Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവള്‍ സസ്നേഹം എഴുതുമ്പോള്‍

Writing Representative Image

"Writing is a process, a journey into memory and the soul."—Isabel Allende

തീക്ഷ്ണമായ സ്വപ്നങ്ങളിലേക്കുള്ള സ്നേഹാര്‍ദ്രമായ യാത്രകളാണ് മിക്കപ്പോഴും ഓരോ എഴുത്തുകാരിയുടെയും തൂലികത്തുമ്പില്‍ വാക്കുകളായി വിടരുന്നത്. എഴുത്ത്  ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വന്തം അസ്ഥിത്വത്തിലേക്കും മനസ്സിലേക്കും പ്രണയപ്പൂര്‍വം ഉള്ള  യാത്രയാണ്.   അടിച്ചേല്‍പ്പിക്കപ്പെട്ട വ്യവസ്ഥയോട്  നിഷേധിക്കാനും പ്രതിഷേധിക്കാനും കഴിഞ്ഞില്ലെങ്കില്‍ ജീവിതം വ്യഥമാണ് എന്ന തിരിച്ചറിവാണ് ഓരോ സ്ത്രീയെയും  ഒരേ സമയം പ്രണയിനിയും  എഴുത്തുകാരിയുമാക്കുന്നത്. 

 ചാരുലത എന്ന സത്യജിത് റേയുടെ സിനിമയിലെ നായിക ഭര്‍ത്താവില്‍ നിന്നുള്ള അവഗണന കാരണം സാഹിത്യ സൃഷ്ടിയിലേക്ക് ഉര്‍ജസ്വലമായി തിരിയുന്നു. സര്‍ഗാത്മകതയോടുള്ള അവളുടെ സ്നേഹം  കുടുംബവ്യവസ്ഥയോടുള്ള നിഷേധമായി മാറുകയും അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഭര്‍ത്താവിന്റെ  ബന്ധുവിനോട് അവള്‍ക്കു പ്രണയം തോന്നുകയും ചെയുന്നു. മേഘമല്‍ഹാര്‍ എന്ന ചലചിത്രത്തില്‍ നന്ദിത എന്ന എഴുത്തുക്കാരി  പ്രണയം കണ്ടെത്തുന്നത് അവളുടെ രചനകളെ  ആസ്വദിക്കുന്ന ബിജു മേനോന്‍റെ കഥാപാത്രത്തിലൂടെയാണ്,  എഴുതാപ്പുറങ്ങളിലെ സുഹാസിനി അവതരിപ്പിക്കുന്ന രാജലക്ഷ്മിയെന്ന കഥാപാത്രത്തിന്‍റെ സര്‍ഗാത്മകത ജീവിതത്തിനോടുള്ള കാമന നിലനിര്‍ത്താന്‍ സഹായിക്കുന്നു . സാഹിത്യ സൃഷ്ടിയിലൂടെ  അവള്‍ തന്‍റെയും തനിക്കു ചുറ്റുമുള്ള സ്ത്രീകളുടെയും കഥകള്‍ പറയുന്നു. 

കുടുംബത്തിലും സമൂഹത്തിലും അനുഭവിക്കുന്ന വിലക്കുകളില്‍ നിന്ന്  ഉടലെടുക്കുന്ന  തീക്ഷ്ണ വേദന പലപ്പോഴും  സ്ത്രീയുടെയുള്ളിലെ സ്നേഹാര്‍ദ്രതയെ വാക്കുകള്‍ കൊണ്ടുള്ള പോരാട്ടം ആക്കി മാറ്റാറുണ്ട്. എസ് ശാരദകുട്ടി, ആകയാല്‍ എനിക്ക് ഭയങ്ങളേയില്ല എന്ന ലേഖനത്തില്‍  അഭിപ്രായപെടുന്നത്  “നിങ്ങള്‍ ഒരു കത്തി എന്‍റെ നെഞ്ചില്‍ ആഴ്ത്തിയിറക്കിയാല്‍ ഞാന്‍ ഒരു വാക്ക് നിങ്ങളില്‍ ആഴ്ത്തിയിറക്കും എന്നു ശപഥം ചെയ്തു കൊണ്ട് എഴുത്തിലൂടെയും വായനയിലൂടെയും സ്വയം രക്ഷിക്കുകയാണ് ഞാന്‍” എന്നത്രേ.

സര്‍ഗാത്മകതയും ജീവിതത്തിനോടുള്ള പ്രണയവും ഒരു സ്ത്രീയെ സംബന്ധിച്ച് ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണ്. സ്വന്തന്ത്ര ജീവിതത്തിനോടുള്ള  സ്നേഹമാണ് പലപ്പോഴും ഓരോ എഴുത്തുകാരിയെയും നിര്‍മ്മിക്കുന്നത്. ഓരോ  സാഹിത്യകാരിയുടെ രചനയിലും  അവളുടെ ആത്മാവിന്‍റെ രഹസ്യങ്ങള്‍  ഉണ്ട്. ഹൃദയത്തിന്‍റെ ഞരമ്പ്‌ മുറിച്ചു വേദനയുടെ രക്തത്തില്‍ ചാലിച്ചാണ് പല എഴുത്തുകാരികളും തങ്ങളുടെ രചനകള്‍  സൃഷ്ടിക്കുന്നത്. അടിച്ചമര്‍ത്തലിന്റെ മരണഭയത്തില്‍ നിന്ന് പോരാട്ട ജീവിതത്തിലേക്കുള്ള വഴിയിലാണ് ഓരോ എഴുത്തുകാരിയും ജനിക്കുന്നത്. ഒരു എഴുത്തുകാരി ആയില്ലായിരുന്നെകില്‍ എന്നേ ആത്മഹത്യ ചെയേണ്ടി വരുമായിരുന്നു എന്ന് പറഞ്ഞ സ്ത്രീകളെ നമുക്കറിയാം . 

 എലയ്ന്‍ ഷോവാള്‍ട്ടര്‍ സ്ത്രീയുടെ രചനകളെ അവളുടെ ജീവിതവും ശരീരവുമായി ബന്ധിപ്പിക്കുന്നു Ecriture Feminine  എന്ന ഷോവാള്‍ട്ടറുടെ സങ്കല്പത്തില്‍ സ്ത്രീ അറിഞ്ഞോ അറിയാതെയോ എഴുതുന്നത്‌  അവളെ തന്നെയാണ്. അവള്‍ രേഖപെടുത്തുന്നത് അവളുടെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും അനുഭവങ്ങളാണ്. സ്ത്രൈണം(feminine), സ്ത്രീവാദം(feminist), സ്ത്രീ സംബന്ധം(female) എന്നീ മുന്നൂ സൂക്ഷ്മ തലങ്ങളിലൂടെയാണ് അവര്‍ സ്ത്രീ രചനയുടെ വളര്‍ച്ചയെ നോക്കി കാണുന്നത്. ഇതില്‍ ആദ്യത്തെ  സ്ത്രൈണ കാലഘട്ടത്തില്‍  മിക്ക എഴുത്തുകാരികളും പുരുഷ സങ്കല്പത്തിലെ സ്ത്രീയെ തന്‍റേതായ രീതിയില്‍, പുരുഷഭാവനയോട് മത്സരിച്ചു കൊണ്ട് പുനരാവിഷ്കരിക്കാനും അനുകരിക്കാനുമാണ് ശ്രമിച്ചത്. രണ്ടാമത്തെ  ഫെമിനിസ്റ്റ്  ഘട്ടം പുരുഷസങ്കല്‍പത്തിലെ സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെട്ട  ബിംബത്തിനോടുള്ള പ്രതിഷേധത്തിന്റെതായിരുന്നുവെങ്കില്‍ മൂന്നാം ഘട്ടം പുരുഷ സ്വാധീനത്തിനെ നിരാകരിച്ചു കൊണ്ട് സ്ത്രീയുടെ സ്വതന്ത്ര വ്യക്തിത്വത്തിലൂന്നിയ  സ്വാശ്രയ രചനകളെയാണ് ഉദ്ദേശിച്ചത്.  

പല സ്ത്രീകള്‍ക്കും എഴുത്ത് ഒരേ സമയം അതീജീവനവും പോരാട്ടവുമാണ്. ഇന്നത്തെ സ്ത്രീ എഴുതുന്നത് സമാനഹൃദയമുള്ള അല്ലങ്കില്‍ അനുഭവമുള്ള സമൂഹത്തിനും  വേണ്ടിയാണ് . എഴുത്തിലൂടെ അവള്‍ സ്വയം ആഘോഷിക്കാന്‍ ശ്രമിക്കുന്നു. നന്ദിത “ വേദനയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് / കരഞ്ഞു പിറക്കുന്ന കവിത” എഴുതി മരണത്തെ പ്രണയിച്ചു  വരിക്കുന്നു. 

. “എഴുതാതിരിക്കാന്‍ വയ്യ.  ജീവിച്ചിരിക്കുകയാണെങ്കില്‍ ഇനിയും എഴുതി പോകും” എന്ന് എഴുതി  മരണം വരിച്ച രാജലക്ഷ്മിയെന്ന സാഹിത്യകാരി എഴുത്തും ജീവിതത്തിനോടുള്ള പ്രണയവും  തമ്മിലുള്ള  അഗാധമായ ബന്ധം നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നു. സര്‍ഗാത്മകതയ്ക്ക് ഒരു പരിധി വരെ   സ്ത്രീയുടെ  അസ്തിത്വവ്യഥക്ക് ശമനം നല്‍കാന്‍ പറ്റുമെന്നവര്‍  തെളിയിക്കുന്നു.  എഴുത്ത് നല്‍കുന്ന നിലനില്‍പ്പിന്‍റെ ശക്തി മുറുകെ പിടിച്ചു കൊണ്ട് അവള്‍ ചുറ്റുമുള്ള ലോകവുമായി പൊരുതാനും പൊരുത്തപെടാനും ശ്രമിക്കും. ഇവിടെ നിന്നാണ് ഒരു എഴുത്തുകാരി വളരാന്‍ ശ്രമിക്കുന്നത്.  സൃഷ്ടിയുടെ  പക്വതയാര്‍ന്ന അന്തിമഘട്ടത്തില്‍ അവള്‍ സമൂഹത്തിന്‍റെ  അടിച്ചമര്‍ത്തുന്ന വ്യവസ്ഥകളെ തീര്‍ത്തും നിഷേധിച്ചു കൊണ്ട് തന്‍റെ സ്വരം കേള്‍പ്പിക്കും. സര്‍ഗാത്മകതയിലൂടെ പ്രണയം ആഘോഷിച്ച മലയാളത്തിന്‍റെ മുന്‍നിര സാഹിത്യകാരികളില്‍ ഒരാള്‍ മാധവികുട്ടിയാണ്. മാധവിക്കുട്ടിക്ക് എഴുത്ത് എല്ലാ അടിച്ചമര്‍ത്തലുകളില്‍ നിന്നുമുള്ള സ്വാതന്ത്ര്യത്തിനോടുള്ള പ്രണയപ്രഖ്യാപനം കൂടിയായിരുന്നു. മാധവി കുട്ടിയുടെ മിക്ക കഥകളിലും സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീ ഉണ്ട്.

പ്രണയവും എഴുത്തും ആത്മാവിഷ്കാരത്തിന്‍റെ രണ്ടു മുഖങ്ങള്‍ ആണെന്ന തിരിച്ചറിവാണ് ഓരോ എഴുത്തുകാരിയെയും നിര്‍മ്മിക്കുന്നത്. പ്രണയത്തിനെയും നിഷേധത്തിനെയും കുറിച്ച് പറയുമ്പോള്‍ സമകാലീന സാഹിത്യകാരികളില്‍ നിന്നൊക്കെ എത്രയോ മുന്‍പ്  എഴുത്തിന്‍റെ മലയാളി സ്ത്രീ ചരിത്രത്തില്‍ രേഖപെടുത്തേണ്ട ഒന്നാണ് കെ സരസ്വതി അമ്മയുടെ പേരും കൃതികളും. സര്‍ഗാത്മക പ്രണയത്തിലൂടെ  ഒറ്റയ്ക്ക് യാത്ര ചെയ്ത സരസ്വതി അമ്മയുടെ രചനകള്‍ എല്ലാം സ്ത്രീപ്രധാനവും സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നതും ആയിരുന്നു.  പ്രണയത്തിനെയും സ്നേഹത്തിനെയും കുറിച്ചെഴുതുന്ന സ്ത്രീ സമൂഹ മധ്യത്തില്‍ അനുഭവിക്കുന്ന  സംഘര്‍ഷങ്ങള്‍ അവര്‍ പ്രേമഭാജനം എന്ന തന്റെ നോവല്‍ രചനയോട് അനുബന്ധിച്ച് ഉള്ള പരാമര്‍ശത്തില്‍ പറയുന്നു “എനിക്കാരെയും പേടിയൊന്നുമില്ല. ഞാന്‍ ഇത്തരം കഥകളെഴുതുന്നതില്‍ നിന്ന് പിന്തിരിയാനും  പോകുന്നില്ല” എന്ന് സരസ്വതി അമ്മയുടെ അഭിപ്രായം  എസ് ഗുപ്തന്‍ നായരുടെ കാറ്റില്‍ പറക്കാത്ത കത്തുകള്‍ എന്ന പുസ്തകത്തില്‍ ഉണ്ട്. കെ സരസ്വതി അമ്മയെ പോലെ ലളിതാംബിക അന്തര്‍ജനത്തിന്റെ രചനകള്‍ എന്നും ശക്തമായ സ്ത്രീമോഹങ്ങളെ പ്രതിഫലിപ്പിച്ചിരുന്നു . അന്തര്‍ജനത്തിന്റെ  സൃഷ്ടികള്‍ “ സ്ത്രീ എന്നും സാഹിത്യധാരണയില്‍ ഭോഗത്തിനുള്ള ഉപകരണം മാത്രമായിരുന്നു”എന്ന് ആത്മകഥയ്ക്ക് ഒരാമുഖത്തില്‍  പ്രസ്താവിച്ച കാഴ്ചപ്പാടിനു നേരെയുള്ള പ്രതിഷേധം ഉള്‍കൊണ്ടിരുന്നു .  

മലയാള സാഹിത്യത്തില്‍ സ്നേഹവും പ്രണയവും  ശക്തമായി ആഘോഷിച്ച  സ്ത്രീകളില്‍ എന്നും മുന്‍ പന്തിയില്‍ തന്നെ  കവയത്രികള്‍ ഉണ്ടായിരുന്നു. സുഗതകുമാരിയുടെ കൃഷ്ണകവിതകളിലും വിജയലക്ഷ്മിയുടെ മഴ തന്‍ മറ്റേതോ മുഖം പോലുള്ള കവിതകളിലും  ഒരേ സമയം പ്രണയത്തില്‍ വേദനിക്കുകയും ആഹ്ലാദിക്കുകയും ചെയുന്ന  സ്ത്രീയുണ്ട്. “കൃഷ്ണാ നീ അറിയുമോ എന്നെ” എന്ന് ചോദിക്കുന്ന കവിതയിലെ സ്ത്രീ നഷ്ടസ്വപ്നങ്ങളില്‍ അഭിരമിക്കുമ്പോള്‍ തന്നെ സ്വത്വാന്വേഷണത്തിന്‍റെ വേദനകള്‍ പറയുന്നു. റോസ് മേരിയുടെ ചാഞ്ഞു പെയുന്ന മഴ പോലുള്ള  കവിതകളില്‍ പ്രണയിനിയായ സ്ത്രീയുടെ ആത്മസ്പര്‍ശം നിറഞ്ഞു തുളുമ്പുന്നു. ഗീതാ ഹിരണ്യന്റെ അര്‍ദ്ധനാരീശ്വരന്‍ എന്ന കവിതയില്‍ മനോഹരവും എന്നാല്‍ യാഥാര്‍ഥ്യത്തില്‍ ഊന്നിയതുമായ പ്രണയസങ്കല്‍പം തുടിക്കുന്നുണ്ട്. റോസി തമ്പിയുടെ 'പ്രണയ ലുത്തീനിയ' എന്ന പുസ്തകം സ്നേഹത്തിന്‍റെ വിവിധ മുഖങ്ങള്‍ വരച്ചു കാണിക്കുന്നു. ഒരു സാഹിത്യകാരിയുടെ  പ്രണയവും എഴുത്തും അവളുടെ തന്നെ രണ്ടു മുഖങ്ങളാണ് എന്ന് പല എഴുത്തുകാരികളും നമ്മോട് ഇന്നും പറയാതെ പറയുന്നു. ബിന്ദു കൃഷ്ണന്‍ “സ്നേഹിക്കപ്പെടുന്ന സ്ത്രീകളെ കണ്ടാലറിയാം” എന്നെഴുതുമ്പോള്‍ പ്രണയവും സര്‍ഗാത്മകതയും ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ ഉള്‍ക്കൊള്ളാനുള്ള ഉപാധിയും കൂടിയാകുന്നു.  

കവിതകളിലെ  പോലെ തന്നെ മിക്ക എഴുത്തുകാരികളുടെ കഥകളിലും പ്രണയം ഒരു കഥാപാത്രമായി മാറുന്നു. സ്ത്രീകള്‍ നേരിടുന്ന സാമൂഹികവും വ്യക്തിപരവുമായ പ്രശ്നവിഷയങ്ങള്‍ പലതും പല എഴുത്തുകാരികളും തങ്ങളുടെ  രചനകളില്‍ പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ലളിതാംബിക അന്തര്‍ജനത്തിന്റെ മിക്ക സൃഷ്ടികളും  പ്രണയത്തിനെയും  വിവാഹത്തിനെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്നുണ്ട്. ജാതി മത വ്യവസ്ഥകള്‍ക്കും സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കും അതീതമായ പ്രണയം എന്ന വിഷയം  ഒരുപാട് സ്ത്രീരചനകളില്‍ നമുക്ക് ദര്‍ശിക്കാം. സ്ഥാപിത വ്യവസ്ഥകള്‍ ലംഘിക്കും എന്ന്  തോന്നുമ്പോള്‍   അടിച്ചമര്‍ത്തല്‍ നേരിടുന്ന പ്രണയം മാധവി കുട്ടിയെയും രാജലക്ഷ്മിയെയും  പോലുള്ള പല എഴുത്തുക്കാരികളുടെ കഥകളിലും ചിത്രീകരിക്കപ്പെടുന്നുണ്ട്. സിതാരയുടെ കറുത്ത കുപ്പായക്കാരി പോലുള്ള രചനകളില്‍ പ്രണയത്തിന്‍റെ തീക്ഷ്ണ സ്പര്‍ശം തുടിക്കുന്നു. 'നിന്റെയീ സ്‌നേഹമാണ് എന്റെ പ്രതികാരം.' എന്ന് പറയുന്ന സിതാരയുടെ അഗ്നി എന്ന കഥയിലെ പ്രിയ സ്നേഹത്തിലൂടെ പ്രതിഷേധിക്കാനും ജീവിതം തിരിച്ചു പിടിക്കാനും ശ്രമിക്കുന്ന ഒരു കഥാപാത്രമാകുന്നു. സ്ത്രീയെഴുത്തിന്‍റെ ആത്മാംശത്തില്‍ നിറഞ്ഞു തുളുമ്പുന്ന പ്രതിഷേധധ്വനിയുള്ള പ്രണയം പല വ്യവസ്ഥാപിത വീക്ഷണങ്ങളും തകര്‍ക്കുന്നു.   കെ ആര്‍ മീരയുടെ മോഹമഞ്ഞയില്‍ "ജീവിതത്തിലാദ്യമായി കാണുകയാണെങ്കിലും പ്രണയബന്ധങ്ങളിൽ പതിവുള്ളതുപോലെ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് അവളും ഇവളെ എപ്പോഴോ പരിചയപ്പെട്ടിട്ടുണ്ടല്ലോ എന്ന് അയാളും വിചാരിച്ചു"  എന്നു പറയുന്നിടത്തു സ്നേഹത്തിന്‍റെ ജന്മാന്തര ഉഷ്മളതകള്‍ കഥാകാരി പങ്കുവയ്ക്കുന്നു . ജീവിതത്തിലാഘോഷിക്കാന്‍ ആഗ്രഹിച്ച  പ്രണയവും സ്വപ്നവും മോഹവും പലപ്പോഴും ഒരു എഴുത്തുകാരിയുടെ സ്വതന്ത്രവും സ്വച്ഛവുമായ  വരികളില്‍ വിടരാറുണ്ട്. ചന്ദ്രമതി ടീച്ചറിന്റെയും  ഇന്ദു മേനോന്റെയും പ്രിയ എ എസിന്റെയുമൊക്കെ കഥകള്‍ കറുപ്പും വെളുപ്പും നിറങ്ങള്‍ക്കപ്പുറം ഉള്ള പ്രണയത്തിന്‍റെ സങ്കീര്‍ണതകള്‍ മനോഹരമായി ആവിഷ്കരിക്കുന്നു . പ്രിയ. എ.എസിന്റെ  അവന്റെ ആ പൂമരം ഞാനായിരുന്നു എന്ന കുറിപ്പ് ഒരു തീവ്രപ്രണയത്തിന്റെ സ്മാരകമാണ്.

മിക്ക  സമകാലിക എഴുത്തുകാരികളുടെ രചനകളിലെയും പ്രണയത്തിനു ബഹുമുഖ തലങ്ങള്‍ ഉണ്ട്. വിഷാദത്തിന്റെ നിറവും പ്രതിഷേധത്തിന്റെ സ്വരവും ഉള്ള ഒരു പ്രണയിനി അന്നുമിന്നും അവയില്‍    നമുക്ക് കാണാം. സര്‍ഗാത്മകത പോലെ തന്നെ എഴുത്തുകാരിയുടെ ഉള്ളിലെ പ്രണയവും പ്രതിഷേധത്തിന്റെയും സ്വതന്ത്ര അഭിവാഞ്ചയുടെ  അഗ്നി കൊണ്ട് നടക്കുന്നു. പ്രണയവും തുറന്നെഴുത്തും   സ്ത്രീയുടെ അവകാശങ്ങള്‍ ആണെന്ന് അവര്‍ രചനകളിലൂടെ ഉറക്കെ പ്രഖ്യാപിക്കുന്നു .

വിവാഹ ശേഷം പ്രണയത്തിന്‍റെ അപരതലങ്ങളിലൂടെ എഴുതിയ എഴുത്തുകാരികള്‍ മാത്രമല്ല  മറിച്ച് യാഥാര്‍ഥ്യത്തിന്റെ പ്രളയത്തില്‍ സ്നേഹത്തിന്‍റെ എഴുത്താണി നഷ്ടപ്പെട്ടവര്‍ വരെ നമുക്കിടയില്‍ ഉണ്ട്. പഠന കാലത്ത് മനോഹരമായ കഥകളും കവിതകളും എഴുതിയ ശേഷം  കുടുംബ വ്യവസ്ഥയിലും ജീവിതത്തിന്‍റെ പ്രായോഗിക തിരക്കുകളിലും പെട്ട് ഇവരില്‍ പലര്‍ക്കും അതിനുള്ള ഏകാന്തതയും സ്വസ്ഥതയും ലഭിക്കുന്നില്ലെങ്കിലും ഇന്നും അവരുടെ സര്‍ഗാത്മതയില്‍  വിടരാന്‍ വെമ്പുന്ന  പ്രണയത്തിന്റെ കാല്‍പനിക ഗുല്‍മോഹര്‍ പുഷ്പങ്ങള്‍ ഉണ്ട്.  

ജീവിതത്തിനോടും ലോകത്തിനോടുമുള്ള പ്രണയത്തിലൂടെ സ്ത്രീയെന്നും സാഹിത്യ ചരിത്രത്തിന്‍റെ കണ്ണാടിയില്‍ അവളുടെ  പുതിയ പ്രതിബിംബങ്ങള്‍ വരച്ചു കൊണ്ടിരിക്കുന്നു . പ്രണയവും സര്‍ഗാത്മകതയും സ്ത്രീ സ്വത്വബോധത്തിന്‍റെ പരസ്പര പൂരകങ്ങളായ രണ്ടു തലങ്ങളായി പരിണമിക്കുന്നു.

(ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ഗവേഷകയും ഇപ്പോള്‍ തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമാണ് േലഖിക )

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam