ജിയോയ്ക്കെതിരെ എയർടെൽ ഭീഷണി, ജിയോ മാപ്പു പറയണം

ആപ്പിൾ വാച്ച് ഇ–സിം സർവീസിനെതിരെ റിലയൻസ് ജിയോയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് എയർടെൽ. എയർടെല്ലിന്റെ ഇ–സിം സര്‍വീസിനെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് ജിയോ ഉന്നയിക്കുന്നത്. ഇത്തരം പൊള്ളയായ ആരോപണങ്ങൾ ഉന്നയിച്ച് കമ്പനിയെ തകര്‍ക്കാൻ ശ്രമിക്കുന്ന ജിയോയ്ക്ക് പിഴ ചുമത്തണമെന്ന് ടെലികോം മന്ത്രാലയത്തോടു എയർടെൽ ആവശ്യപ്പെട്ടു.

വ്യക്തമായ തെളിവുകൾ ഇല്ലാതെയാണ് ജിയോ എയര്‍ടെല്ലിനെതിരെ ആരോപണം ഉന്നയിക്കുന്നത്. പിഴ ചുമത്തിയില്ലെങ്കിൽ ജിയോ മാധ്യമങ്ങൾക്കു മുന്നിൽ മാപ്പു പറയണമെന്നും എയർടെൽ ആവശ്യപ്പെട്ടു. കമ്പനിയെ ദ്രോഹിക്കുകയും നാണംകെടുത്തുകയുമാണ് ജിയോയുടെ ഇത്തരം ആരോപണങ്ങളുടെ പിന്നിലെന്നും എയർടെൽ കുറ്റപ്പെടുത്തി.

രാജ്യത്തെ ടെലികോം ലൈസന്‍സ് നിയമങ്ങൾ ലംഘിച്ചാണ് എയർടെൽ ആപ്പിൾ വാച്ചിനൊപ്പം ഇ–സിം സേവനം നൽകുന്നത്. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ ഈ നീക്കം തടയണമെന്നതാണ് ജിയോയുടെ ആവശ്യം. ആപ്പിൾ വാച്ചിനൊപ്പം ഇ–സിം പ്രൊവിഷനിങ് നോഡ് നൽകാൻ എയർടെല്ലിന് ഇന്ത്യയിൽ സംവിധാനമില്ല. എയർടെൽ വിദേശ സഹായത്തോടെയാണ് ആപ്പിൾ വാച്ചിൽ ഇ–സിം സേവനം നൽകുന്നതെന്നും വാദിച്ചു. ഇത് സംബന്ധിച്ച് ടെലികോം മന്ത്രാലയത്തിന് ജിയോ പരാതിയിൽ പറയുന്നു. 

ആപ്പിൾ വാച്ച് സീരിസ് 3 ഡിവൈസുകൾ എയർടെല്ലിനൊപ്പം ജിയോയും വിൽക്കുന്നുണ്ട്. രണ്ടു കമ്പനികളും ഇതോടൊപ്പം ഇ–സിം സേവനങ്ങളും നൽകുന്നു. ഐഫോണിലെ സിം സേവനം ഐവാച്ചിലും ഉപയോഗിക്കുന്ന സംവിധാനമാണ് ഇ–സിം.  

ഇ–സിം സര്‍വീസിനായി വിദേശ സഹായം തേടുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പിഴയായി എയർടെല്ലിൽ നിന്ന് ഓരോ സർക്കിളിനും 50 കോടി രൂപ ഈടാക്കണമെന്നും ജിയോ ആവശ്യപ്പെട്ടു. ഇന്ത്യയിൽ 22 സര്‍ക്കിളുകളുണ്ട്. 

ഇ–സിം പ്രൊവിഷനിങ് നോഡ് രാജ്യത്തിനകത്ത് തന്നെ സ്ഥാപിക്കണമെന്നതാണ് നിബന്ധന. ടെലികോം ഉപയോക്താക്കളുടെ ഡേറ്റകൾ വിദേശത്തേക്ക് കൈമാറ്റം ചെയ്യരുതെന്നും നിബന്ധനകളുണ്ട്. എന്നാല്‍ എയര്‍ടെല്‍ മനഃപൂര്‍വം ഇന്ത്യയ്ക്ക് പുറത്ത് നെറ്റ്‌വര്‍ക്ക് നോഡ് സ്ഥാപിച്ചെന്നാണ് ജിയോ ആരോപണം.