അമേരിക്കക്കെതിരെ ആന്ത്രാക്സ് മിസൈൽ ആക്രമണത്തിനൊരുങ്ങി ഉത്തര കൊറിയ

അമേരിക്കയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ജൈവായുധം പരീക്ഷിക്കാൻ പോകുകയാണ് കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ജൈവാക്രമണം നടത്താൻ ഉത്തര കൊറിയ നീക്കം നടത്തുന്നുണ്ടെന്ന് ജാപ്പനീസ് പത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.

ആന്ത്രാക്സ് രോഗാണുക്കൾ ഉൾപ്പെടെയുള്ള ജൈവായുധങ്ങൾ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചു തുടങ്ങിയെന്നാണ് അസാഹി ഷിംബുൺ പത്രം റിപ്പോർട്ടു ചെയ്യുന്നത്. വസൂരി, ആന്ത്രാക്സ് തുടങ്ങിയ മാരകരോഗങ്ങളുടെ അണുക്കൾ കൃത്രിമമായി നിർമിക്കാൻ ഉത്തരകൊറിയക്ക് സാധിക്കും.

‘കിം ജോങ് ഉന്നിന്റെ രഹസ്യ ആയുധപ്പുരയിൽ 5,000 ടൺ രാസായുധങ്ങൾ’

ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിന്റെ ആയുധപ്പുരയിൽ വൻ ആക്രമണം നടത്താൻ ശേഷിയുള്ള മാരക രാസായുധങ്ങളുണ്ടെന്ന് നേരത്തെ തന്നെ ദക്ഷിണ കൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 5,000 ടൺ രാസായുധങ്ങൾ ഉത്തര കൊറിയ സൂക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 1980 മുതൽ ഉത്തരകൊറിയ രാസായുധങ്ങൾ നിർമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം 2014ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമായി സൂചന നൽകിയിരുന്നു. 2500 മുതൽ 5000 ടൺ വരെ രാസായുധങ്ങൾ സൂക്ഷിക്കുന്നുണ്ട്.

എട്ട് പ്രദേശങ്ങളിലാണ് ഉത്തര കൊറിയ രാസായുധങ്ങൾ നിർമിച്ച് സൂക്ഷിക്കുന്നത്. നോർത്ത്ഈസ്റ്റിലെ തുറമുഖവും ഇതിൽ ഉൾപ്പെടും. വളരെ കുറഞ്ഞ ചെലവിലാണ് ഉത്തര കൊറിയ മാരകമായ വിഎക്സ് രാസായുധം നിർമിക്കുന്നത്. 100 വർഷം മുൻപാണ് വിഎക്സ് രാസായുധം ആദ്യമായി വികസിപ്പിച്ചെടുക്കുന്നത്.

ചെറിയ ലബോറട്ടറികളിൽ പോലും വിഎക്സ് രാസായുധം എത്ര വേണമെങ്കിലും നിർമിക്കാൻ സാധിക്കും. പീരങ്കി, മിസൈൽ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ചെല്ലാം ഈ രാസായുധം പ്രയോഗിക്കാൻ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.