താറാവു വളർത്തുകാരന്റെ കിടിലൻ മേക്ക് ഓവർ, ഫോട്ടോഷൂട്ട് വൈറൽ!

ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

മോഡലാകാൻ പ്രായപരിധിയുണ്ടെന്നു കരുതുന്നവർ ചൈനയിലെ ഒരു അപ്പൂപ്പന്റെ കഥ കേൾക്കണം. താറാംമക്കളെയും തെളിച്ചു ജീവിച്ചിരുന്ന അപ്പൂപ്പന്റെ ജീവിതത്തിൽ പെട്ടന്നാണ് ആ വഴിത്തിരിവു കടന്നുവന്നത്. മോഡലാകാൻ ഒരു നിയോഗം അതും എഴുപത്തിരണ്ടാം വയസ്സിൽ. കിട്ടിയ അവസരം കൈയും നീട്ടി സ്വീകരിച്ചതോടെ പിന്നെ ആളു താരമായി.

ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

കിടിലൻ ലുക്കിൽ പടങ്ങൾ പുറത്തു വന്നതോടെ സോഷ്യൽമീഡിയ ഇദ്ദേഹത്തെ എടുത്ത് ആഘോഷിച്ചു. മധ്യചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഒരു നാടൻ താറാവു കർഷകനായ വാങ്‌സുൻസോങ് ആണ് ഞൊടിയിടയിൽ ഫാഷൻ ഐക്കണായി രൂപാന്തരം പ്രാപിച്ചത്. മുൻ സൈനികനാണു വാങ്ങ്. ഒരു ഫൊട്ടോഗ്രഫറാണ് വാങ്ങിന്റെ ജീവിതം മാറ്റി മറിച്ചത്. ഫോട്ടോ ഷൂട്ടിന് മോഡലാകുമോയെന്നത് ഫൊട്ടോഗ്രഫറുടെ അഭ്യർഥനയായിരുന്നു. മടിച്ചു നിൽക്കാതെ താറാവു പരിപാലനത്തിൽനിന്ന് ഒരു ദിവസത്തെ അവധി നൽകി വയോധികൻ ഫോട്ടോഷൂട്ടിന് തയാറായി. യുവാക്കൾ ധരിക്കുന്ന ട്രെൻഡി വേഷങ്ങളിലാണ് വാങ്ങ് ഫൊട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

ഡെനിം ഷോർട്‌സും വൈറ്റ് ഷർട്ടും ഗ്ലാസുമൊക്കെയായപ്പോൾ ആളങ്ങ് സൂപ്പറായി. ബ്ലേസർ ഇട്ടുകൊണ്ടെടുത്ത മറ്റൊരു ചിത്രവും ഏറെ ലൈക്കുകൾ നേടി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഇദ്ദേഹത്തിന്റെ പടങ്ങളെല്ലാം വൈറലായി.

23 മില്യനിൽ അധികം ലൈക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വാങ്ങിനു ലഭിച്ചത്. ആരാധകരിൽ പലരും ഇദ്ദേഹത്തെ ചൈനീസ് നടൻ ഹുവെയ് ലീയോടാണ് സാദൃശപ്പെടുത്തിയത്. എ സ്റ്റൈലിഷ് ഓൾഡ് മാൻ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. വേറൊരാളുടെ പ്രതികരണം വസ്ത്രങ്ങൾ അപ്പൂപ്പനെ ചുള്ളനാക്കിയെന്നായിരുന്നു. നോക്കണേ സമയം തെളിയുന്നത്. വാങ്ങിനെപ്പോലെ ചുള്ളൻമാരായ അപ്പൂപ്പൻമാർക്കു നമ്മുടെ നാട്ടിലും പഞ്ഞമൊന്നുമില്ലല്ലോ.. അവരെയൊന്നും മോഡലാക്കാൻ പറ്റിയ മഹാമനസ്കർ വരാത്തതാണു കഷ്ടം!.