Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലത്തിനൊപ്പം മാറി കൊച്ചിൻ കോളജ്; മാഗസിൻ ഇനി മെ‌ാബൈലിൽ

first-e-magazine-in-kerala-kochin-college-fort-kochi

കാലം മാറുമ്പോൾ കലാലയങ്ങളും മാറേണ്ടേ? മാറണമെന്നല്ല, മാറിയെന്നു കാണിച്ചുതരികയാണ് ഫോർട്ട്കൊച്ചിയിലെ കൊച്ചിൻ കോളജ്. എല്ലാവരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും നോക്കിയിരിക്കുന്ന പുതിയ കാലത്ത് കോളജ് മാഗസിനും ഫോണിൽ ലഭ്യമാക്കിയിരിക്കുകയാണ് എഡിറ്റോറിയൽ ടീം. പിഡിഎഫ് രൂപത്തിൽ പുറത്തിറക്കുന്ന കേരളത്തിലെ ആദ്യത്തെ കോളജ് മാഗസിൻ കൂടിയാണു കൊച്ചിൻ കോളജിന്റെ ‘ആദ്ധ്യ’.വിദ്യാർഥികളുടെ എഴുത്തും വരകളും ചിന്തകളുമെല്ലാം ഡിജിറ്റൽ രൂപത്തിലേക്കു മാറ്റി. 16 പേജുകളുള്ള ഇ–മാഗസിനാണ് ആദ്യം പുറത്തിറങ്ങിയത്. 

ഇനി എല്ലാ മാസവും ക്യാംപസിന്റെ തുടിപ്പുകളുള്ള ഇ– മാഗസിൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊബൈലുകളിലെത്തും. 

കോള‌ജ് മാഗസിൻ– എല്ലാ മാസവും

ഒക്ടോബർ മാസത്തിലെ മാഗസിനാണ് ആദ്യമായി ഡിജിറ്റൽ ഫോർമാറ്റിൽ പുറത്തിറക്കിയത്. അടുത്ത 15 നു നവംബറിലെ മാഗസിനും പുറത്തിറങ്ങുമെന്നു മാഗസിന്റെ ചുമതലയുള്ള സബ്എഡിറ്റർ അമൽ സണ്ണി പറയുന്നു. അടുത്ത മാഗസിനിൽ പേജുകളും വിദ്യാർഥികളുടെ 

രചനകളും കൂടും. വേനലവധിയിലൊഴികെ എല്ലാ മാസവും ഇ–മാഗസിൻ തയാറാക്കാനാണു തീരുമാനം. അധ്യാപകരിൽനിന്നും മികച്ച പ്രതികരണമാണു മാഗസിനു ലഭിക്കുന്നത്. ആദ്ധ്യ എന്ന പേരിലാവും ഇ– മാഗസിൻ പുറത്തിറങ്ങുന്നതെങ്കിലും കവർപേജിലും ഡിസൈനിലുമെല്ലാം മാറ്റമുണ്ടാകും.

ഓഫ്‌ലൈൻ മാഗസിൻ നിർത്താതെ

കോളജുകളുടെ മുഖമുദ്രയായ സ്ഥിരം കോളജ് മാഗസിൻ അവസാനിപ്പിച്ചുകൊണ്ടല്ല, കൊച്ചിൻ കോളജ് വിദ്യാർഥികൾ ഇ–മാഗസിൻ അവതരിപ്പിക്കുന്നത്. വാർഷിക മാഗസിൻ പ്രിന്റ് രൂപത്തിൽതന്നെ ഇറക്കും. കോളജ് മാഗസിനിൽ എല്ലാ വിദ്യാർഥികളുടെയും ആർട്ടിക്കിളുകൾ ഉൾപ്പെടുത്താൻ കഴിയാറില്ല. തിരഞ്ഞെടുക്കപ്പെട്ട രചനകൾക്കു മാത്രമാണ് ഇടം ലഭിക്കുന്നത്. ഇ–മാഗസിൻ ഉറപ്പാക്കുന്നതു കോളജിലെ എല്ലാ വിദ്യാർഥികളുടെയും പങ്കാളിത്തമാണ്.

ഗുണമേറെ, ചെലവും കുറവ്

വളരെ കുറഞ്ഞ ചെലവിൽ തയാറാക്കാമെന്നതാണ് ഇ–മാഗസിന്റെ നേട്ടമെന്ന് അമൽ പറയുന്നു. ഫോട്ടോഷോപ് ഉപയോഗിച്ച് സ്വയം മാഗസിൻ തയാറാക്കാം. പ്രിന്റിങ്ങിന്റെ ചെലവില്ല. ഇ–മാഗസിൻ എല്ലാവരിലും എത്തുമെന്ന ഉറപ്പുമുണ്ട്. എഡിറ്റിങ്ങും കവർ ഡിസൈനിങ്ങും ലേഔട്ടും എല്ലാം വിദ്യാർഥികൾ  കോളജിലിരുന്നാണു ചെയ്യുന്നത്. ആർട്ടിക്കിളുകൾ ലഭിച്ച് ഒരാഴ്ച കൊണ്ട് ആദ്ധ്യ പൂർത്തിയാക്കാനായി. 

അടുത്ത മാഗസിന്റെ ജോലി തുടങ്ങാനുള്ള തയാറെടുപ്പിലാണ്. വാട്സാപ്പിലൂടെ മലയാളത്തിൽ ടൈപ്പ് ചെയ്തോ, മംഗ്ലിഷിലോ വിദ്യാർഥികൾക്കു രചനകൾ നൽകാം. ചിത്രങ്ങൾ സ്കാൻ ചെയ്ത് എടുക്കും. മലയാളത്തിലും ഇംഗ്ലിഷിലുമുള്ള രചനകൾ മാഗസിനിലുണ്ട്. 

വാട്സാപ് ഷെയറിങ്

പിഡിഎഫ് മാഗസിൻ വാട്സാപ്പിലൂടെയാണു വിദ്യാർഥികളിലെത്തിക്കുന്നത്. ഇതിനു ബ്രോഡ്കാസ്റ്റ് സംവിധാനം ഉപയോഗിക്കും. പ്രത്യേക വാട്സാപ് ഗ്രൂപ്പുകളുണ്ട്. പ്രതികരണങ്ങളും ഓൺലൈനായി ലഭിക്കും. മറ്റു കോളജുകളിലുള്ള സുഹൃത്തുക്കൾക്കും മാഗസിൻ കൈമാറാം.  കൂടാതെ കോളജ് യൂണിയന്റെ ഫെയ്സ്ബുക് പേജിലും ഇ–മാഗസിൻ വായിക്കാം. മുഹമ്മദ് ദിൽഫറാണ് മാഗസിൻ എഡിറ്റർ. റാസാ മുഹമ്മദ്, ലക്ഷ്മി സുഭാഷ്, സി.എസ്. ശ്രീയേഷ് എന്നിവരും അണിയറയിലുണ്ട്.