റഷ്യന്‍ ബോംബറുകൾക്ക് അകമ്പടി പോയ പോർവിമാനങ്ങൾ അമേരിക്കന്‍ വ്യോമസേന തടഞ്ഞു

അലാസ്‌കയ്ക്ക് സമീപം രണ്ട് ശീതയുദ്ധകാലത്തെ ബോംബര്‍ വിമാനങ്ങള്‍ക്ക് അകമ്പടിയായി വന്ന റഷ്യന്‍ ഫൈറ്റര്‍ വിമാനങ്ങളെ അമേരിക്കൻ വ്യോമസേന തടഞ്ഞു. അലാസ്‌കയുടെ വ്യോമ പ്രതിരോധ മേഖലയ്ക്ക് 50 മൈല്‍ അകലെ വെച്ചാണ് റഷ്യന്‍ ഫൈറ്റര്‍ വിമാനങ്ങളെ അമേരിക്ക തടഞ്ഞത്. രാജ്യാന്തര വ്യോമപാതയിലായിരുന്ന ഈ വിമാനങ്ങള്‍ ആയുധങ്ങളില്ലാതെയാണ് പറന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. 

ചെറിയ ഇടവേളക്ക് ശേഷമാണ് അമേരിക്കന്‍ അതിര്‍ത്തി മേഖലയിലേക്ക് റഷ്യന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ പറക്കുന്നത്. കഴിഞ്ഞ മാസം നാല് തവണ റഷ്യന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ രാജ്യാന്തര വ്യോമപാതയില്‍ നിരീക്ഷണ പറക്കല്‍ നടത്തുന്നത് അമേരിക്ക കണ്ടെത്തിയിരുന്നു. 2014നു ശേഷം ആദ്യമായാണ് റഷ്യന്‍ പോര്‍വിമാനങ്ങള്‍ മേഖലയില്‍ പറന്നത്. 

അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാതെ നീങ്ങുന്നതിനിടെയാണ് പുതിയ നീക്കങ്ങളെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയുമായുള്ള ബന്ധം എക്കാലത്തേയും മോശം അവസ്ഥയിലാണെന്ന് പോലും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ട്രംപും പുടിനും നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷം നല്ല പ്രതികരണമാണ് ഇരു രാജ്യങ്ങളും നടത്തിയത്. സിറിയ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലെ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയായതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. അതേസമയം, പോര്‍വിമാനങ്ങളുടെ വരവും പോക്കും രാഷ്ട്ര തലവന്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ വന്നില്ല. 

സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാവര്‍ത്തികമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിൽ കസാക്കിസ്ഥാനില്‍ വെച്ച് ഇരു രാജ്യങ്ങളും നടത്തിയിട്ടുണ്ട്. സിറിയയില്‍ യുദ്ധരഹിത സുരക്ഷാമേഖലകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയായിട്ടുണ്ട്. അമേരിക്കയും റഷ്യയും പിന്തുണയ്ക്കുന്നവര്‍ സിറിയയില്‍ നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ഇക്കാരണം കൊണ്ടുതന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.