Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ നിധിയോളം വരില്ല വേറൊന്നും; കടലിനടിയിലെ കപ്പലിൽ കണ്ടെത്തി ‘സ്വർണഖനി’?

war-ship-gold

ലോകത്തെ ഏറ്റവും വിലയേറിയ ആഭരണങ്ങളെപ്പോലും ഒറ്റയടിക്കു നിഷ്പ്രഭമാക്കിക്കളയുന്നത്രയും വലിയ നിധി. അതാണു കടലിന്നടിയിൽ നൂറിലേറെ വർഷങ്ങളായി മുങ്ങിക്കിടന്നിരുന്നത്. 113 വർഷമായി അതാർക്കും കണ്ടെത്താനുമായിരുന്നില്ല. ഒടുവിൽ ജൂലൈ രണ്ടാം വാരം അതു ലോകത്തിനു മുന്നിലേക്ക് ഉയർന്നു വന്നു. സൗത്ത് കൊറിയൻ തീരത്തിൽ നിന്നു മാറിയാണ് ഷിനിൽ ഗ്രൂപ്പിന്റെ സംഘം ആ നിധിക്കപ്പൽ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപു സമുദ്രത്തിൽ മുങ്ങിപ്പോയ കപ്പലുകൾ കണ്ടെത്തുന്നതിൽ വിദഗ്ധരാണ് സൗത്ത് കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിനിൽ ഗ്രൂപ്പ്. 

റഷ്യയുടെ ദിമിത്രി ഡോൺസ്കോയ് എന്ന കപ്പലായിരുന്നു നാളുകളായുള്ള ഇവരുടെ ഉന്നം. 1905ലെ യുദ്ധത്തിൽ ജപ്പാൻ മുക്കിക്കളഞ്ഞ റഷ്യൻ ഇംപീരിയൽ നേവി ഷിപ്പായിരുന്നു ഇത്. റഷ്യ–ജപ്പാൻ യുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്താണ് ഈ കപ്പൽ മുങ്ങിയത്. അതിനാൽത്തന്നെ അതിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങളേറെയാണ്. ഏകദേശം 11 ലക്ഷം കോടി രൂപ വില വരുന്ന സ്വർണം ഈ കപ്പലിനകത്തുണ്ടെന്നാണു കരുതുന്നത്. അതിലേക്കു വിരൽ ചൂണ്ടുന്ന ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. സ്വർണക്കട്ടികളും സ്വർണ നാണയങ്ങളുമായി കപ്പലിലുള്ള നിധിക്ക് ഇന്നത്തെ മതിപ്പുവിലയാണു മുൻപേ പറഞ്ഞത്. 

എന്നാൽ കപ്പൽ കണ്ടെത്തിയെങ്കിലും നിധിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല ഷിനിൽ ഗ്രൂപ്പ്. കപ്പലിൽ നിന്നു ലഭിച്ച മറ്റു വസ്തുക്കളെപ്പറ്റിയെല്ലാം കൃത്യമായ വിവരം മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. സൗത്ത് കൊറിയൻ തീരത്തു നിന്നു മാറി സ്ഥിതി ചെയ്യുന്ന യുല്ല്യുൻഗ്‌ഡോ ദ്വീപിനോടു ചേർന്നാണു രണ്ടു മുങ്ങിക്കപ്പലുകളിലെത്തിയ സംഘം ദിമിത്രി ഡോൺസ്കോയിയെ കണ്ടെത്തിയത്. ഏകദേശം 5800 ടൺ ഭാരമുള്ള, ഇരുമ്പു ചട്ടയണിഞ്ഞ കപ്പൽ റഷ്യയുടെ യുദ്ധക്കപ്പൽ വിന്യാസത്തിന്റെ ഭാഗമായിരുന്നു. യുദ്ധകാലത്ത് ബാൾട്ടിക് മുതൽ ശാന്തസമുദ്രം വരെ 38 റഷ്യൻ ഇംപീരിയൽ നേവി കപ്പലുകളായിരുന്നു വിന്യസിച്ചിരുന്നത്. അതിലൊന്നാണ് ദിമിത്രി ഡോൺസ്കോയ്. 

ജപ്പാന്റെ ആക്രമണത്തിൽ 1905 മേയ് 29നാണ് ഇത് കടലിന്നടിയിലേക്കു താഴുന്നത്. കപ്പലിന്റെ പിൻഭാഗത്താണ് ശത്രുക്കളുടെ വെടിക്കോപ്പുകൾ പതിഞ്ഞത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതും ആ ഭാഗമാണ്. വലിയൊരു ദ്വാരം കപ്പലിന്റെ പിൻഭാഗത്തെ ഏകദേശം നശിപ്പിച്ചിട്ടുണ്ട്. എന്നാൽ മേൽക്കൂരയ്ക്കു കാര്യമായ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. തുറമുഖങ്ങളിലെ ചെലവിനു വേണ്ട പണവും നാവികരുടെ ശമ്പളവുമെല്ലാം ഈ കപ്പലിലായിരുന്നു സൂക്ഷിച്ചിരുന്നത് എന്നാണു കരുതുന്നത്. 1905ലെ സുഷിമ യുദ്ധത്തിൽ തകർക്കപ്പെട്ട റഷ്യൻ കപ്പലുകളിൽ നിന്നുള്ള സ്വർണവും ദിമിത്രി ഡോൺസ്കോയിയിലേക്കു മാറ്റിയിരുന്നെന്നാണു കരുതുന്നത്. ഇതെല്ലാം നിറച്ച പെട്ടികൾ കപ്പലിലെ ഒരു അറ നിറയെ ഉണ്ടെന്നാണ് ഇത്രയും കാലത്തെ അഭ്യൂഹം. 

എന്നാൽ ചരിത്രകാരന്മാരിൽ ചിലർ ഇതിനെ ഖണ്ഡിക്കുന്നുണ്ട്. യുദ്ധകാലത്ത് കടലിനേക്കാളും സുരക്ഷിതമായി സ്വര്‍ണം കടത്താൻ റഷ്യ ആശ്രയിക്കുക റെയിൽ മാർഗമായിരിക്കുമെന്നാണ് അവർ പറയുന്നത്. റഷ്യൻ പസഫിക് തുറമുഖമായ വ്ളാദിവോസ്ടോക്കിലേക്ക് റെയിൽ മാർഗം സ്വർണമെത്തിച്ച് അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് എത്തിക്കുന്നതാണ് എളുപ്പമെന്നും അവർ പറയുന്നു. എന്നാൽ മറ്റു നിധിവേട്ടക്കാരെ ‍ഞെട്ടിപ്പിക്കുന്ന ഒരു വിവരമാണ് സൗത്ത് കൊറിയൻ സംഘം പുറത്തുവിട്ടിരിക്കുന്നത്. കപ്പലിൽ നിന്ന് ഒട്ടേറെ ഇരുമ്പു പെട്ടികൾ ലഭിച്ചിട്ടുണ്ടെന്ന വിവരമാണത്. എന്നാൽ ഇതിനകത്ത് എന്താണെന്നു മാത്രം പറഞ്ഞില്ല. 

203എംഎം പീരങ്കികൾ, 152 എംഎം തോക്കുകൾ, ഏതാനും മെഷീൻ ഗണ്ണുകൾ, നങ്കൂരങ്ങൾ, കപ്പലിന്റെ ചിമ്മിനി, മൂന്നു പായ്മരം, മരത്തട്ടുകൾ, സ്വർണ പടച്ചട്ട ഇതെല്ലാം ലഭിച്ചവയിൽപ്പെടുന്നു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളവയാണിവയും. പുരാവസ്തു വിപണിയിൽ ഇവയുടെ വില പോലും തീരുമാനിച്ചിട്ടില്ല! യുകെ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള മറൈൻ വിദഗ്ധർ ഉൾപ്പെടെ ദിമിത്രി ഡോൺസ്കോയിക്കു വേണ്ടിയുള്ള അന്വേഷണത്തിൽ ഷിനിൽ സംഘത്തിനൊപ്പം സഹകരിച്ചിരുന്നു.