ജീവിച്ചത് ആറുദിവസം, ജീവൻ നൽകിയത് രണ്ടു പേർക്ക്

ലണ്ടൻ ∙ ‘രണ്ടു പേർക്കു പുതുജീവൻ നൽകി അവൾ യാത്രയായിഎന്ന സാധാരണ വാചകം പോര ഇൗ അവയവദാനത്തെക്കുറിച്ചു പറയാൻ. ഇൗ പെൺകുഞ്ഞ് ജീവിച്ചിരുന്നത് വെറും ആറുദിവസം. അതിനിടെ തന്റെ വൃക്കയും കരളിലെ കോശങ്ങളും ദാനംചെയ്ത് അവൾ യാത്രയായി. ബ്രിട്ടനിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവ് എന്ന ആദരവോടെ.

ഇനിയും പേരിടാത്ത ഇൗ കുഞ്ഞിനെ നമുക്ക് സ്നേഹം എന്നു വിളിക്കാം. ലണ്ടനിലെ ഹാമർസ്മിത്ത് ആശുപത്രിയിൽ പിറന്നുവീഴുമ്പോൾ അവൾക്കുമൂന്നുകിലോ തൂക്കം ഉണ്ടായിരുന്നു. പക്ഷേ, ആരോഗ്യം അത്യധികം അപകടാവസ്ഥയിലായിരുന്നു. ഗർഭാവസ്ഥയിൽ തലച്ചോറിൽ വേണ്ടത്ര ഓക്സിജൻ ലഭിക്കാത്തതാണ് അവളെ മരണത്തിലെത്തിച്ചത്. കണ്ണൊന്നു ചിമ്മാതെ വിരലുകൾ അനക്കാതെ അഞ്ചുനാൾ... ആറാംനാൾ പ്രാണവായു ആ കുഞ്ഞുശരീരത്തിൽനിന്നു മറയും മുൻപേ അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകുകയായിരുന്നു. ന്യൂനതകളില്ലാതിരുന്ന വൃക്ക മറ്റൊരാളിൽ തുന്നിച്ചേർത്തു.

കുഞ്ഞു ശരീരത്തിൽനിന്ന് അവയവം നീക്കുന്നതും തുന്നിച്ചേർക്കുന്നതും ദുഷ്കരമാണ്. എങ്കിലും ശിശുക്കളുടെ അവയവദാനം പ്രോൽസാഹിപ്പിക്കാൻഇൗ സംഭവം ഞങ്ങൾക്കു പ്രേരണ നൽകുന്നു-ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഡോക്ടർ ഗൗരവ് അത്രേജ പറഞ്ഞു.