിട്ടി. ഒരു ഷൂവിന് ചേർന്ന നെയിൽപോളിഷ് ഏതാണെന്നു ചോദിച്ച് അവ മൺറോ എന്ന വനിത പോസ്റ്റ് ചെയ്ത ചിത്രമായിരുന്നു ട്വിറ്ററിലൂടെ വൈറലായത്. പിങ്ക് ആണോ അതോ പർപ്പിൾ ആണോ ഷൂവിന് ചേർന്ന നിറം എന്നായിരുന്നു അറിയേണ്ടിയിരുന്നത്. ലക്ഷക്കണക്കിനു പേരാണ് ഇതിന്റെ ഉത്തരം തേടി അലഞ്ഞത്. നേരത്തെ ഒരു ഡ്രസിന്റെ നിറം നീലയാണോ അതോ ഗോൾഡനാണോ എന്നന്വേഷിച്ചുണ്ടായ സംവാദത്തിന്റെ അതേ മട്ടിലായിരുന്നു ഇതിന്റെയും പോക്ക്.

റീട്വീറ്റുകൾ ലോകമെമ്പാടും തലങ്ങും വിലങ്ങും പാഞ്ഞതോടെ ഇത്തരം സംഗതികൾ ഇനിയും തുടർന്നാൽ ട്വിറ്ററിലെ അക്കൗണ്ട് ഡിലീറ്റു ചെയ്യുമെന്നു വരെ ഒട്ടേറെ പേർ ഭീഷണി മുഴക്കി. തങ്ങൾക്ക് തോന്നിയ നിറം പറഞ്ഞവരും സംഗതി ഒപ്റ്റിക്കൽ ഇല്യൂഷനാണെന്നു പറഞ്ഞ് സംവാദം കൊഴുപ്പിച്ചവരുമുണ്ടായിരുന്നു. പക്ഷേ ഒരു ഫാഷൻ വെബ്സൈറ്റാണ് നെയിൽ പോളിഷ് തയാറാക്കിയ സിൻഫുൾ കളേഴ്സിനോട് ചോദിച്ച് ഒടുവിൽ സംവാദത്തിന്റെ ഉത്തരം കണ്ടെത്തിയത്. രണ്ട് നെയിൽപോളിഷും പർപ്പിളിന്റെ ഷേഡുള്ള നിറങ്ങളായാണ് തയാറാക്കിയതെന്ന് കമ്പനി അറിയിച്ചു. അതോടെ ഷൂവിനു ചേർന്ന കളർ പർപ്പിളല്ലെന്നുറപ്പായി.

ഷൂവിന്റെ നിറം പരിശോധിച്ചപ്പോഴാണറിഞ്ഞത്, അതിന്റെ യഥാർഥ നിറം മജന്തയാണ്. നെറ്റ്‌ലോകം മുഴുവൻ തലപുകച്ച ചോദ്യത്തിന് അതോടെ ഉത്തരവുമായി– ഷൂവിനു രണ്ട് കളറും ചേരില്ല. ഒരു പാർട്ടിക്കു പോകാൻ വേണ്ടിയായിരുന്നു മൺറോ സുഹൃത്തുക്കളോട് ഏത് നിറമുള്ള നെയിൽ പോളിഷ് ഉപയോഗിക്കണമെന്നു ചോദിച്ചത്. ഉത്തരം അന്വേഷിച്ച് ലോകം മുഴുവൻ തലപുകച്ചപ്പോൾ മൺറോ ഒരു വെളുത്ത നെയിൽ പോളിഷുമിട്ട് പാർട്ടിക്കു പോയെന്നതാണു സത്യം.