‘മിന്നലാക്രമണം: ഒന്നും ഒളിച്ചുവെച്ചിട്ടില്ല, മൃതദേഹങ്ങൾ കൊണ്ടുപോകാൻ വിളിച്ചു പറഞ്ഞു’

രണ്ടു വർഷം മുൻപ് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ചില വെളിപ്പെടുത്തലകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മിന്നലാക്രമണം നടത്തിയത് സംബന്ധിച്ച് ഒന്നും ഒളിച്ചുവെച്ചിട്ടില്ല. എല്ലാം വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളെ വിളിച്ചറിയിക്കും മുൻപെ പാക്കിസ്ഥാനെ അറിയിച്ചിരുന്നുവന്നും മോദി പറഞ്ഞു. ലണ്ടനിലെ 'ഭാരത് കീ ബാത്, സബ് കെ സാത്' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

മിന്നലാക്രമണം നടത്തിയിട്ട് ആദ്യം അറിയിക്കേണ്ടത് പാക്കിസ്ഥാനെയാണെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഇക്കാര്യം ഞാൻ മുതിർന്ന സൈനികരോട് പറഞ്ഞിരുന്നു. മിന്നലാക്രമണ ദൗത്യം പൂർത്തിയാക്കി നിരവധി തവണ പാക്കിസ്ഥാനിലേക്ക് വിളിച്ചു, ഫോൺ എടുത്തില്ല. ഉച്ചയ്ക്കാണ് ഫോൺ എടുത്തത്. സംഭവം അവർ നേരത്തെ അറിഞ്ഞിട്ടുണ്ടാകാമെന്നും ഭയം കാരണമാകാം ഫോൺ എടുക്കാതിരുന്നതെന്നും മോദി പറഞ്ഞു.

പാക് സൈന്യത്തെയാണ് വിവരങ്ങൾ വിളിച്ചറിയിച്ചത്. മിന്നലാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാനാണ് പാക് സൈനികരോട് ആവശ്യപ്പെട്ടത്. ഭീകരരെ വിട്ടു ആക്രമിക്കാമെന്നാണ് പാക്കിസ്ഥാന്റെ വിചാരം. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കും. നിരപരാധികളെ കൊന്നൊടുക്കുന്നത് സഹിക്കില്ല. ചെറിയ യുദ്ധത്തെ നേരിടാനുള്ള ശേഷി പോലും പാക്കിസ്ഥാനില്ലെന്നും മോദി പറഞ്ഞു.