വിവാഹത്തിനു മുൻപേ ആദ്യ രാത്രി; സേവ് ദ് ഡേറ്റ് വിഡിയോ വൈറൽ

‘വിവാഹം ഇന്ന് ഒരു ഉത്സവമാണ്, പുതിയ പരീക്ഷണങ്ങളും പണികളുമൊക്കെയുള്ള ഒരു ആഘോഷം’ പറഞ്ഞു മടുത്ത വാചകമാണ് ഇത്. ഒരോ വിവാഹവും കൗതുകരവും പുതുമയുള്ളതുമായ എന്തെങ്കിലും ഒന്ന് കരുതി വച്ചിരിക്കും. ആദ്യരാത്രിയുമായി എത്തിയ സേവ് ദ് ഡേറ്റ് വിഡിയോ ആണ് കൂട്ടത്തിൽ ഏറ്റവും പുതിയത്. വിവാഹത്തിനു മുൻപേ ആദ്യ രാത്രി ഷൂട്ട് ചെയ്തു. കേള്‍ക്കുമ്പോഴേ അയ്യേ എന്നു പറയാൻ വരട്ടെ. കാരണം ഇതു കണ്ടാൽ ചിരിക്കുമെന്നുറപ്പാണ്. 

ഡിസംബർ 29ന് വിവാഹിതരാകുന്ന അർജുന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹത്തിനു വേണ്ടിയാണ് ടീ ക്ലബ് വെഡ്ഡിങ് കമ്പനി ഈ കിടലൻ സേവ് ദ് ഡേറ്റ് വിഡിയോ തയാറാക്കിയത്. അലങ്കരിച്ച മുറിയിൽ മുല്ലപ്പൂ വിരിച്ച മെത്തയുമായി കാത്തിരിക്കുകയാണ് കഥാനായകൻ. ജുബ്ബയണിഞ്ഞ് മുടി ചീകി തയാറായി നിൽക്കുന്ന നായകന്റെ മുൻപിലേക്ക് സങ്കല്പങ്ങളൊന്നും തെറ്റിക്കാതെ നായിക കടന്നുവരുന്നു. സെറ്റ് മുണ്ടുടുത്ത്, കയ്യിൽ പാൽ ഗ്ലാസുമായി നാണത്തോടെ തന്നെ.

ഇതുവരെ എല്ലാം ഒകെ. എന്നാൽ മുൻപിൽ നിൽക്കുന്ന വധുവിനെ കണ്ടതോടെ പുതുമണവാളനൊരു ഭയം. പേടിച്ചു നിൽക്കുന്ന ചെക്കനെ പിടിച്ചുകൊണ്ടു വന്ന് ബെഡിലിരുത്തി ഒരു ഉമ്മ കൊടുക്കാനൊരുങ്ങുമ്പോഴാണ് വാതിലിലൊരു മുട്ട്. ബാത്ത് റൂമിലെ സ്വപ്നത്തിൽനിന്ന് നായകൻ ഞെട്ടി ഉണരുന്നു. ചിരിക്കാതെ കണ്ടിരിക്കാനാവില്ല ഈ ‘സേവ് ദ് ഡേറ്റ് വിഡിയോ’. ശ്രീലക്ഷ്മിയുടെ ഗംഭീര പ്രകടനമാണ് ഈ  വിഡിയോയുടെ പ്രത്യേകത.

ടീ ക്ലബ് വെഡ്ഡിങ് കമ്പനിയുടെ വിഡിയോകൾ കണ്ട് ഇഷ്ടപ്പെട്ട ശ്രീലക്ഷ്മി ഒരു വർഷം മുൻപ് സേവ് ദ് ഡേറ്റ് വിഡിയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മലപ്പുറത്തുള്ള ശ്രീലക്ഷ്മിയുടെ അമ്മയുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിഡിയോയുടെ ഷൂട്ട്. വൈകുന്നേരം അഞ്ചു മണിയോടു കൂടി ഷൂട്ടിങ് തുടങ്ങി. ടീ ക്ലബ് വെഡ്ഡിങ്ങിന്റെ ഉടമസ്ഥനായ രഞ്ജിത്ത് ആർ. നായരുടേതായിരുന്നു ആശയം. ‘‘എല്ലാവർക്കും ആദ്യ രാത്രിയെ കുറിച്ച് സങ്കല്പങ്ങളുണ്ടായിരിക്കും, പ്രത്യേകിച്ച വിവാഹനിശ്ചയം കഴിഞ്ഞവർക്ക്. അത് വളരെ രസകരമായി അവതരിപ്പിക്കണമെന്നു തീരുമാനിക്കുകയായിരുന്നു. ആളുകൾ മോശം പറയരുതെന്നു നിർബന്ധമുണ്ടായിരുന്നു. എന്നാൽ വിഡിയോ കണ്ട് മികച്ച പ്രതികരണമാണ് ലഭിച്ചത്. വളരെയധികം ചിരിച്ചു എന്നാണ് പലരും പറഞ്ഞത്.’’– രഞ്ജിത്ത് പറഞ്ഞു. 

അർജുന് ജോലി സ്ഥലത്തേക്കു തിരിച്ചു പോകേണ്ടതിനാൽ വേഗം തീർക്കണമായിരുന്നു. എങ്കിലും സമയപരിധിയിൽ നിന്ന് മികച്ച രീതിയിൽ ചിത്രീകരിച്ചു. വീട്ടുടമസ്ഥരുടെ സഹകരണമാണ് വിഡിയോ ഇത്രയും മികച്ചതാവാൻ കാരണമെന്നും രഞ്ജിത്ത് പറയുന്നു. വിഡിയോയുടെ അവസാനഭാഗത്ത് അഭിനയിച്ചത് ആ വീട്ടിലെ അംഗങ്ങളിലൊരാളാണ്. നാല് പേരുടെ സംഘമാണ് ഷൂട്ട് ചെയ്തത്. വിഡിയോയുടെ ഡിഒപി നിർവഹിച്ചിരിക്കുന്നത് ജോൺ പോൾ മാത്യുവാണ്. അസിസ്റ്റന്റ് ക്യാമറമാൻ നിതീഷ് വിദ്യാധർ, എഡിറ്റിങ്ങ് അഭിജിത്ത് ജോസഫ്, കളറിംഗ് ബിബിൻ പോൾ സാമുവൽ.

ശ്രദ്ധേയമായ ഡബ്സ്മാഷുകൾ ചെയ്തിട്ടുള്ള ശ്രീലക്ഷ്മിയ്ക്ക് സിനിമകളിൽ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. പക്ഷേ അഭിനയിക്കാനായില്ല. ശ്രീലക്ഷ്മി തകർത്ത് അഭിനയിച്ച് ആ വിഷമം മാറ്റി. ശ്രീലക്ഷ്മിയുടെയും അർജുന്റെയും വിവാഹനിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷത്തോളമായി. ഈ സേവ് ദ് ഡേറ്റ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. മൂന്നു മിനിറ്റിൽ ഒരു ആദ്യ രാത്രി കണ്ട് ചിരിക്കാം.