‘50 ലക്ഷം അണുബോംബുകൾ, 5,000 ടൺ രാസായുധം, ശത്രുക്കളെ ഉന്‍മൂലനം ചെയ്യും’

ശത്രുക്കളെ നേരിടാൻ എന്തും ചെയ്യാൻ മടിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ് ഉത്തര കൊറിയ. ഇതിനായുള്ള എല്ലാം പ്രതിരോധ സംവിധാനങ്ങളും ഉത്തരകൊറിയ ഒരുക്കിയിട്ടുണ്ട്. തങ്ങൾക്കെതിരെ ആക്രമണത്തിന് മുതിർന്നാൽ യുവാക്കൾ മാരകായുധങ്ങളുമായി രംഗത്തിറങ്ങുമെന്നും മുന്നറിയിപ്പ് നൽകി.

ആരെങ്കിലും ആക്രമണത്തിനു മുന്നോട്ടുവന്നാൽ പ്രതിരോധത്തിന് ഉത്തരകൊറിയയുടെ കൈവശം 50 ലക്ഷം അണുബോംബുകൾ ഉണ്ടാന്നാണ് കിം ജോങ് ഉന്നിന്റെ യുവസംഘ മേധാവി മുന്നറിയിപ്പ് നൽകുന്നത്. അമേരിക്കയെ ഉന്‍മൂലനം ചെയ്യാൻ വേണ്ട ആയുധങ്ങളെല്ലാം ഇവിടെയുണ്ട്. സിയോളും വാഷിങ്ടണും ആക്രമിക്കാൻ മിസൈലുകളും അണുബോംബുകളും സജ്ജമാണെന്നും യുവസംഘം പറയുന്നു.

അതേസമയം, കൊറിയയുടെ ആയുധപ്പുരയിൽ ഉഗ്രവിഷമുള്ള 5,000 ടൺ രാസായുധങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ വധിക്കാന്‍ ഉപയോഗിച്ച വിഎക്‌സ് രാസായുധവും ഉത്തര കൊറിയയിലെ പരീക്ഷണശാലയിൽ നിർമിച്ചതാണ്. ഇത്തരത്തിലുള്ള നിരവധി രാസായുധങ്ങൾ കൈവശമുണ്ടെന്നാണ് നോർത്ത് കൊറിയ യൂത്ത് ലീഗ് അവകാശപ്പെടുന്നത്.

ഉന്നിന്റെ ആയുധപ്പുരയിൽ വൻ ആക്രമണം നടത്താൻ ശേഷിയുള്ള മാരക രാസായുധങ്ങളുണ്ടെന്ന് ദക്ഷിണ കൊറിയ നേരത്തെ തന്നെ ആരോപിച്ചിരുന്നു. 1980 മുതൽ ഉത്തരകൊറിയ രാസായുധങ്ങൾ നിർമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം 2014 ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമായി സൂചന നൽകിയിരുന്നു. 2500 മുതൽ 5000 ടൺ വരെ രാസായുധങ്ങൾ സൂക്ഷിക്കുന്നുണ്ട്.

എട്ട് പ്രദേശങ്ങളിലാണ് ഉത്തര കൊറിയ രാസായുധങ്ങൾ നിർമിച്ച് സൂക്ഷിക്കുന്നത്. നോർത്ത് ഈസ്റ്റിലെ തുറമുഖവും ഇതിൽ ഉൾപ്പെടും. വളരെ കുറഞ്ഞ ചെലവിലാണ് ഉത്തര കൊറിയ മാരകമായ വിഎക്സ് രാസായുധം നിർമിക്കുന്നത്. ചെറിയ ലബോറട്ടറികളിൽ പോലും വിഎക്സ് രാസായുധം എത്ര വേണമെങ്കിലും നിർമിക്കാൻ സാധിക്കും. പീരങ്കി, മിസൈൽ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ചെല്ലാം ഈ രാസായുധം പ്രയോഗിക്കാൻ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.