പോസ്റ്റിൽ കെട്ടിയിട്ടും ചില ജന്മദിനസമ്മാനങ്ങൾ, ഈ വിവാദം കെട്ടടങ്ങി; പക്ഷേ...

Representative Image

അടുത്തിടെ, ഒരു ജന്മദിനാഘോഷമുണ്ടാക്കിയ പുകിലുകള്‍ മറന്നിട്ടില്ലല്ലോ. തൊടുപുഴയ്ക്കു സമീപത്തെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിക്കാണ് കൂട്ടുകാര്‍ മറക്കാനാകാത്ത ‘ജന്മദിനസമ്മാനം’ നല്‍കിയത്. ബര്‍ത്‌ ഡേക്കുട്ടിയെ പോസ്റ്റിൽ കെട്ടിയിട്ടു ദേഹത്തു വർണപ്പൊടികൾ വാരിയെറിഞ്ഞും ചാണകവെള്ളം ഒഴിച്ചും ആഘോഷിക്കുന്ന ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിച്ചു. 

വ്യാപക പ്രതിഷേധമുയർന്നതോടെ മുഖ്യമന്ത്രിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ഓഫിസുകള്‍ ഇടപെട്ടു. കേസും കൂട്ടവുമായി. ആഘോഷം തന്റെ അറിവോടെയാണെന്നും ഇവ സാധാരണമാണെന്നും വിദ്യാർഥി അറിയിച്ചതോടെയാണ് വിവാദമൊഴിഞ്ഞത്. 

ഹോസ്റ്റലില്‍ താവളമുറപ്പിച്ചവര്‍ക്ക്  ബര്‍ത് ഡേയ്സ് എന്നാല്‍ ഹൊറര്‍ ഡേയ്സ് കൂടിയാണ്. അര്‍ധരാത്രി 12 മണി....മുറിയുടെ വാതിലും കടന്ന് ആ ഹാപ്പി ബര്‍ത് ഡേ സോങ് കൂട്ടമായി കയറിവരുമ്പോള്‍ ചങ്കിടിപ്പു കൂടും. പിന്നെയെല്ലാം ജഗപൊഗ! ‘ജനിക്കാതിരുന്നെങ്കില്‍’ എന്ന് ഏതെങ്കിലും ജന്മദിനക്കാരനു തോന്നിയാല്‍ തെറ്റുപറയാനൊക്കില്ല. ആഘോഷം തുടങ്ങുക  നടയടിയോടെ ആകും. ജന്മദിനക്കുട്ടിയെ വിളിച്ചുണർത്തി, എത്രാമത്തെ ജന്മദിനമാണോ അത്രയും അടികൾ പിന്‍ഭാഗത്ത്. നേരത്തേ ജന്മദിനാഘോഷം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ക്ക് അതിന്റെ കടംവീട്ടാനുള്ള സുവര്‍ണാവസരം കൂടിയാണിത്. കൂട്ടുകാരായതിനാല്‍ അടിക്കു വേദനയു​ണ്ടാകില്ലെന്ന് അനുഭവസ്ഥർ പറയുന്നു. 

കുളിപ്പിക്കല്‍ മസ്റ്റാ... 

ജന്മദിനം ആഘോഷിക്കുന്നവനെ മാറ്റിനിർത്തി പല നിറങ്ങളിലുള്ള വെള്ളം ദേഹത്തൊഴിക്കുക പതിവു ചടങ്ങാണ്. ചിലര്‍ ദോശമാവും പരീക്ഷിക്കാറുണ്ട്. ചില ഹോസ്റ്റലുകളിലൊക്കെ നടുത്തളമുണ്ട്. ഇവിടൊക്കെ, കൂട്ടുകാരനെ നടുത്തളത്തില്‍ നിര്‍ത്തി ബാല്‍ക്കണിയില്‍നിന്നു തലയിലേക്കു വെള്ളമൊഴിക്കുന്നതാണ്  പ്രധാന കലാപരിപാടി. ഒരു ഷവറിനും നല്‍കാനാകാത്ത സുഖം! 

താടിയുടെ കാര്യം പോക്കാ..

മനോഹരമായി നീട്ടിവളര്‍ത്തിയ താടിയുടെ കാര്യത്തിലും തീരുമാനമാകും. പിറന്നാള്‍രാത്രി തന്നെ താടി പോയിക്കിട്ടും. കൈകള്‍ കെട്ടിയിട്ടിരിക്കുന്നതിനാൽ ഷേവിങ്ങിനു വിധേയരാകുന്നവർക്കു പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടാകില്ല. ഹോസ്റ്റലിലെ പല ഫ്രീക്കന്മാരും ജന്മദിനപ്പിറ്റേന്ന് ‘അയ്യോ പാവങ്ങ’ളാകുന്നതിന്റെ ഗുട്ടന്‍സ് ഇതാണ്. 

കോളജിനുള്ളില്‍ തന്നെയുള്ള ഹോസ്റ്റലുകളാണെങ്കില്‍, മെത്തയോടെ ചുരുട്ടിയെടുത്ത് ക്യാംപസിനു നടുവില്‍ കൊണ്ടു പ്രതിഷ്ഠിക്കുന്ന ആചാരവുമുണ്ട്. 12നു തുടങ്ങുന്ന ആഘോഷം പുലർച്ചെവരെ നീളും; അല്ലെങ്കിൽ ഹോസ്റ്റൽ വാർഡൻ വരുന്നതു വരെ. 

പിറന്നാള്‍ സുന്ദരി 

ഗേള്‍സ് ഹോസ്റ്റലുകളും ആഘോഷത്തില്‍ കുറവു വരുത്താറില്ല. ബെർത്ഡേ ബേബിയെ കൂടുതൽ സുന്ദരിയാക്കുന്നതാണു  പ്രധാന ആചാരം. വിളിച്ചുണർത്തി, പരമാവധി പഴകിയ തക്കാളിയും മുട്ടയും കുറച്ചു മൈദയും ചേർത്തുള്ള ഫേഷ്യൽ. ഷാംപൂ ചേര്‍ത്ത സുഗന്ധജലം തലവഴി ഒഴിക്കുന്നതും ഒരു രസം! കുളിച്ചു സുന്ദരിയായി ജന്മദിനക്കുട്ടി കോളജിലേക്കിറങ്ങുമ്പോഴാണ് അടുത്ത പണി. ചിലർ ദേഹത്തു മുഴുവൻ നിറങ്ങളും ഗിൽറ്റുമൊക്കെ വാരിപ്പൂശും. രണ്ടു ദിവസമെങ്കിലും കഴിയാതെ അതു പോവില്ല. ഡോറയുടെ ഹെയർബാന്റും പെരുന്നാളിനു വാങ്ങിയ കണ്ണടയും കഴുത്തിൽ വാട്ടർ ബോട്ടിലുമൊക്കെയായി കോളജിലേക്ക് ആനയിക്കുന്ന ശീലവുമുണ്ട്. ഇതൊക്കെ കേട്ട് ഹോസ്റ്റലുകളിലേക്കു പോകാനിരിക്കുന്നവർ പേടിക്കേണ്ട. ആഘോഷം അതിരുവിടാതിരിക്കാനും കൂട്ടുകാര്‍ക്കു പരുക്കേല്‍ക്കാതിര‌ിക്കാനും ആഘോഷക്കമ്മിറ്റിക്കാര്‍ ശ്രദ്ധിക്കാറുണ്ട്. ‘ഓർത്തിരിക്കാൻ ഇതൊക്കെയല്ലേയുള്ളൂ’ എന്ന വാക്കുകളില്‍ ആഘോഷങ്ങളെ ഹോസ്റ്റല്‍ സംഗ്രഹിക്കുന്നു. 

മുന്നറിയിപ്പ്

ആഘോഷങ്ങളെല്ലാം നല്ലതു തന്നെ. പക്ഷേ, അവ അപകടരഹിതാണെന്ന് ഉറപ്പാക്കുമല്ലോ. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. അതിനൊന്നും ‘ജന്മദിനങ്ങള്‍’ ഉത്തരവാദിയായിരിക്കില്ല.  

തയാറാക്കിയത്:  നിഥിന്‍ സാമുവല്‍ , സായൂജ്യ സെബാസ്റ്റ്യന്‍

                

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam