Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തിന്റെ പാതിരാക്കാറ്റുകളിലെ ആമിയെന്ന ഉന്മാദം

Aaami ആമിയിൽ മഞ്ജു വാര്യർ

'' I am saint. I am the beloved and the

Betrayed. I have no joys that are not yours, no

Aches which are not yours. I too call myself I...''

എല്ലാം ഞാൻ തന്നെയാകുന്നു, പ്രാണനും പ്രണവവും പ്രണയവും എല്ലാം എല്ലാം ഞാൻ തന്നെയാകുന്നു. ആ ഒരു "ഞാൻ" ആയിരുന്നു പ്രിയങ്കരിയായ മാധവിക്കുട്ടിയും. ഓരോ കാലത്തും അവർ സംസാരവിഷയമാകുന്നുണ്ടെങ്കിൽ അതിന്റെ ശരികളും ശരികേടുകളും എല്ലാം വിരൽ ചൂണ്ടുന്നത് മാധവിക്കുട്ടി എന്ന വിഗ്രഹത്തിലേക്ക് തന്നെയാണ്. ആമി എന്ന കമൽ ചിത്രം പുറത്തിറങ്ങുമ്പോൾ അതിൽ വിരുദ്ധ അഭിപ്രായങ്ങളുണ്ട്. മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ സംവിധായകന് വ്യക്തമാക്കാനായോ എന്ന ചോദ്യം അർത്ഥരഹിതമാണ്, കാരണം, യാതൊരു വിധമായ അർത്ഥ സംഹിതകൾക്കും പിടി കൊടുക്കാതെയിരിക്കുന്ന പേരാണ് അവർ. അതുകൊണ്ടു തന്നെ ശരിക്കും ശരികേടുകൾക്കുമിടയ്ക്കുള്ള തുരുത്തുകളിൽ എവിടെയോ ആണ് സ്ഥിരമായി ആമി എന്ന മാധവിക്കുട്ടി ജീവിതം ജീവിച്ചു തീർത്തതും.

സിനിമയിലെ ആമിയുടെ പ്രണയം യഥാർത്ഥ ആമിയുടെ പ്രണയങ്ങളിൽ നിന്നും അതിന്റെ ആത്മീയമായ വഴികളിലൂടെ മാത്രമാണ് ഉടനീളം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. പ്രണയമെന്നത് മാധവിക്കുട്ടിക്ക് കൃഷ്ണനായിരുന്നു, അതെ കൃഷ്ണ സങ്കൽപ്പത്തെ കൊണ്ടുതന്നെ പ്രണയങ്ങൾ മുഴുവൻ ഏകീഭവിപ്പിക്കാൻ ഉള്ള ശ്രമം ഒരർത്ഥത്തിൽ കഥയ്ക്ക് ഒരുതരം മിസ്റ്റിക് അനുഭവം കൊണ്ട് വരുന്നുണ്ട്. പ്രണയം എന്ന അനുഭവത്തെ മാത്രം സ്വീകരിച്ചവളാണ് മാധവിക്കുട്ടി, അതൊരിക്കലും ഒരു മനുഷ്യ രൂപത്തിൽ ഒതുങ്ങുകയോ ഒതുക്കുകയോ അവർ ചെയ്തിരുന്നില്ല എന്ന് മാധവിക്കുട്ടിയുടെ അക്ഷരങ്ങൾ സാക്ഷി. അതുകൊണ്ടാണ് വിദേശിയായ കാർലോയോട് അയാളുടെ ഭ്രാന്തമായ പ്രണയത്തോടു കുറെയേറെ കഴിയുമ്പോൾ കമലയ്ക്ക് മടുപ്പു തോന്നുന്നതും അതിൽ നിന്നും വേരുകളിലേക്കുള്ള യാത്രയിൽ അവർ ഉന്മാദിനിയാകുന്നതും. ഒരേതാളത്തിൽ ഒരേവേഗതയിൽ സഞ്ചരിക്കുന്ന എല്ലാത്തിനോടും മടുപ്പു വന്നുകൊണ്ടേയിരിക്കും, അവ വ്യത്യസ്തമായി തീർക്കാൻ ശ്രമിക്കാത്ത കാലത്തോളം ഒരേ തലത്തിൽ ഒഴുകി നടക്കുന്ന അരുവി പോലെ ജീവിതങ്ങൾ മുന്നോട്ടു പോകും. അങ്ങനെ ഒരു അരുവിയാകാൻ മാധവിക്കുട്ടിക്ക് താല്പര്യവും ഉണ്ടായിരുന്നില്ല. ഓരോ നിമിഷവും ആർത്തലച്ചു, കുത്തിയൊഴുകി, കരയിലുള്ളതിനെ നശിപ്പിച്ചു ഒഴുകുന്ന പുഴയായിരുന്നു അവർ, എല്ലായ്പ്പോഴും പ്രണയത്തിന്റെ അനന്തത ഉള്ളിൽ പേറുന്ന ഒരു കടലിനെ അവർ കാത്തിരുന്നു. ആ കടലിനെ തിരഞ്ഞുള്ള ഒഴുക്കായിരുന്നു മാധവിക്കുട്ടിക്ക് ജീവിതം. ആ കടലിലേക്കുള്ള ഒഴുക്കിലേയ്ക്ക് കണ്ണ് നീട്ടിയിരിക്കുന്ന ആമിയുടെ (മഞ്ജു വാരിയരുടെ) മുഖം ഇപ്പോഴുമുണ്ട് ഹൃദയത്തിൽ...

Aami

"ഇവളും ഇപ്പോൾ നിങ്ങളെപ്പോലെ ജീവിക്കാൻ ശ്രമിക്കുന്നു. നിങ്ങളെ പോലെ വലിയ പൊട്ടു തൊടുന്നു, മുടി അഴിച്ചിടുന്നു, ഞാനുമൊത്തുള്ള ജീവിതം മടുത്തെന്നു പറയുന്നു...." മാധവിക്കുട്ടിയുടെ എഴുത്തുകൾ വായിച്ചു നിത്യം ഉരുകി തീരുന്ന ജീവിതത്തിൽ നിന്നും ധൈര്യത്തോടെ പുറത്തിറങ്ങിയ ഒരു സ്ത്രീയുടെ ഭർത്താവിന്റെ ആവലാതികളിൽ നമുക്ക് ഒരു കനൽ കാണാം. കാരണം ഓരോ സ്ത്രീയുടെയും ഉള്ളിലുള്ള ഒരു മാധവിക്കുട്ടിയെ തന്നെയാണ് ആ ഒരു രംഗം പ്രതിഫലിപ്പിക്കുന്നത്. പുരുഷമാർക്ക് പുറത്തിറങ്ങാനും മടുപ്പ് അകറ്റാനും ആയിരം കാരണങ്ങൾ മുന്നിലുള്ളപ്പോൾ തന്നെ സ്ത്രീകൾക്ക് അതിന്റെ കാരണങ്ങളും സാധ്യതകളും കുറവാണ്. പക്ഷേ ശബ്ദമുള്ളവരായി പുറത്തിറങ്ങുന്ന സ്ത്രീകൾ അവർ തങ്ങൾക്കുള്ളിൽ ഒളിപ്പിക്കപ്പെട്ട കാമുകിയായ മാധവിക്കുട്ടിയെ കണ്ടെത്തുകയും ആ ഒഴുക്കിനെ അതിന്റെതായ രീതിയിൽ തുറന്നു വിടാൻ ആരംഭിക്കുകയും ചെയ്യുന്നു. ഒരിക്കലും മാധവിക്കുട്ടി ആ സ്ത്രീയെ ശാസിച്ചു മടക്കി അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. തുറന്ന പുസ്തകമായി സ്വയം മനുഷ്യന്റെ മുന്നിൽ നിൽക്കാൻ ചങ്കൂറ്റം കാട്ടിയ ഒരാൾക്ക് മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ കരച്ചിലുകളെയും മടുപ്പിനെയും തിരിച്ചറിയാനും അവളെ തന്നിലേക്ക് ചേർത്ത് നിർത്താനും കഴിയും. മാധവിക്കുട്ടി അങ്ങനെ തന്നെയായിരുന്നു എന്നാണ് വിശ്വാസവും.

കൗമാരക്കാരിയായ ആമിയുടെ ചിത്രകാരനായ മാഷിലേയ്ക്കുള്ള ആർദ്രമായ നോട്ടത്തെ അയാൾ തൊട്ടെടുക്കുന്നത് അവസാനത്തെ വേർപിരിയലിൽ ആണെന്നുള്ളത് അതിശയിപ്പിക്കുന്നു. അത്രയേറെ തീക്ഷ്ണമായ പ്രണയം പേറുന്ന ഒരു സ്ത്രീയുടെ ചിന്താ തരംഗങ്ങളെ തൊട്ടടുത്തിരിക്കുമ്പോൾ വേർതിരിച്ചെടുക്കാൻ ആവാത്ത വിധത്തിൽ ചിത്രകാരന്റെ ഹൃദയം നിശ്ചലമാക്കപ്പെട്ടിരുന്നുവോ? കാറ്റ് സഞ്ചരിക്കുമ്പോൾ അലകളുയർത്തുന്ന തടാകം പോലെ ഓരോ പ്രണയവും ആമിയെ ബാധിച്ചിരുന്നു. അവയിൽ നിന്നൊക്കെ കര കയറാൻ അവർ അനുഭവിച്ചിരുന്ന പ്രയാസങ്ങൾ, മുറിവുകൾ ഒക്കെയും കഠിനം തന്നെയായിരുന്നു. 

അവരുടെ പ്രണയങ്ങളൊക്കെ എത്തേണ്ടയിടങ്ങളിൽ എത്തിയിരുന്നു, ഇങ്ങോട്ടു പ്രണയമെന്നു പറഞ്ഞവരോട് പ്രതിഷേധിക്കാതെ തുറന്ന ചിരിയോടെ അവർ ഉള്ളിലെ നിറഞ്ഞൊഴുകുന്ന നദി സ്നേഹത്താൽ നിറച്ചു അവർക്കു നേരെ തുറന്നു വിട്ടിരിക്കണം. താൽപ്പര്യം കാട്ടിയെത്തുന്ന മലയാളനാട് പത്രാധിപരോട് അയാളുടെ പ്രണയ ആവേശത്തിന് നേരെ വാക്കുകൾ കൊണ്ട് തുറന്ന പോരിന് ആമി തയ്യാറാകുമെന്ന തോന്നൽ ഇല്ല. വളരെ മനോഹരമായി മാത്രം നിരാസങ്ങളെ പോലും "ഹാൻഡിൽ" ചെയ്യാൻ അവർക്കു കഴിഞ്ഞിരുന്നുവെന്നു ആമിയോട് പ്രണയം പറഞ്ഞു നിരാശപ്പെട്ട മനുഷ്യർ സാക്ഷ്യം വയ്ക്കുന്നു. കാരണം മാധവിക്കുട്ടിയോടു പ്രണയം തോന്നാത്ത പുരുഷന്മാർ ഒരു കാലത്തും അധികമുണ്ടായിരുന്നില്ലെന്നു അവർക്കും നല്ല ബോധ്യമുണ്ടായിരുന്നു. വളരെ പക്വതയോടെയേ അതുകൊണ്ടു തന്നെ ആമിക്ക് പ്രണയങ്ങളോട് ഇടപെടാൻ ആകുമായിരുന്നുള്ളൂ.

aami-1

രാധാകൃഷ്ണ പ്രണയത്തിലൂടെ ഐഹികമായ എല്ലാ പ്രണയങ്ങളെയും പറഞ്ഞു പോകുന്നുണ്ട് ആമി എന്ന ചിത്രം. അവസാനമായി അവരിലേക്കെത്തിയ കബീർ എന്ന വ്യക്തി ആരാണെന്ന ചോദ്യത്തിന്റെ ഉത്തരം എല്ലാവർക്കും അറിയാമെങ്കിലും പേര് പോലും മാറ്റി അയാൾക്ക് അസ്തിത്വം നഷ്ടപ്പെടുത്തുമ്പോൾപോലും  ആമിയിലെ പ്രണയം ജീവസ്സുറ്റതാകുന്നുണ്ട്. രാവിന്റെ തണുപ്പിൽ ചാരി പുഴയിലെ ഓളങ്ങളിലേയ്ക്ക് നോക്കി തനിച്ചിരിക്കുമ്പോൾ അത്രമേൽ പ്രണയിക്കുന്ന ഒരുവന്റെ കരങ്ങൾ നൽകുന്ന ചൂട് ഏകാന്ത വിഷാദത്തിൽ പെട്ട് പോയ ഒരു സ്ത്രീയ്ക്ക് നറുനിലാവിന്റെ തേന്മധുരമാകും നൽകുക. 

ഗസലിന്റെ താളത്തിൽ പതിഞ്ഞു പോയ അയാളുടെ പ്രണയം പക്ഷേ മാധവിക്കുട്ടിയുടെ പോലെ ഭ്രാന്തൻ സ്വപ്നമാകാതെ പ്രാക്ടിക്കലായി തീരുമ്പോൾ വീണ്ടും മുറിവുകൾ ഉണ്ടാക്കി അതിൽ നിന്നും പുറത്തു ചാടിയ നിരാസത്തിന്റെ ചോര വാർന്നൊലിക്കലിൽ അവർ തകർന്നു പോകുന്നുണ്ട്. മതത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിലെ അസ്വാതന്ത്ര്യത്തിന്റെ കേടുപാടുകളും പ്രണയത്തിന്റെ നിരാസവും പിന്നെ അവരെ പ്രണയത്തിന്റെ എഴുത്തുകാരിയാക്കിയില്ല. 'എന്റെ കഥയിലും' 'നീർമാതളം പൂത്തകാലത്തിലും' പറഞ്ഞു നിർത്തിയ മനോഹരമായ പ്രണയ നദി പിന്നെ ഒഴുകിയില്ല. ഒരുപക്ഷേ തുടർന്നെഴുതിയിരുന്നെങ്കിൽ എത്രനാൾ വായിച്ചാലും പ്രണയ പുസ്തകത്തേക്കാൾ ഏറ്റവും മനോഹരമായ ഒരു കാവ്യം തന്നെയായി അത് മാറുമായിരുന്നു, അതിനു സംശയങ്ങളേതുമില്ല. അതിനൊക്കെയുള്ള നീതീകരണം കമലിന്റെ ആമി നൽകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

"നിന്റെ മതമെന്താണ് കൃഷ്ണാ?" എന്ന ആമിയുടെ ചോദ്യത്തിന് പ്രണയത്തിന്റെ മതമില്ലായ്മകളെ കുറിച്ച് പതിഞ്ഞ ഈണത്തിൽ കൃഷ്ണൻ മറുപടി നൽകുന്നുണ്ട്. ഇനി നിന്നെ പ്രവാചകനെന്ന് വിളിക്കട്ടെ എന്ന് ചോദിക്കുമ്പോൾ ഇതേ ചൈതന്യം നിനക്ക് അങ്ങനെയും കാണാൻ കഴിയുമെങ്കിൽ വിളിക്കൂ എന്നും മറുപടി. ആമിക്ക് മതം എന്നത് ഒരു കാരണവശാലും ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നില്ല. ഒരു ഉടുപ്പിൽ നിന്നും മറ്റൊരു വസ്ത്രത്തിലേയ്ക്ക് മാറുന്നതുപോലെ അത്രമേൽ ലഘുവായി മാത്രമേ മാധവിക്കുട്ടി അതിനെ കണ്ടിരുന്നുമുള്ളൂ. പ്രണയവും അങ്ങനെ തന്നെയായിരുന്നു, പക്ഷേ ഒരു വസ്ത്രത്തിൽ നിന്നും അടുത്തതിലേക്ക് എത്തുമ്പോഴേക്കും വാർന്നു വീണിരുന്ന ചോര തുള്ളികൾ മായ്ച്ചു കളയുക അത്ര എളുപ്പവുമായിരുന്നില്ല.

ചിത്രത്തിലെ പ്രണയവും അതെ ഓളപ്പരപ്പിൽ തന്നെ ഒഴുകി നടക്കുന്നു. സദാചാര ഭീഷണി എന്നും ഏറ്റു വാങ്ങിയ മാധവിക്കുട്ടിയുടെ പ്രണയത്തെ അതെ ഭയം ഉള്ളതുകൊണ്ട് തന്നെ സംവിധായകനും അതിവിദഗ്ധമായി കൃഷ്ണന്റെ പ്രണയത്തിൽ ഒതുക്കി സൂക്ഷിക്കുന്നു. കബീറിനോടുള്ള പ്രണയം മാത്രമാണ് അൽപ്പമെങ്കിലും വ്യത്യസ്തമായി തോന്നുക. അവിടെയും നീതീകരണം കൃഷ്ണന്റെ കയ്യിൽ തന്നെ. ആമിയോടുള്ള പ്രണയം ഒരുപക്ഷേ എല്ലാവർക്കും മീതെ തെളിയിച്ചെടുത്തത് മാധവദാസ് തന്നെ ആയിരുന്നിരിക്കണം. പ്രണയത്തിന്റെ പല മുഖങ്ങളിൽ ഒന്നാണ് മാധവദാസിന് ആമിയോടും ഉണ്ടായിരുന്നത്. ഉന്മാദം കൊള്ളിക്കുന്ന പ്രണയത്തിനു പകരം അവരെ , അവരുടെ എല്ലാവിധമായ എഴുത്തുകൾക്കൊപ്പവും തന്നോട് ചേർത്ത് പിടിച്ച ദാസേട്ടന്റെ പ്രണയം (അതോ സ്നേഹമോ) ആമി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടായിരിക്കാം പുസ്തകങ്ങളിൽ ദാസേട്ടൻ പലപ്പോഴും വില്ലനും മുറിവേൽപ്പിക്കുന്നവനുമായി നിറഞ്ഞു നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ സുരക്ഷിതത്വത്തിന്റെ ചൂടിൽ അവർ വിശ്രമം ആഗ്രഹിച്ചിരുന്നത്. പ്രണയമെന്നാൽ സ്വാതന്ത്ര്യം എന്നും കൂടി അർത്ഥമുണ്ടല്ലോ! പ്രിയപ്പെട്ട ഒരുവളുടെ എഴുത്തിനോടും പ്രണയത്തോടും ജീവിതത്തോടുമുള്ള ഉന്മാദമുള്ള സ്വാതന്ത്ര്യത്തെ അവൾക്ക് അവളുടേതായി വിട്ടു നൽകിക്കൊണ്ട് അയാൾ വ്യക്തമാക്കുന്നതും അതിശക്തമായ പ്രണയത്തിന്റെ ഇഴകൾ തന്നെ. ആ ഇഴകൾ കണ്ടെടുത്തു ആമി വരച്ചു വയ്ക്കുന്നുണ്ട്.

Aami കമലാ സുരയ്യ

"ആമി" എന്ന ചിത്രം മാധവിക്കുട്ടി എന്ന ഇതിഹാസത്തിന്റെ ജീവിതത്തോട് നീതി പുലർത്തുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഏറെക്കുറെ' എന്നുതന്നെ വായനക്കാരനായ ഒരാൾ മറുപടി പറയും. കാരണം ഓരോരുത്തർക്കുമുണ്ടായിരുന്നു ഒരു മാധവിക്കുട്ടി. അടുത്തറിയുന്നവർക്ക് അറിയുന്നതിൽ നിന്നും വിഭിന്നമായ കുടുംബസ്ഥയായ മാധവിക്കുട്ടി, പിന്നെയും വേറെയായ കാമുകി, വായനക്കാരുടെ മാധവിക്കുട്ടി, മക്കളുടെ 'അമ്മ, ദാസേട്ടന്റെ കമല... (എന്തുകൊണ്ടോ മാധവ ദാസ് മാധവിക്കുട്ടിയെ ആമി എന്ന് വിളിക്കുന്നതിനേക്കാൾ കമല എന്ന് വിളിക്കുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്നു) അങ്ങനെ എത്രയോ അവതാരങ്ങൾ ഒരേ സമയം ഉള്ളിൽ പേറിയ സ്ത്രീയായിരുന്നു മാധവിക്കുട്ടി. 

ശാന്തമായി ഒഴുകുന്ന ഒരു പ്രണയ നദി പോലെയാണ് കമലിന്റെ ആമി. പക്ഷേ ഉള്ളിലെ ഒഴുക്ക് ആർത്തലച്ചും തട്ടി തടഞ്ഞും പരവശപ്പെട്ടും ആണെന്ന് അത് പറയാതെ പറയുന്നുമുണ്ട്. എങ്കിലും മലയാളത്തിൽ ഒരു സംവിധായകന് ചില പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ ഒരു ചിത്രം ചെയ്യാനാകൂ എന്ന കാലത്തിന്റെ ന്യായീകരണം കമൽ ആവശ്യപ്പെടുന്നുണ്ട്. കാലത്തിനു കാണാതെ പഠിക്കേണ്ട സിനിമയല്ല ആമി. പക്ഷേ പഠിക്കുമ്പോൾ ഗവേഷണത്തിന് ഉപകരിക്കാവുന്ന ചില്ലറ ടെക്നിക്കുകൾ സംവിധായകൻ മനഃപൂർവ്വം ഇട്ടു കൊടുത്തിട്ടുണ്ട് താനും. അതുകൊണ്ടു മനോഹരമായ ഒരു കവിത വായിച്ചതു പോലെ ആമി ഇപ്പോൾ ഈ നിമിഷം കണ്ടറിയാം.

ആർക്കും പിടി തരാതെ നടക്കുന്നവളെ കൈപ്പിടിയിൽ ഒതുക്കുക എന്നാൽ അതൊട്ടും സുഖകരമാകില്ല. ആമി എന്ന ചിത്രം ഒരു ശ്രമം മാത്രമാണ്, ആത്മാവിനുള്ളിൽ നിൽക്കുന്ന മായപ്പക്ഷിയെ പിടിക്കാതെ വായനക്കാരന്റെ ഹൃദയത്തിലൂടെ എഴുത്തുകാരിയെ കയ്യെത്തി പിടിക്കാനുള്ള ശ്രമം. അതിൽ കമൽ അത്യാവശ്യം വിജയിച്ചിട്ടുമുണ്ട്. കാരണം മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ പ്രണയിക്കുന്ന സ്നേഹിക്കുന്ന സാധാരണവായനക്കാരന് ആ ചിത്രം ഹൃദയം വിങ്ങി വിങ്ങി അല്ലാതെ കണ്ടു തീർക്കാനാവില്ല. പിന്നാമ്പുറത്തു ഇടയ്ക്കൊക്കെ മുഴങ്ങുന്ന "നീർമാതളപ്പൂവിനുള്ളിൽ..." എന്ന ഗാനവും ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ആ വിങ്ങലിനെ ഏറ്റവും ജ്വലിപ്പിച്ചു ആർദ്രമാക്കുന്നു. "ആമി" വായനക്കാരന്റെ ചിത്രമാണ്. അതൊരിക്കലും അവരെ നേരിട്ടറിയുന്നു എന്ന് കരുതുന്ന സുഹൃത്തുക്കൾക്കുള്ള ചിത്രമല്ല.

Read more: Lifestyle Malayalam MagazineBeauty Tips in Malayalam