കൊറിയൻ മിസൈലുകളെല്ലാം വ്യാജമെന്ന് വിദഗ്ധർ, ‘എന്തൊരു തള്ളാണ് കിം ജോങ് ഉന്നേ?’

ഇതാ യുദ്ധം ഇന്നു മുതൽ നാളെ എന്നു വിളിച്ചുപറഞ്ഞ് ലോകത്തെയാകെ വിറപ്പിക്കുകയാണ് ഉത്തര കൊറിയ. ഏകാധിപതി കിം ജോങ് ഉൻ അണ്വായുധം പരീക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകളുമുണ്ട്. വേണ്ടിവന്നാൽ അമേരിക്കയെ ലക്ഷ്യമാക്കി ഭൂഖണ്ഡാന്തര മിസൈൽ വരെ തൊടുക്കുമെന്ന് ഉത്തര കൊറിയ തന്നെ പറയുകയുമുണ്ടായി. സൈനിക മുന്നേറ്റവുമായി അമേരിക്കയും കളം പിടിച്ചതോടെ ലോകം പുതിയൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ആശങ്ക പരന്നു. സ്ഥാപകനേതാവ് കിങ് ഉല്‍ സുങ്ങിന്റെ 105–ാം ജന്മദിന ആചരണമെന്ന പേരിൽ രാജ്യതലസ്ഥാനമായ പ്യോങ്‌യാങ്ങില്‍ കഴിഞ്ഞദിവസം വമ്പൻ പരേഡ് നടത്തി, കിം ജോങ് ഉൻ. ലോകമാകെ തങ്ങളുടെ സൈനികശേഷി വിളംബരം ചെയ്യുകയായിരുന്നു കിമ്മിന്റെ ഉദ്ദേശ്യം. അതേറ്റു. പക്ഷേ പൂച്ച് കുറേശെയായി പുറത്തായികൊണ്ടിരിക്കുകയാണെന്നതാണ് മറ്റൊരു വസ്തുത.

അതെന്താണെന്നല്ലേ? ദൂരെ കിടക്കുന്ന ശത്രുരാജ്യമായ അമേരിക്കയെ ലക്ഷ്യമിടാവുന്ന മിസൈലുകളുടെ പ്രദർശനമാണ് ഉത്തരകൊറിയ ലക്ഷ്യമിട്ടത്. ആയുധശേഖരം കണ്ട് ലോകം ഞെട്ടുകയും ചെയ്തു. പക്ഷേ ഇതൊന്നും കണ്ട് ഞെട്ടേണ്ടതില്ലെന്നാണ് പുതിയ റിപ്പോർട്ട്. എല്ലാം തട്ടിക്കൂട്ടാണത്രെ. ന്യൂസ് ഫൂട്ടേജിൽ കാണിക്കുന്ന ദൃശ്യങ്ങളിലെ മിസൈലുകളുടെ രൂപം അപഗ്രഥിച്ചണ് വിദഗ്ധരുടെ റിപ്പോ‌ർട്ടുകൾ. ചുരുക്കത്തിൽ എല്ലാവരെയും പറ്റിക്കുകയായിരുന്നു ഉത്തരകൊറിയ. കൊറിയ ഡിഫൻസ് നെറ്റ്‍വർക്കിലെ സീനിയർ അനലിസ്റ്റ് ലീ വൂ പറയുന്നത് കേൾക്കുക. പരേഡിൽ പ്രദർശിപ്പിച്ച ആയുധങ്ങളിൽ ഭൂരിഭാഗവും പൊള്ളയാണ്. പുറംലോകത്തെ തെറ്റിദ്ധരിപ്പിക്കാനായി തയ്യാറാക്കിയത്. ബിബിസി വാർത്തയിൽ കാണിക്കുന്ന മിസൈലുകളുടെ അഗ്രഭാഗത്തെ വളവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതൊരു മിസൈലിനും സംഭവിക്കാത്ത വളവാണ്. തുറന്ന വാഹനത്തിൽ അണിനിരത്തിയ പല യുദ്ധോപകരണങ്ങളും ഡമ്മിയാണ്. 

സോഷ്യൽമീഡിയകളിലും ഉത്തരകൊറിയയുടെ തട്ടിപ്പിനെപ്പറ്റി പോസ്റ്റുകൾ വരുന്നുണ്ട്. കിമ്മിന്റെ കൺകെട്ടാണെന്നാണ് സോഷ്യൽമീഡിയകളിലെ യുദ്ധവിഗ്ധരും പറയുന്നത്. പതിവിന് വിപരീതമായി ചിരിച്ചുല്ലസിച്ച് പരേഡ് മുഴുവനായി വീക്ഷിച്ച കിമ്മിന്റെ മുഖഭാവവും വാർത്തയായിരുന്നു. യുദ്ധത്തിന് ഒരുങ്ങിയതിന്റെ സൂചനയായി പലരും ഇതിനെ വിലയിരുത്തി. അതേസമയം, കിമ്മിന് അമേരിക്കയുടെ പടിഞ്ഞാറൻ തീരവും ഓസ്ട്രേലിയയും അക്രമിക്കാനുള്ള ശേഷി ഉണ്ടെന്നാണ് മുൻ സിഐഎ ഓഫീസറായ ഡെന്നിസ് വിൽഡർ അഭിപ്രായപ്പെട്ടത്. ഇങ്ങനെ പോയാൽ അടുത്ത നാലുകൊല്ലത്തിനകം ഉത്തരകൊറിയക്ക് അമേരിക്കയെ ശക്തമായി നശിപ്പിക്കാനുള്ള ആയുധശേഷി കൈവരുമെന്നും അദ്ദേഹം പറയുന്നു.

കഴി‍ഞ്ഞ ഏപ്രിലിൽ യുഎസിലേക്ക് അണ്വായുധം തൊടുത്തുവിടാൻ സഹായകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് റോക്കറ്റിന്റെ എൻജിൻ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ജപ്പാനും അമേരിക്കയ്ക്കയുമാണ് ഉത്തരകൊറിയയുടെ പ്രധാന ഭീഷണി. ഇവരുമായി സഖ്യമുള്ള ചൈന സമാധാനശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കിമ്മിനെ പറഞ്ഞു മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളിലൂടെ ഉത്തരകൊറിയ നടത്തുന്ന പ്രകോപനങ്ങൾക്കെതിരെ യുഎൻ രംഗത്ത് വന്നിരുന്നു. സകലവിലക്കുകളും ലംഘിച്ചാണ് ഉത്തരകൊറിയ മുന്നോട്ട് പോകുന്നത്.