Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷവോമിയുടെ 13,999 രൂപ സ്മാർട് ടിവി 10,000ന് വിൽക്കും?

Xiaomi-Mi-TV-4A

ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന ചൈനീസ് കമ്പനിയായ ഷവോമി ടെലിവിഷൻ വിപണി പിടിക്കാൻ പുതിയ പദ്ധതിയുമായി രംഗത്ത്. സ്മാർട് ടെലിവിഷനുകൾ ഇന്ത്യയിൽ നിർമിച്ച് കുറ‍ഞ്ഞ വിലയ്ക്ക് വിൽക്കാനാണ് ഷവോമിയുടെ നീക്കം. കുറഞ്ഞ കാലത്തിനിടെ രാജ്യത്ത് വൻ ജനപ്രീതി നേടിയ ടിവി ബ്രാൻഡാണ് ഷവോമി.

ഇന്ത്യയിലെ സ്മാർട് ടിവി നിർമാണം ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. പാർട്സുകൾ ചൈനയിൽ നിന്നു ഇറക്കുമതി ചെയ്ത് നിർമിക്കാനാണ് പദ്ധതി. ഡിക്സൺ ടെക്നോളജീസുമായി ചേർന്നാണ് സ്മാർട് ടിവികൾ നിർമിക്കുക. പ്രതിമാസം 55,000 സ്മാർട് ടിവികൾ നിർമിച്ച് വിതരണം ചെയ്യാനാണ് ഷവോമിയുടെ പദ്ധതി. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലായിരിക്കും ടിവി നിർമാണ പ്ലാന്റ് സ്ഥാപിക്കുക. എംഐ ടിവി 4 ആയിരിക്കും തുടക്കത്തിൽ നിർമിക്കുക എന്നാണ് അറിയുന്നത്.

ഇന്ത്യയിൽ നിർമിക്കുന്നതോടെ ഇറക്കുമതി തീരുവ ഒഴിവാകും. ഇതിലൂടെ വിലകുറച്ച് സ്മാർട് ടിവികൾ വിൽക്കാനാകും. ഇതിലൂടെ മറ്റു ടെലിവിഷൻ വിതരണ കമ്പനികൾക്ക് ഷവോമി ടിവികൾ വൻ വെല്ലുവിളിയാകും. നിലവിൽ ഇന്ത്യയിലെ സ്മാർട് ടിവി വിപിണി ഷവോമി ഏറെകുറെ പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ ചൈനയിൽ നിന്ന് ടെലിവിഷൻ ഇറക്കുമതി ചെയ്യുന്നതിന് 20 ശതമാനം ഇറക്കുമതി തീരുവ നൽകണം. ഇതോടൊപ്പം രണ്ടര ശതമാനം അധിക നികുതിയും നൽകേണ്ടതുണ്ട്.

ലഭ്യമായ റിപ്പോർട്ടുകള്‍ പ്രകാരം നിലവിൽ 13,999 രൂപയ്ക്ക് വിൽക്കുന്ന 32 ഇഞ്ച് സ്മാർട് ടിവി 10,000 രൂപയിൽ താഴെ വിലയ്ക്ക് വിതരണം ചെയ്യുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ ഇന്ത്യയിലെ സ്മാർട് ടിവി വിപണി ഷവോമി പിടിച്ചടക്കുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

നേരത്തെ സ്മാർട് ഫോൺ നിർമാണത്തിനായി ഇന്ത്യയിൽ മൂന്നു ഫോണ്‍ നിര്‍മാണ പ്ലാന്റുകള്‍ കൂടി തുടങ്ങുമെന്ന് ഷവോമി അറിയിച്ചിരുന്നു. രാജ്യത്തു വില്‍ക്കുന്ന സ്മാര്‍ട് ഫോണുകളില്‍ 27 ശതമാനവും ഷവോമിയുടേതാണ്. രണ്ടാം സ്ഥാനത്തുള്ള സാംസങ് ഏകദേശം 25 ശതമാനം ഫോണുകള്‍ വില്‍ക്കുന്നു. 

ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ മാര്‍ക്കറ്റാണ് ഇന്ത്യ. ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. ഏറ്റവുമധികം വളര്‍ച്ച കാണിക്കുന്ന സ്മാര്‍ട് ഫോണ്‍ മാര്‍ക്കറ്റുകളിലൊന്നും ഇന്ത്യയാണ്. കൊടുക്കുന്ന കാശിനുള്ള മൂല്യം കിട്ടുന്നുവെന്ന തോന്നലാണ് ഷവോമിയെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കിയത്. 

ഇന്ത്യയിൽ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഷവോമി. പുതിയ മൂന്നു പ്ലാന്റുകള്‍ കൂടെ വരുമ്പോള്‍ അവര്‍ക്ക് ഇന്ത്യയില്‍ മൊത്തം ആറു സ്മാര്‍ട് ഫോണ്‍ നിര്‍മാണ പ്ലാന്റുകളായിരിക്കും. ഇതാകട്ടെ, ഇന്ത്യയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' മുദ്രാവാക്യത്തിന് ചേരുന്നതാണു താനും. കമ്പനിയുടെ ദീര്‍ഘകാല വീക്ഷണമാണ് ഇവിടെ കാണാവുന്നത്. കമ്പനി ആദ്യമായി ഇന്ത്യയില്‍ നടത്തിയ സപ്ലയര്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റിലാണ് പുതിയ പ്ലാന്റുകള്‍ തുടങ്ങുന്ന കാര്യം അറിയിച്ചത്. ഏകദേശം 15,000 കോടി രൂപയാണ് കമ്പനി ഇതിലൂടെ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്. ഇതിലൂടെ 50,000 പേര്‍ക്ക് ജോലി നല്‍കാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ആദ്യ സ്മാര്‍ട് ഫോണ്‍ പ്ലാന്റ് ഇന്ത്യയില്‍ തുടങ്ങിയത് 2015ല്‍ ആണ്.  

ആപ്പിളിന്റെ ഐഫോണ്‍ നിര്‍മാണ പങ്കാളിയായ ഫോക്‌സ്‌കോണിന്റെ സഹായത്തോടെയാണ് ആദ്യ പ്ലാന്റ് തുടങ്ങിയത്. ഷവോമി ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട് ഫോണുകളുടെ 95 ശതമാനവും ഇവിടെ തന്നെ നര്‍മിക്കുന്നതാണെന്നത് വിലയുടെ കാര്യത്തില്‍ ആരെയും തോല്‍പ്പിക്കാന്‍ അവരെ സഹായിക്കുന്നു. പുതിയ പ്ലാന്റുകളും ഫോക്‌സ്‌കോണിന്റെ സഹകരണത്തോടെയാണ് നിര്‍മിക്കുന്നത്.  

ഷവോമി-ഫോക്‌സ്‌കോണ്‍ ഫാക്ടറികളില്‍ ഇപ്പോള്‍ത്തന്നെ 10,000 പേരിലധികം ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 95 ശതമാനത്തിലേറെ സ്ത്രീകളാണ് എന്ന സവിശേഷതയുമുണ്ട്. മൊത്തം അസംബ്ലിങ്ങും സ്ത്രീകളാണ് ചെയ്യുന്നത്. പുതിയ പ്ലാന്റുകളുടെ പണി തീരുന്നതോടെ ഒരു സെക്കന്റില്‍ രണ്ടു ഫോണ്‍ എന്ന തോതില്‍ ഹാൻഡ്സെറ്റ് നിര്‍മ്മാണം നടത്താന്‍ തങ്ങള്‍ക്കാകുമെന്ന് കമ്പനി പറയുന്നു.