ഇവർ വിവാഹിതരായോ! വൈറലായി ദീപിക–രൺവീർ വിവാഹ ചിത്രം

ദീപികയും രണ്‍വീറും– വൈറലാകുന്ന ഫോട്ടോഷോപ് ചിത്രം

വിരാട് കോഹ്‌ലിക്കും അനുഷ്ക ശർമയ്ക്കും ശേഷം ആരാധകർ കാത്തിരിക്കുന്ന ബോളിവുഡ് വിവാഹം രൺവീർ സിങ്ങ്–ദീപിക പദുക്കോൺ ജോഡികളുടേതാണ്. ഇരുവരും ഉടൻ വിവാഹിതരാകുമെന്ന് കേൾക്കാൻ തുടങ്ങിയിട്ടും നാളുകൾ കുറച്ചായി. ഇപ്പോഴിതാ ദീപികയുടെയും രൺവീറിന്റെയും വിവാഹവേഷത്തിലുള്ള ചിത്രമാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

താരങ്ങൾ തങ്ങളെ അറിയിക്കാതെ വിവാഹിതരായോ എന്നാലോചിച്ചു തലപുകയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് സംഗതി അതൊന്നുമല്ല, രൺവീറും ദീപികയും ഉടൻ വിവാഹിതരായി കാണാൻ ആഗ്രഹിക്കുന്നവരിൽ ചിലർ ഒപ്പിച്ച ഫോട്ടോഷോപ് വിദ്യയായിരുന്നു അത്. കഴുത്തു നിറഞ്ഞുകിടക്കുന്ന മാലയും മറ്റാഭാരണങ്ങളും അണിഞ്ഞു ലെഹംഗ ധരിച്ച് അസ്സൽ ട്രഡീഷണൽ ലുക്കിലുള്ള ദീപികയും ഷെർവാണിയും തലപ്പാവുമൊക്കെ ചുറ്റി കൂൾലുക്കിലുള്ള രൺവീറുമാണ് ചിത്രത്തിലുളളത്. ഒറ്റനോട്ടത്തിൽ ഇരുവരുെടയും വിവാഹ ചിത്രമെന്നു തന്നെ തോന്നുന്ന ചിത്രം അതിവേഗത്തിലാണ് സമൂഹമാധ്യമത്തിൽ വൈറലായത്. 

ഇരുകൂട്ടരുടെയും ഫാൻക്ലബുകളിലും ചിത്രങ്ങൾ പടർന്നു കൊണ്ടിരിക്കുകയാണ്.ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് ദീപിക പദുക്കോണും രൺവീർ സിങ്ങും ഉടന്‍ വിവാഹിതരാകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.  മൂന്നോനാലോമാസത്തിനുള്ളിൽ ദീപികയുടെ കഴുത്തിൽ രൺവീർ മിന്നു ചാർത്തുമെന്നായിരുന്നു ഉയർന്നിരുന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായിരിക്കും കൂടുതൽ സാധ്യതയെന്നും വിവാഹം മുംബൈയിൽ വച്ചു തന്നെ നടത്തണമെന്നാണ് രൺവീറിന്റെ കുടുംബത്തിന്റെ ആഗ്രഹമെന്നും പറയപ്പെടുന്നു. 

വിവാഹത്തിനു മുന്നോടിയായി ദീപിക ഷോപ്പിങ്ങ് ആരംഭിച്ചുവെന്നും വിവരമുണ്ട്. വിവാഹശേഷം സിനിമാലോകത്തെ സുഹൃത്തുക്കൾക്കായി ഗംഭീര വിരുന്നും ഇരുവരുടെയും കുടുംബം സംഘടിപ്പിക്കുന്നുണ്ടത്രേ.‌ രൺവീറിനും കുടുംബത്തിനുമൊപ്പം ലണ്ടനിൽ നിന്നാണ് ദീപിക ആഭരണങ്ങളും മറ്റും തിരഞ്ഞെടുത്തതെന്നും കേട്ടിരുന്നു.

സഞ്ജയ് ലീലാ ബൻസാലിയുടെ 2013ൽ പുറത്തിറങ്ങിയ രാംലീലയിൽ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നത്. പിന്നീട് പല െപാതുവേദികളിലും ദീപികയ്ക്കൊപ്പം കൈകോർത്ത് രൺവീറിനെയും കാണുന്നതു പതിവായതോടെ അതൊരു പരസ്യമായ പ്രണയവുമായി മാറി. എന്തായാലും അധികം വൈകാതെ മറ്റൊരു വിവാഹമാമാങ്കത്തിനു കൂടി ബോളിവുഡ് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണെന്ന് ഏറെക്കുറെ ഉറപ്പായ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam